തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധനയെ തുടര്‍ന്ന് ചികിത്സ ക്രമീകരണങ്ങള്‍ പരിശോധിക്കാന്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മോക്ക് ഡ്രില്‍ സംഘടിപ്പിക്കും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണ് മോക്ക് ഡ്രില്‍ നടത്തുന്നത്. സംസ്ഥാനത്തെ കൊവിഡ് ചികിത്സ ക്രമീകരണങ്ങളും വലിയ രീതിയില്‍ വ്യാപനമുണ്ടായാല്‍ അതില്‍ നടപടി സ്വീകരിക്കാനുള്ള ആരോഗ്യ സംവിധാനത്തിന്‍റെ ശേഷിയും ഉറപ്പാക്കാനാണ് മോക്ക് ഡ്രില്‍ നടത്തുന്നത്.
കൊവിഡ് കേസുകള്‍ വര്‍ധിച്ച എട്ട് സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രം പ്രത്യേക നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്നും നാളെയുമായി സംസ്ഥാനത്തെ കൊവിഡ് സാഹചര്യത്തില്‍ കൃത്യമായ വിലയിരുത്തല്‍ ആരോഗ്യ വകുപ്പ് നടത്തണം. ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്താനാണ് നിര്‍ദേശം. രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സംസ്ഥാനങ്ങള്‍ ഹോട്ട്‌സ്‌പോട്ട് അടക്കം കണ്ടെത്തി പ്രതിരോധ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ആക്‌ടീവ് കേസുകള്‍ പതിനായിരത്തിനടുത്ത്:രാജ്യത്ത് ഏറ്റവും കൂടുതല്‍ ആക്‌ടീവ് കേസുകള്‍ കേരളത്തിലാണുള്ളത്. 9422 ആക്‌ടീവ് കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. പ്രതിദിന കൊവിഡ് കേസുകള്‍ കൂടുതലും കേരളത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിന് ഇടയില്‍ 1936 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ അഞ്ച് ദിവസമായി ആയിരത്തിന് മുകളിലാണ് സംസ്ഥാനത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കൊവിഡ് കേസുകള്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്യുന്നത്. മറ്റ് ജില്ലകളിലും വ്യാപനം വര്‍ധിക്കുന്നുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വലിയ രീതിയില്‍ വര്‍ധിക്കുന്നുണ്ട്.
രോഗമുക്തി നിരക്ക് കേരളത്തില്‍ കൂടുതലാണ് എന്നതാണ് ആശ്വാസം നല്‍കുന്ന ഒരു ഘടകം. കഴിഞ്ഞ 24 മണിക്കൂറിനിടെ 1193 പേര്‍ കൊവിഡ് മുക്തി നേടി. 98.82 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. കേരളം കഴിഞ്ഞാല്‍ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. മഹാരാഷ്‌ട്രയിൽ 3987 ആക്‌ടീവ് കേസുകളാണ് നിലവിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 803 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കര്‍ണ്ണാടക, തമിഴ്‌നാട്, ഡല്‍ഹി, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ആക്‌ടീവ് കേസുകള്‍ ആയിരത്തിന് മുകളിലുള്ളത്. ഈ സംസ്ഥാനങ്ങള്‍ക്കും മോക്ക് ഡ്രില്‍ അടക്കം നടത്തി ആരോഗ്യ സംവിധാനം ശക്തമാക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാക്‌സിനേഷനില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും കരുതല്‍ ഡോസ് വാക്‌സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശമുണ്ട്.
