വിനോദ യാത്രകളും രാത്രികാല യാത്രകളുമെല്ലാമായി ജീവിതം ആനന്ദകരമാക്കാന്‍ ശ്രമിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. ഇതില്‍ തന്നെ യാത്രകള്‍ വലുതോ ചെറുതോ എന്ന വ്യത്യാസമില്ലാതെ സ്വന്തം വാഹനത്തില്‍ സഞ്ചരിക്കാനാവും ഏറിയ പങ്കിനും ഇഷ്‌ടം. പ്രിയപ്പെട്ടവരോടൊപ്പമുള്ള നിമിഷങ്ങള്‍ ആസ്വദിക്കുക, വ്യക്തിപരമായ സൗകര്യം, വ്യക്തിപരമായ സമയക്രമം പാലിച്ചുകൊണ്ടുള്ള സഞ്ചാരം എന്നിവയെല്ലാം പരിഗണിച്ചാവും ഏറെക്കുറെ എല്ലാവരും യാത്രകള്‍ സ്വന്തം വാഹനങ്ങളിലേക്ക് (പ്രധാനമായും കാര്‍) മാറ്റാറുള്ളത്.
പ്രത്യേക അവസരങ്ങളും ഉത്സവങ്ങളുടെ സമയവുമെടുത്താല്‍ യാത്രകളുടെ എണ്ണത്തിലും വര്‍ധനവുണ്ടാകുമെന്നതില്‍ സംശയമില്ല. ഈ സമയങ്ങളില്‍ എല്ലാവരും ശ്രദ്ധ ചെലുത്തുക തങ്ങളുടെ വാഹനം യാത്രയ്‌ക്ക് അനുയോജ്യമാണോ എന്നും വാഹനം നല്ല കണ്ടീഷനിലാണോ എന്നെല്ലാമാകും. എന്നാല്‍ യാത്രയുടെ ആലോചനകള്‍ക്ക് മുന്നേ ചിന്തിക്കേണ്ട ഒന്നാണ് വാഹനത്തിന് ശരിയായ ഇന്‍ഷുറന്‍സാണോ ലഭ്യമാക്കിയിരിക്കുന്നത് എന്നത്.
സുരക്ഷയിലാണ് 'കാര്യം': പ്രിയപ്പെട്ടവരെ കൂടെക്കൂട്ടി ഇഷ്‌ടസ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ മധുരമുള്ള ഓര്‍മകള്‍ സമ്മാനിക്കുന്നതാണെങ്കില്‍ ആ യാത്രയില്‍ പ്രിയരുടെ സുരക്ഷയും അത്രതന്നെ പ്രധാനമാണ്. യന്ത്രഭാഗങ്ങളുപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് വാഹനത്തില്‍ നടക്കുന്നത് എന്നുള്ളതുകൊണ്ടുതന്നെ തടസ്സങ്ങള്‍ക്കും അപകടങ്ങള്‍ക്കുമുള്ള സാധ്യതയും മുന്നില്‍ കാണേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഏറെ പ്രധാനമാണ് വാഹനത്തില്‍ സഞ്ചരിക്കുന്നവരുടെ ജീവനുമേലുള്ള സാമ്പത്തിക സുരക്ഷ.
നിര്‍ഭാഗ്യവശാല്‍ ഒരു അപകടം സംഭവിക്കുകയാണെങ്കില്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളെ കൂടി പരിഗണിച്ച് വേണം വാഹനത്തിനായി ഒരു ഇന്‍ഷുറന്‍സ് പാക്കേജ് തെരഞ്ഞെടുക്കേണ്ടത്. ഇതില്‍ തന്നെ വാഹനത്തിന് ഒരു സമഗ്ര ഇന്‍ഷുറന്‍സ് പോളിസിയും അതിനൊപ്പം അനുബന്ധ പോളിസികളും (ആഡ് ഓണ്‍) തെരഞ്ഞെടുക്കുന്നത് നല്ലതാണ്.
ഇങ്ങനെയും ചില 'പോളിസി'കളുണ്ട്: സമഗ്ര ഇന്‍ഷുറന്‍സ് പോളിസിക്കൊപ്പം അനുബന്ധ പോളിസി കൂടി ഉറപ്പാക്കുന്നത് വഴി അപ്രതീക്ഷിത അപകടങ്ങളെയും ബ്രേക്ക് ഡൗണുകള്‍ പോലുള്ള തകരാറുകളും സാമ്പത്തിക ബുദ്ധിമുട്ടില്ലാതെ തന്നെ മറികടക്കാനാകും. റോഡില്‍ ഉണ്ടായേക്കാവുന്ന തകരാറുകളെ എളുപ്പത്തില്‍ പരിഹരിക്കുന്നതിനായി റിപ്പയര്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതില്‍ നിലവില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ മത്സരിക്കുകയാണ്. ഇത് മനസിലാക്കി യുക്തിപൂര്‍വം പ്രവര്‍ത്തിക്കുകയാണ് വാഹന ഉടമകള്‍ ചെയ്യേണ്ടത്.
