ആഗോളതലത്തില്‍ മങ്കിപോക്‌സ് അഥവാ കുരങ്ങ് വസൂരി പടരുന്ന സാഹചര്യമാണുള്ളത്. ഇതിന്‍റെ പശ്ചാത്തലത്തില്‍ നിരവധി സംശയങ്ങളാണ് ആളുകള്‍ പങ്കുവയ്‌ക്കുന്നത്. ഇക്കൂട്ടത്തില്‍ പ്രധാനമാണ് ലൈംഗികബന്ധത്തിലൂടെ ഈ രോഗം പകരുമോ എന്നത്.
ലോകാരോഗ്യ സംഘടനയുടെ (World Health Organization) വിലയിരുത്തല്‍ പ്രകാരം തിണർപ്പ്, ശരീര സ്രവങ്ങൾ, ചുണങ്ങുകൾ എന്നിവ പകർച്ചവ്യാധികള്‍ക്ക് ഇടയാക്കുന്നതാണ്. ഉമിനീരിലൂടെ വൈറസ് പടരുമെന്നതിനാൽ അൾസർ, മുറിവുകൾ അല്ലെങ്കിൽ വ്രണങ്ങൾ എന്നിവയും പകർച്ചവ്യാധിയ്‌ക്ക് കാരണമാവും.രോഗബാധയുള്ള ആള്‍ സ്‌പര്‍ശിച്ച വസ്‌തുക്കൾ, കിടക്ക, തൂവാല, ഭക്ഷണം കഴിക്കുന്ന പാത്രങ്ങൾ തുടങ്ങിയവ ഉപയോഗിക്കുന്നതും രോഗവ്യാപനത്തിന് ഇടയാക്കും.
'ലൈംഗിക ബന്ധത്തിലൂടെ മങ്കിപോക്‌സ് പടരും':രോഗലക്ഷണങ്ങൾ ഉള്ളപ്പോൾ (അതായത് ആദ്യത്തെ രണ്ടോ നാലോ ആഴ്‌ചക്കുള്ളിൽ) രോഗമുള്ള ആളുകളില്‍ നിന്ന് വ്യാപന സാധ്യത കൂടുതലാണ്. ലക്ഷണമില്ലാത്ത ആളുകളില്‍ നിന്ന് (Asymptomatic) രോഗം പകരുമോ ഇല്ലയോ എന്നതിനെക്കുറിച്ച് വ്യക്തമല്ല. ലൈംഗിക ബന്ധത്തിലൂടെ മങ്കിപോക്‌സ് പടരുമെന്ന് ഡല്‍ഹിയിലെ സർ ഗംഗ റാം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗം വിദഗ്‌ധനും സീനിയർ കൺസൾട്ടന്‍റുമായ ഡോ. ധീരൻ ഗുപ്‌ത പറയുന്നു. കുരങ്ങ് വസൂരി ബാധിച്ച ഒരു വ്യക്തിയുടെ യോനി, പുരുഷ ലിംഗം, മലദ്വാരം എന്നിവിടങ്ങളില്‍ സ്‌പര്‍ശിക്കുന്നത് വഴി രോഗം പകരുമെന്ന് ഇദ്ദേഹം വ്യക്തമാക്കുന്നു.
ആലിംഗനം, ദേഹത്ത് മസാജ് ചെയ്യുന്നത്, ചുംബനം, ദീർഘനേരം മുഖാമുഖമുള്ള സമ്പർക്കം എന്നിവയും വൈറസ് വ്യാപനത്തിന് ഇടയാക്കും. മങ്കിപോക്‌സ് ബാധിച്ച ഒരാൾ ഉപയോഗിച്ചിരുന്നതും അണുവിമുക്തമാക്കാത്തതുമായ കിടക്ക, തൂവാലകൾ, സെക്‌സ് ടോയ്‌സ് തുടങ്ങിയവയില്‍ സ്‌പർശിക്കുന്നത് രോഗം പിടിപെടുന്നതിന് ഇടയാക്കാം. ഒന്നിലധികം ആളുകളുമായോ അല്ലെങ്കില്‍ കുരങ്ങ് വസൂരി ഉള്ളവരുമായോ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് രോഗ സാധ്യത വര്‍ധിപ്പിക്കും. ലൈംഗിക പങ്കാളികളുടെ എണ്ണം പരിമിതപ്പെടുത്തുന്നത് രോഗം പിടിപെടാനുള്ള സാധ്യത കുറയ്‌ക്കുമെന്നും വിദഗ്‌ധര്‍ പറയുന്നു.
'ശുക്ലത്തിലൂടെയോ യോനീസ്രവങ്ങളിലൂടെയോ മറ്റ് ശരീര സ്രവങ്ങളിലൂടെയോ വൈറസ് പടരുമോ എന്നതിനെക്കുറിച്ചുള്ള വിദഗ്‌ധ പഠനത്തിലാണ് ശാസ്‌ത്രലോകം. കുരങ്ങ് വസൂരി ലൈംഗിക ബന്ധം പോലെയുള്ള അടുത്തിടപഴകലിലൂടെയാണ് പകരുന്നത്. ലൈംഗികതയിലൂടെയും അണുബാധയുള്ള വ്യക്തിയുടെ ജനനേന്ദ്രിയത്തിൽ സ്‌പര്‍ശിക്കുന്നത് ഉൾപ്പടെയുള്ള സാഹചര്യങ്ങളിലൂടെയും രോഗം പകരും'. - ഡല്‍ഹിയിലെ വസന്ത് കുഞ്ചിലുള്ള സീനിയർ കൺസൾട്ടന്‍റ് ഡോ. മനോജ് ശർമ പറയുന്നു.