സംസ്ഥാനത്ത് ഇപ്പോള്‍ പകരുന്നത് ഒമിക്രോണ്‍ വകഭേദമാണെന്നാണ് നിലവിലെ വിലയിരുത്തല്‍. അതിതീവ്രവ്യാപന ശേഷിയാണ് ഒമിക്രോണ്‍ വകഭേദത്തിന്‍റെ പ്രത്യേകത. എന്നാല്‍ ഗുരുതരാവസ്ഥയുണ്ടാക്കില്ല എന്നത് ആശ്വാസമാണ്. ഭൂരിഭാഗം പേര്‍ക്കും ചെറിയ ലക്ഷണങ്ങളോടെ കൊവിഡ് വന്ന് പോകുകയാണ് നിലവില്‍ സംഭവിക്കുന്നത്. എന്നാല്‍ മറ്റ് രോഗങ്ങളുള്ളവര്‍ക്കും ഗര്‍ഭിണികൾക്കും പ്രായമുള്ളവര്‍ക്കും ഒമിക്രോണ്‍ അപകടകാരിയാകാം. അതിനാലാണ് ഇവര്‍ക്ക് പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പനിബാധിതരുടെ എണ്ണവും ഉയര്‍ന്ന് തന്നെ: സംസ്ഥാനത്ത് പകർച്ച പനി ബാധിച്ചവരുടെ എണ്ണത്തിലും വലിയ വര്‍ധനയാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പനി ബാധിച്ച് വിവിധ ആശുപത്രികളുടെ ഒപിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം പതിനായിരത്തിന് അടുത്താണ്.
ഇത് കൂടാതെ ഇന്‍ഫ്ലുവന്‍സ പോലുള്ള രോഗങ്ങളും സംസ്ഥാനത്ത് പടരുന്നുണ്ട്. അതിനൊപ്പമാണ് കൊവിഡ് കേസുകള്‍ കൂടി വര്‍ധിക്കുന്നത്. രോഗലക്ഷണങ്ങള്‍ നോക്കിയാണ് ഇപ്പോള്‍ ചികിത്സയ്ക്ക് എത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ദേശിക്കുന്നത്. ഇതില്‍ മാറ്റം വരുത്തുന്നത് ആരോഗ്യ വകുപ്പ് പരിശോധിക്കുന്നുണ്ട്.
ഇന്നും നാളെയുമായി ജില്ല ഭരണകൂടവുമായി ബന്ധപ്പെട്ട് കൊവിഡ് സ്ഥിതിയും പ്രതിരോധ പ്രവര്‍ത്തനങ്ങളും വിലയിരുത്തുകയാണ് ആരോഗ്യ വകുപ്പിന്‍റെ ഉന്നതതല സംഘം. അതിന് ശേഷമാകും പരിശോധന രീതിയിലടക്കം മാറ്റം വേണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.
കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ച് തുടങ്ങിയപ്പോള്‍ തന്നെ ആശുപത്രികള്‍ക്ക് ചികിത്സ സംബന്ധിച്ച് ആരോഗ്യ വകുപ്പ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ കൊവിഡ് രോഗികളെ ചികിത്സിക്കാനായി പ്രത്യേകമായി കിടക്കകള്‍ സജ്ജമാക്കണം. ചികിത്സയില്‍ കഴിയുന്ന രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ ചികിത്സ നിഷേധിക്കാതെ അതേ ആശുപത്രിയില്‍ തന്നെ ചികിത്സ ഉറപ്പ് വരുത്തണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച ജാഗ്രത നിര്‍ദേശങ്ങള്‍
- പ്രമേഹം, രക്താതിമര്‍ദ്ദം, കാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗം, ശ്വാസകോശ രോഗം തുടങ്ങി മറ്റ് അസുഖങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍ എന്നിവര്‍ പൊതുസ്ഥലങ്ങളിലും, ആശുപത്രികളിലും നിര്‍ബന്ധമായും മാസ്‌ക് ധരിക്കേണ്ടതാണ്.
