സ്റ്റോക്ക്‌ഹോം: 2023ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്‌കാരം (Nobel Prize in Medicine) കൊവിഡ് വാക്‌സിന്‍ ഗവേഷണത്തിൽ നിർണായക പങ്കുവഹിച്ച ശാസ്ത്രജ്ഞർക്ക്. കാറ്റലിൻ കാരികോ (ഹംഗറി), ഡ്രൂ വെയ്‌സ്‌മാൻ (യുഎസ്) എന്നിവരാണ് ഈ വര്‍ഷത്തെ പുരസ്‌കാരം പങ്കിട്ടത് (Nobel For Covid Vaccine Research- Katalin Karik And Drew Weissman Shared The Award). വാക്‌സിന്‍ നിര്‍മാണത്തില്‍ നിര്‍ണായകമായ എംആർഎൻഎയുമായി (mRNA) ബന്ധപ്പെട്ട പഠനമാണ് ഇവരെ പുരസ്‌കാരത്തിന് അർഹരാക്കിയത്. വൈദ്യശാസ്ത്ര നൊബേൽ നേടുന്ന മൂന്നാമത്തെ വനിതയാണ് കാറ്റലിൻ കാരികോ.
ഹംഗറിയിലെ സഗാന്‍ സര്‍വകലാശാലയില്‍ (Sagan's University, Hungary) പ്രൊഫസറാണ് കാറ്റലിന്‍. പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ (University of Pennsylvania) പ്രൊഫസറാണ് ഡ്രൂ വെയ്‌സ്‌മാൻ. ഇരുവരും ചേര്‍ന്ന് പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ നടത്തിയ പരീക്ഷണം ഫൈസർ, ഭാരത് ബയോടെക്, മോഡേണ വാക്‌സിനുകൾ വികസിപ്പിക്കുന്നതില്‍ നിര്‍ണായകമായി. എംആർഎൻഎയുമായി ബന്ധപ്പെട്ട ബേസ് മോഡിഫിക്കേഷനെപ്പറ്റിയായിരുന്നു ഇവരുടെ പഠനം.
കൊവിഡ് വാക്‌സിന്‍ നിർമാണ സമയത്ത് ഇവരുടെ പഠനം ഏറെ സഹായകമായതായും ഇത് കോടിക്കണക്കിനു പേരുടെ ജീവൻ രക്ഷിക്കുന്നതിലേക്ക് നയിച്ചതായും പുരസ്‌കാര നിർണയ സമിതി അഭിപ്രായപ്പെട്ടു. എംആർഎൻഎ എങ്ങനെ രോഗപ്രതിരോധ സംവിധാനവുമായി ചേർന്നു പ്രവർത്തിക്കുന്നു എന്നാണ് ഇവർ കണ്ടെത്തിയത്. കൊവിഡ് പ്രതിസന്ധിക്കിടെ അഭൂതപൂർവമായ വാക്‌സിൻ വികസിപ്പിച്ചതിൽ വലിയ സംഭാവന നൽകിയവരാണ് ഇവരെന്നും സമിതി സെക്രട്ടറി തോമസ് പേള്‍മാൻ (Thomas Perlmann) വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Also Read:കോവിഡിനെതിരെ മൂക്കിലൂടെ മരുന്നെത്തിക്കുന്ന ഇൻട്രാനാസൽ വാക്‌സിന് കേന്ദ്രാനുമതി ആവശ്യപെട്ട് നിര്‍മാതാക്കള്‍
"നമ്മുടെ രോഗപ്രതിരോധ സംവിധാനവുമായി എംആർഎൻഎ എങ്ങനെ ഇടപഴകുന്നു എന്നതിനെപ്പറ്റി ഉണ്ടായിരുന്ന മുൻധാരണകളെ മാറ്റിമറിച്ച അവരുടെ തകർപ്പൻ കണ്ടെത്തലിലൂടെ, ആധുനിക കാലത്തെ മനുഷ്യന്‍റെ ആരോഗ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നിനുള്ള അഭൂതപൂർവമായ വാക്‌സിന്‍ വികസിപ്പിക്കാൻ പുരസ്‌കാര ജേതാക്കൾ സംഭാവന നൽകി", തോമസ് പേള്‍മാൻ ചൂണ്ടിക്കാട്ടി.
2015ൽ പ്രസിദ്ധീകരിച്ച ഗവേഷണ പേപ്പറിൽ കാറ്റലിനും ഡ്രൂവും തങ്ങളുടെ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ കൊവിഡ് വാക്‌സിന്‍ ഗവേഷണ സമയത്താണ് ഇത് ശ്രദ്ധിക്കപ്പെട്ടത്. വാക്‌സിന്‍ നിർമാണ സമയത്ത് ഈ പഠനം ഏറെ സഹായകമായി. ഹെപ്പറ്റൈറ്റിസ്, മങ്കിപോക്‌സ് തുടങ്ങിയവക്കെതിരെയുള്ള വാക്‌സിന്‍ തയ്യാറാക്കാനും ഡ്രൂവിന്‍റെയും കാറ്റലിന്‍റെയും പഠനം സഹായകമായി.
മറ്റ് വിഭാഗങ്ങളിലുള്ള നോബൽ സമ്മാനങ്ങളും വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. ചൊവ്വാഴ്‌ച ഭൗതികശാസ്ത്രത്തിനും ബുധനാഴ്‌ച രസതന്ത്രത്തിനും വ്യാഴാഴ്‌ച സാഹിത്യത്തിനുമുള്ള പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിക്കും. സമാധാനത്തിനുള്ള നൊബേൽ വെള്ളിയാഴ്‌ചയും സാമ്പത്തിക ശാസ്ത്രത്തിനുള്ള അവാർഡ് ഒക്ടോബർ ഒമ്പതിനും പ്രഖ്യാപിക്കും. തുടർന്ന് ഡിസംബര്‍ 10-ന് ആല്‍ഫ്രഡ് നൊബേലിന്‍റെ ചരമവാര്‍ഷിക ദിനത്തില്‍ സ്റ്റോക്‌ഹോമില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. സ്വർണ മെഡലും 10 ലക്ഷം ഡോളറും(8.24 കോടി രൂപ) ആണ് നൊബേൽ പുരസ്‌കാര ജേതാക്കൾക്ക് സമ്മാനമായി ലഭിക്കുക.
Also Read:തടി കുറഞ്ഞവരേക്കാള്‍ കൊവിഡ് വാക്‌സിന്‍ ഫലപ്രദം തടികൂടിയവരില്‍ എന്ന് പഠനം