'തല'പോയാല്‍ പറഞ്ഞിട്ട് കാര്യമില്ല: വാഹനത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ഭാഗമെന്നത് അതിന്‍റെ എഞ്ചിനാണ്. ഇന്‍ഷുറന്‍സ് പോളിസികളില്‍ എഞ്ചിന്‍ സുരക്ഷ കവറേജ് എന്ന അനുബന്ധ പോളിസി ഉള്‍പ്പെടുത്തുന്നത് വഴി എഞ്ചിന്‍ തകരാറിനെയും ബ്രേക്ക് ഡൗണിനെയും സാമ്പത്തിക ബുദ്ധിമുട്ടില്ലാതെ കടന്നുപോകാനാവും. ഈ സുരക്ഷ ഒരു യാത്രക്ക് മാത്രമല്ല മറിച്ച് ഒരു വര്‍ഷം മുഴുവനായും ലഭ്യമാകും എന്നതുകൊണ്ടുതന്നെ വാഹന ഉടമയ്‌ക്ക് ഏറെ സഹായകരമാണ്. മാത്രമല്ല ഈ അനുബന്ധ പോളിസി മുഖേന എഞ്ചിന്‍ റിപ്പയര്‍ കൂടാതെ ആവശ്യമെങ്കില്‍ എഞ്ചിന്‍ മാറ്റി സ്ഥാപിക്കല്‍ വരെ സുഗമമാകും.
'ടയര്‍' ചില്ലറക്കാരനല്ല:വാഹനത്തില്‍ റോഡുമായി ഏറെ ബന്ധപ്പെട്ടുെകാണ്ടുള്ള ഭാഗമാണ് 'ടയര്‍'. ടയറിലുണ്ടാകുന്ന തകരാറും എന്തിനേറെ കാറ്റിന്‍റെ അളവ് കുറയുന്നതോ കൂടുന്നതോ പോലും വലിയ അപകടത്തിലേക്ക് വഴിവച്ചേക്കം. ഈ പ്രശ്‌നത്തെ ഇന്‍ഷുറന്‍സ് കമ്പനി മുന്നോട്ടുവെക്കുന്ന ടയര്‍ സുരക്ഷ കവറേജുമായി വളരെ എളുപ്പത്തില്‍ മറികടക്കാം. ദീര്‍ഘദൂര യാത്രകളില്‍ വിശ്രമമില്ലാതെ ഓടുന്ന ടയറില്‍ അത്രകണ്ട് കേടുപാടുകള്‍ക്ക് സാധ്യതയുള്ളതിനാല്‍ ടയര്‍ സുരക്ഷ കവറേജ് വാഹനത്തിന് ഏറെ ഇണങ്ങും.
വഴിയില്‍ കിടക്കില്ല:ടയര്‍ സുരക്ഷക്കായി അനുബന്ധ പോളിസി എടുക്കുന്നതുവഴി യാത്രക്കിടയില്‍ വാഹനം നിന്നുപോയാല്‍ ഉടന്‍ തന്നെ ഇന്‍ഷുറന്‍സ് കമ്പനിയുടെ വാഹനമെത്തി അവരുമായി ബന്ധമുള്ളതും ഏറ്റവും അടുത്തുള്ളതുമായ റിപ്പയര്‍ സെന്‍ററിലേക്കെത്തിക്കുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്യും. ഇതിനായി 24 മണിക്കൂറും ലഭ്യമാകുന്ന റോഡ് സൈഡ് അസിസ്‌റ്റന്‍സ് കവറാണ് തെരഞ്ഞെടുക്കേണ്ടത്. ഇതുകൂടാതെ വാഹനം തകരാറുമൂലം വഴിയില്‍ നിന്നുപോയാല്‍ അത്യാവശ്യമെങ്കില്‍ അടിയന്തര താമസ സൗകര്യം ലഭ്യമാക്കുന്ന പോളിസിയും ലഭ്യമാണ്. ഇതിനായി എമര്‍ജന്‍സി ഹോട്ടല്‍ അക്കോമഡേഷന്‍ കവറാണ് തെരഞ്ഞെടുക്കേണ്ടത്. ഹോട്ടല്‍ മുറിയുടെ ഭീമമായ വാടകയില്‍ നിന്ന് ഈ പോളിസി വാഹനയുടമയെ രക്ഷിക്കും.
താന്‍ പാതി, ഇന്‍ഷുറന്‍സ് പാതി: ഇങ്ങനെയുള്ള സുരക്ഷ പോളിസികളെല്ലാം ഇന്‍ഷുറന്‍സ് കമ്പനി ലഭ്യമാക്കുമ്പോഴും തന്‍റെയും സഹയാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി വാഹനയുടമ പ്രാഥമികമായുള്ള ചില മുന്നൊരുക്കങ്ങളും സുരക്ഷാ പരിശോധനകളും ഉറപ്പാക്കേണ്ടതുണ്ട്. യാത്രക്ക് മുന്നേ തന്നെ വാഹനത്തിന്‍റെ പൊതുവേയുള്ള കണ്ടീഷന്‍ ഉറപ്പുവരുത്തുക, എഞ്ചിന്‍ പ്രവര്‍ത്തനക്ഷമത പരിശോധിക്കുക, അതിന് സാധ്യമല്ലെങ്കില്‍ പ്രാദേശികമായുള്ള ഒരു മെക്കാനിക്കിനെ കൊണ്ട് ഇവ തീര്‍ച്ചപ്പെടുത്തുക, ടോള്‍ പ്ലാസകളിലെ കുരുക്കില്‍ ബുദ്ധിമുട്ടാതിരിക്കാന്‍ ഫാസ്‌ടാഗ് സൗകര്യം ഉപയോഗപ്പെടുത്തുക തുടങ്ങി യാത്രക്കായി പൂര്‍ണമായും ഒരുങ്ങുക. എല്ലാത്തിലുമുപരി കാര്‍ യാത്രക്കിടെ എല്ലാവരും സീറ്റ് ബെല്‍റ്റ് ഉപയോഗിക്കുകയും വേണം.