- 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍, പ്രമേഹം, രക്താതിമര്‍ദ്ദം, കാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങി മറ്റു അസുഖമുള്ളവര്‍ എന്നിവര്‍ക്ക് കൊവിഡ് ഇന്‍ഫ്ലുവന്‍സ രോഗലക്ഷണമുണ്ടെങ്കില്‍ നിര്‍ബന്ധമായും ആര്‍ടിപിസിആര്‍ പരിശോധന നടത്തുകയും മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ചികിത്സ ലഭ്യമാക്കുകയും വേണം.
- ആശുപത്രിയില്‍ എത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം.
- ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ബന്ധമായും ആശുപത്രിക്കുള്ളില്‍ മാസ്‌ക് ധരിക്കേണ്ടതാണ്. ഇത് എല്ലാ ജില്ല മെഡിക്കല്‍ ഓഫിസര്‍മാരും ഉറപ്പുവരുത്തേണ്ടതാണ്.
- ഇന്‍ഫ്ലുവന്‍സ രോഗലക്ഷണങ്ങളുള്ള ഗര്‍ഭിണികളെ കണ്ടെത്തുവാന്‍ ആശാ പ്രവര്‍ത്തകര്‍, ഫീല്‍ഡ് ജീവനക്കാര്‍ മുഖേന പ്രവര്‍ത്തനം ശക്തിപ്പെടുത്തേണ്ടതാണ്. ഗര്‍ഭിണികള്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കൊവിഡ് പരിശോധന നടത്തേണ്ടതാണ്.
- കൊവിഡ് വാക്‌സിന്‍ രണ്ട് ഡോസും മുന്‍കരുതല്‍ ഡോസും എടുക്കുന്നതിന്‍റെ ആവശ്യകതയെപ്പറ്റി അവബോധം നടത്തണം.
- പ്രമേഹം, രക്തസമ്മര്‍ദം മുതലായ ജീവിതശൈലി രോഗങ്ങളുള്ളവരും മറ്റ് ഗുരുതര രോഗങ്ങളുള്ളവരും 60 വയസിന് മുകളില്‍ പ്രായമുള്ളവരും, ഗര്‍ഭിണികളും, കുട്ടികളും, അമിത വണ്ണമുള്ളവരും കൊവിഡ് രോഗം വരാതിരിക്കുന്നതിനുള്ള പ്രത്യേകമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ഇവര്‍ക്ക് കൊവിഡ് രോഗലക്ഷണമുണ്ടെങ്കില്‍ അടിയന്തര ചികിത്സ തേടേണ്ടതാണ്. വീട്ടിലുള്ള കിടപ്പ് രോഗികള്‍ക്കും സാന്ത്വന പരിചരണത്തിലുള്ള രോഗികള്‍ക്കും കൊവിഡ് വരാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
- കൊവിഡ് ബാധിച്ച് ചികിത്സ ആവശ്യമുള്ള ഒരു രോഗിക്കും ചികിത്സ ലഭ്യമാകാത്ത സാഹചര്യം ഉണ്ടാകരുത്. കിടത്തി ചികിത്സ ആവശ്യമുള്ള കൊവിഡ് രോഗികള്‍ക്കായി എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും നിശ്ചിത എണ്ണം ബെഡുകള്‍ പ്രത്യേകമായി മാറ്റിവച്ച് ചികിത്സ ലഭ്യമാക്കേണ്ടതുമാണ്.
- ഏതെങ്കിലും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ അതേ ആശുപത്രിയില്‍ തന്നെ കൊവിഡ് രോഗികള്‍ക്കായി പ്രത്യേകമായി മാറ്റിവച്ചയിടത്ത് തുടര്‍ ചികിത്സ ഉറപ്പാക്കേണ്ടതാണ്.
- മേല്‍പ്പറഞ്ഞ പ്രകാരമുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍/ സ്വകാര്യ ആശുപത്രികളില്‍ ഒരുക്കുന്നുണ്ടെന്നും രോഗികള്‍ക്ക് ചികിത്സ ലഭ്യമാകുന്നുണ്ടെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍മാര്‍ ഉറപ്പ് വരുത്തണം.