സ്‌ത്രീ ശരീരത്തിലെ അവിഭാജ്യഘടകങ്ങളിൽ ഒന്നാണ് ആർത്തവം. ഈ സത്യം സമൂഹത്തിൽ എല്ലാവരും ഉൾകൊള്ളുന്നുണ്ടെങ്കിലും ഇപ്പോഴും ആർത്തവത്തെ കുറിച്ച് തുറന്നു സംസാരിക്കാൻ സ്‌ത്രീകൾ തന്നെ മടിക്കുന്നു. പണ്ടുകാലം മുതൽ പിന്തുടർന്ന് പോരുന്ന ആർത്തവത്തെ ചുറ്റിപറ്റിയുള്ള ചില കെട്ടുകഥകൾ ഇതിന് വലിയൊരു കാരണമാണ്.
ആർത്തവ സമയത്ത് സ്‌ത്രീകൾ അശുദ്ധരാണെന്നും ഈ സമയങ്ങളിൽ സ്‌ത്രീകൾ അടുക്കള, ക്ഷേത്രം, ആരാധന, വ്യായാമം, കട്ടിലിൽ ഉറങ്ങൽ ഉൾപ്പടെ ചില ഭക്ഷണങ്ങൾ കഴിക്കുന്നതിന് വരെ നിയന്ത്രണങ്ങൾ നേരിട്ടിരുന്നു. ആരോഗ്യ പ്രവർത്തകരുടെ അഭിപ്രായങ്ങളിൽ നിന്നും നിർദേശങ്ങളിൽ നിന്നും ഏറെ വ്യത്യസ്‌തമായ ഇത്തരം മിഥ്യാധാരണകൾ സമൂഹത്തിൽ നിന്നും നീക്കം ചെയ്യപ്പെടേണ്ടതുണ്ട്. ആർത്തവത്തെ കുറിച്ചുള്ള സമൂഹത്തിന്‍റെ തെറ്റായ ധാരണകൾ മാറ്റുന്നതും ഈ അവസ്ഥയെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുകയും ചെയ്യുന്നത് സ്‌ത്രീകൾ നേരിടുന്ന മാനസിക ശാരീരിക ബുദ്ധിമുട്ടുകൾ ഒരു പരിധിവരെ കുറക്കാൻ സഹായിക്കും.
ആർത്തവം എന്നാൽ എന്ത്: എല്ലാ മാസവും സ്‌ത്രീശരീരത്തിലെ ഹോർമോണുകൾ കാരണം ഗർഭപാത്രത്തിൽ ഒരു പാളി(endometrial layer) രൂപം കൊള്ളുന്നു. സ്‌ത്രീ ഗർഭം ധരിക്കാത്തിടത്തോളം ഈ പാളി എല്ലാ മാസവും ആർത്തവ സമയത്ത് തകരുകയും രക്തസ്രാവത്തിന്‍റെ രൂപത്തിൽ ശരീരത്തിൽ നിന്ന് പുറത്തുവരികയും ചെയ്യുന്നു. ഇത്തരം സന്ദർഭങ്ങളിൽ സ്‌ത്രീകൾക്ക് ശക്തമായ വയറുവേദന ഉൾപ്പടെ നിരവധി ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകും.
ഈ അവസ്ഥയാണ് അശുദ്ധി എന്ന വ്യാജേന സ്‌ത്രീകൾ നിയന്ത്രണങ്ങൾ നേരിടാൻ കാരണമാകുന്നതെന്ന് ന്യൂഡൽഹിയിൽ നിന്നുള്ള ഗൈനക്കോളജിസ്റ്റായ ഡോ. അഞ്‌ജന സിങ് അഭിപ്രായപ്പെട്ടു.
ആർത്തവ സമയത്തെ ശാരീരിക ബുദ്ധിമുട്ടുകൾ കുറക്കാൻ..
- ആർത്തവ സമയത്ത് സ്‌ത്രീകൾക്ക് വ്യായാമം ചെയ്യാവുന്നതാണ്. ഇത് ആർത്തവ വേദനയിൽ നിന്ന് ആശ്വാസം നൽകും. പേശികളുടെ പ്രവർത്തനം സജീവമാക്കുകയും മാനസിക ആരോഗ്യം മെച്ചപ്പെടുത്താനും വ്യായാമം നല്ലതാണ്.
- ആർത്തവ സമയത്ത് ചൂടുവെള്ളത്തിൽ കുളിക്കുന്നത് ശരീരത്തിലെ അസ്വസ്ഥതകളിൽ നിന്നും വേദനകളിൽ നിന്നും വളരെയധികം ആശ്വാസം നൽകും.
- ഭക്ഷണകാര്യത്തിൽ സ്‌ത്രീകൾ കഴിവതും ലളിതമായ ആഹാരം കഴിക്കാൻ ശ്രമിക്കണം. വളരെ തണുത്ത വെള്ളവും മറ്റ് ശീതളപാനീയങ്ങളും ഒഴിവാക്കുന്നത് ഉചിതമാകും. അല്ലാത്ത പക്ഷം തണുത്ത ഭക്ഷണം ദഹനത്തെ മന്ദഗതിയിൽ ആക്കുകയും ശക്തമായ വയറുവേദനയ്‌ക്ക് കാരണമാകുകയും ചെയ്യും.
- ആർത്തവസമയത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പാടില്ല എന്നത് തീർത്തും തെറ്റായ ധാരണയാണ്. ഇതിൽ ശാരീരികമായ ദോഷങ്ങളില്ല. മറിച്ച് ശാരീരിക ബന്ധങ്ങളിൽ ഏർപ്പെടുന്നത് സ്‌ത്രീകൾക്ക് വയറുവേദനയിൽ നിന്ന് ആശ്വാസം നൽകുന്നു.
ആർത്തവം സ്‌ത്രീകളുടെ ജീവിതത്തിൽ അനിവാര്യവും പൊതുവായതുമായ ഒരു പ്രക്രിയയാണ്. അതിനാൽ ആ സമയത്ത് സ്‌ത്രീകളോട് വിവേചനം കാണിക്കുകയോ അവരെ നിയന്ത്രിക്കുകയോ ചെയ്യുന്നത് തെറ്റായ കാര്യമാണ്. മറിച്ച് സ്‌ത്രീകൾക്ക് കൂടുതൽ കരുതലും ആശ്വാസവുമാണ് ഈ സമയത്ത് നൽകേണ്ടതെന്ന് ഡോ. അഞ്‌ജന സിങ് പറഞ്ഞു.
also read:64% സ്ത്രീകള്‍ ആർത്തവത്തിന് മുൻപുള്ള മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുവെന്ന് പഠനം