ന്യൂഡൽഹി:രാജ്യത്ത് 15-24 വയസ് പ്രായമുള്ള സ്ത്രീകളിൽ 50 ശതമാനം പേരും ഇപ്പോഴും ആർത്തവ സംരക്ഷണത്തിനായി തുണി ഉപയോഗിക്കുന്നതായി ദേശീയ കുടുംബാരോഗ്യ സർവേയുടെ (NFHS) റിപ്പോർട്ട്. ആർത്തവത്തെ സംബന്ധിച്ച ശരിയായ അവബോധമില്ലായ്മയും കാലാകാലങ്ങളായി നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളും വിലക്കുകളുമാണ് ഇതിന് പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വൃത്തിഹീനമായതും നേരത്തേ ഉപയോഗിച്ചതുമായ തുണി വീണ്ടും ഉപയോഗിക്കുന്നത് അണുബാധയുണ്ടാകുന്നതിന് കാരണമാകുമെന്നും വിദഗ്ധർ പറയുന്നു.
സർവേഫലം ഇങ്ങനെ:ദേശീയ കുടുംബാരോഗ്യ സർവേയുടെ അഞ്ചാമത് റിപ്പോർട്ട് പ്രകാരം, 64 ശതമാനം സ്ത്രീകൾ ആർത്തവസമയത്ത് സാനിറ്ററി നാപ്കിനുകൾ ഉപയോഗിക്കുന്നതായും, 50 ശതമാനം പേർ തുണി ഉപയോഗിക്കുന്നതായും 15 ശതമാനം പേർ പ്രാദേശികമായി നിർമിച്ച നാപ്കിനുകൾ ഉപയോഗിക്കുന്നതായും കണ്ടെത്തി. മൊത്തത്തിൽ, ഈ പ്രായക്കാരിൽ 78 ശതമാനം പേരും ആർത്തവ സംരക്ഷണത്തന് ശുചിയായ രീതിയാണ് തെരഞ്ഞെക്കുന്നത്. സാനിറ്ററി നാപ്കിനുകൾ, പ്രാദേശികമായി നിർമിച്ച നാപ്കിനുകൾ, ടാംപണുകൾ, ആർത്തവ കപ്പുകൾ എന്നിവയാണ് ആർത്തവ ശുചിത്വ സംരക്ഷണ മാർഗങ്ങളായി കണക്കാക്കപ്പെടുന്നത്.
സ്കൂൾ വിദ്യാഭ്യാസമില്ലാത്ത സ്ത്രീകളെ (44%) അപേക്ഷിച്ച്, പ്ലസ് ടുവോ അതിൽ കൂടുതലോ വിദ്യാഭ്യാസമുള്ള സ്ത്രീകളിൽ (90%) ആർത്തവ ശുചിത്വ സംരക്ഷണ മാർഗങ്ങൾ ഉപയോഗിക്കുന്നത് ഇരട്ടിയിലധികം പേരാണെന്ന് സർവേഫലം വ്യക്തമാക്കുന്നു. സാമ്പത്തികമായി മുന്നാക്കം നിൽക്കുന്ന സ്ത്രീകളിൽ 95 ശതമാനം പേരും ശുചിത്വ രീതി ഉപയോഗിക്കുമ്പോൾ, പിന്നാക്കം നിൽക്കുന്നവരിൽ 54 ശതമാനം പേർ മാത്രമാണ് ആർത്തവ ശുചിത്വ സംരക്ഷണ മാർഗങ്ങൾ സ്വീകരിക്കുന്നത്.
കൂടാതെ നഗരങ്ങളിലെ 90 ശതമാനം സ്ത്രീകളും ഗ്രാമങ്ങളിലെ 73 ശതമാനം സ്ത്രീകളും ശുചിത്വ സംരക്ഷണ മാർഗങ്ങൾ ഉപയോഗിക്കുന്നവരാണ്. ശുചിത്വ രീതികൾ തെരഞ്ഞെടുത്തവരിൽ ഏറ്റവും കുറവ് റിപ്പോർട്ട് ചെയ്തത് ബീഹാർ (59%), മധ്യപ്രദേശ് (61%), മേഘാലയ (65%) എന്നിവിടങ്ങളിലാണ്.
ALSO READ: രാജ്യത്ത് അമിതവണ്ണം വർധിക്കുന്നു; കേരളത്തിൽ പുരുഷന്മാരേക്കാൾ സ്ത്രീകളിൽ പൊണ്ണത്തടി
2019-21 വർഷങ്ങളിൽ രാജ്യത്തെ 28 സംസ്ഥാനങ്ങളിലെ 707 ജില്ലകളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 6.37 ലക്ഷം കുടുംബങ്ങളിലാണ് സർവേ നടത്തിയത്. അതിൽ 7,24,115 സ്ത്രീകളും 1,01,839 പുരുഷന്മാരും ഉൾപ്പെടുന്നു. സാമൂഹിക-സാമ്പത്തിക പശ്ചാത്തലങ്ങൾ ഉൾപ്പെടയുള്ള ഘടകങ്ങളെ കൂടി അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ റിപ്പോർട്ട്.
ആർത്തവവും വിദ്യാഭ്യാസവും: വിദ്യാഭ്യാസം, സാമ്പത്തികം എന്നീ ഘടകങ്ങൾക്ക് ആർത്തവ ശുചിത്വ സംരക്ഷണ രീതികളുമായുള്ള ബന്ധം സൂചിപ്പിക്കുന്നതാണ് പുതിയ സർവേ ഫലമെന്ന് പോപ്പുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ പൂനം മുത്രേജ പറഞ്ഞു. നഗരമേഖലകളിലെ സ്ത്രീകളുമായി (31.5%) താരതമ്യം ചെയ്യുമ്പോൾ, ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകളിൽ (57.2%) ആർത്തവ സംരക്ഷണത്തിന് തുണി ഉപയോഗിക്കുന്നത് കൂടുതലാണെന്ന് കണ്ടെത്തി. കൂടാതെ സാമ്പത്തികമായി മുന്നാക്കം നിൽക്കുന്ന സ്ത്രീകളേക്കാൾ പിന്നാക്കം നിൽക്കുന്നവരിൽ തുണിയുടെ ഉപയോഗം 3.3 മടങ്ങ് കൂടുതലാണെന്ന് കണ്ടെത്തിയതായും അവർ കൂട്ടിച്ചേർത്തു.