മൊസമ്പിയുടെ തൊലി കാന്‍സര്‍ പ്രതിരോധത്തിനടക്കം ഉപയോഗപ്പെടുത്താമെന്ന അവകാശവാദവുമായി ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍. ലോഹഘടകങ്ങളാല്‍ മലിനമായ വെള്ളം കുടിക്കുന്നത് കാന്‍സര്‍ അടക്കമുള്ള മാരക അസുഖങ്ങള്‍ പിടിപെടുമെന്ന് കണ്ടെത്തിയിട്ടുണ്ട്. മൊസമ്പിയുടെ തോലി ഉപയോഗിച്ചുകൊണ്ട് വെള്ളത്തിലെ ലോഹാംശങ്ങള്‍ നീക്കംചെയ്യാമെന്നാണ് സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ബയോകെമിക്കല്‍ എന്‍ജിനീയറിങ്ങിലെ ഗവേഷകരായ ഡോ.വിശാല്‍ മിശ്രയും വീര്‍ സിങ്ങും പറയുന്നത്.
മൊസമ്പിയുടെ തൊലിയില്‍ നിന്ന് വേര്‍തിരിച്ചെടുത്ത അഡ്‌സോര്‍ബന്‍റ് ഉപയോഗിച്ച് ഹെക്‌സാവലന്‍റ് ക്രോമിയം പോലെയുള്ള ലോഹ അയണുകളെ(ions ) ജലത്തില്‍ നിന്നും നീക്കം ചെയ്യാമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഈ പഠനം അന്താരാഷ്‌ട്ര ശാസ്‌ത്ര ജേര്‍ണലായ സപ്പറേഷന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഹെക്‌സാവലന്‍റ് ക്രോമിയം കാന്‍സര്‍ കൂടാതെ കരളിനേയും കിഡ്‌നിയേയും ത്വക്കിനേയും ബാധിക്കുന്ന രോഗങ്ങള്‍ ഉണ്ടാക്കുന്നു. ലോഹങ്ങളെ വെള്ളത്തില്‍ നിന്ന് വേര്‍തിരിച്ചതിന് ശേഷം ഈ അഡ്‌സോര്‍ബന്‍റിനെ പെട്ടെന്ന് തന്നെ ജലത്തില്‍ നിന്ന് മാറ്റാനും കഴിയുമെന്ന് വീര്‍ സിങ് അവകാശപ്പെടുന്നു. അതുകൊണ്ടുതന്നെ ഈ അഡ്‌സോര്‍ബന്‍റുകൊണ്ടുള്ള പാരിസ്ഥിതിക മലീനീകരണം ഉണ്ടാവുന്നുമില്ല.