നവംബർ ഏഴ് ദേശീയ കാൻസർ അവബോധ ദിനം. ജനങ്ങൾക്കിടയിൽ കാൻസർ എന്ന മാരകമായ രോഗത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായാണ് എല്ലാ വർഷവും ഈ ദിനം ആചരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്ത് നടക്കുന്ന മരണങ്ങളുടെ ആദ്യത്തെ പ്രധാന കാരണം ഹൃദയ സംബന്ധമായ രോഗങ്ങളും രണ്ടാമത്തെ കാരണം കാൻസറുമായാണ് കണക്കാക്കപ്പെടുന്നത്.
2018ൽ ഇന്ത്യയിൽ 1.5 ദശലക്ഷം ആളുകൾ കാൻസർ ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്. 2014 സെപ്‌റ്റംബറിലാണ് ആദ്യമായി ദേശീയ കാൻസർ അവബോധ ദിനം പ്രഖ്യാപിച്ചത്. പ്രാരംഭ ഘട്ടത്തിൽ തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ ചിലതരം കാൻസറുകൾ ഭേദമാക്കാവുന്നതാണ്. ശരീരത്തിന്‍റെ ഏത് അവയവത്തെ ബാധിക്കുന്നു എന്നതിന് അനുസൃതമായി രോഗ ലക്ഷണങ്ങളും വ്യത്യസ്‌തമായിരിക്കും.
സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങൾ
- ശരീരത്തിന്‍റെ ഏതെങ്കിലും ഭാഗത്ത് വ്യക്തമായ കാരണമില്ലാതെ സ്ഥിരമായി അനുഭവപ്പെടുന്ന വേദന
- ശരീരഭാരം പെട്ടെന്ന് കുറയുന്നു
- ശരീരത്തിന് എപ്പോഴും ക്ഷീണം അനുഭവപ്പെടുക
- പതിവായി ഉണ്ടാകുന്ന പനി
- ചർമ്മത്തിന്‍റെ നിറത്തിലോ ഘടനയിലോ മാറ്റങ്ങൾ
- വേദനയോട് കൂടിയോ അല്ലാതെയോ ശരീരത്തിന്‍റെ ഏതെങ്കിലും ഭാഗത്ത് ഒരു മുഴ
- ശരീരത്തിന്‍റെ ഏതെങ്കിലും ഭാഗത്ത് നിന്ന് അസാധാരണമായ ഡിസ്‌ചാർജ് അല്ലെങ്കിൽ രക്തസ്രാവം
- ഭേദമാകാത്ത രീതീയിൽ ചർമ്മത്തിലോ മുഖത്തോ ഉള്ള മുറിവുകൾ
ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്ന് ആരോഗ്യ മേഖലയിലുള്ളവർ ശുപാർശ ചെയ്യുന്നു. അതേസമയം ഈ ലക്ഷണങ്ങൾ എല്ലാം കാൻസറിന്‍റേത് തന്നെ ആകണമെന്ന് നിർബന്ധവുമില്ല. ദീർഘകാലമായി പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുകയോ അല്ലെങ്കിൽ കുടുംബത്തിൽ മറ്റാർക്കെങ്കിലും മുൻപ് കാൻസർ പിടിപെടുകയോ ചെയ്‌തിട്ടുള്ള വ്യക്തികളിൽ കാൻസർ വരാനുള്ള സാധ്യത കൂടുതലാണ്.
പുകയില കാൻസറിന് കാരണമാകുന്നു: കാൻസറിന്‍റെ പ്രധാന കാരണങ്ങളിലൊന്നായി പുകയിലയെ കണക്കാക്കുന്നു. ഇത് ശ്വാസകോശം, വായ, ഗർഭാശയ അർബുദം എന്നിവയുൾപ്പെടെ നിരവധി കാൻസറുകളുടെ സാധ്യത വർധിപ്പിക്കുന്നു. പുകയില അധികമായി ഉപയോഗിക്കുന്നവർ നല്ലൊരു കൗൺസിലറുടെ ഉപദേശം തേടുന്നത് കാൻസറില്‍ നിന്നും രക്ഷപ്പെടാൻ സാഹായിക്കും.