വാഷിംഗ്‌ടൺ: ആഴ്‌ചയിൽ ഏഴ് യൂണിറ്റോ അതിലധികമോ മദ്യം കഴിക്കുന്നത് തലച്ചോറിലെ വ്യതിയാനങ്ങൾക്ക് കാരണമാകുമെന്ന് പഠനങ്ങൾ. മൂന്ന് പൈന്‍റ്, ശരാശരി വീര്യമുള്ള ബിയർ, അല്ലെങ്കിൽ അഞ്ച് ചെറിയ ഗ്ലാസ് കുറഞ്ഞ വീര്യമുള്ള വൈൻ എന്നിവ ഏഴ് യൂണിറ്റ് ആൽക്കഹോളിന് തുല്യമാണെന്ന് യുകെ നാഷണൽ ഹെൽത്ത് സർവിസ് (NHS). പഠനങ്ങൾ പിഎൽഒഎസ്(PLOS) മെഡിസിൻ ജേർണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ചു.
മദ്യപാനവും മസ്‌തിഷ്‌കത്തിൽ അടിഞ്ഞുകൂടുന്ന ഇരുമ്പിന്‍റെ അളവും തമ്മിലുള്ള ബന്ധം വിശകലനം ചെയ്യാൻ 21,000ത്തിലധികം പങ്കാളികളെ ഉൾപ്പെടുത്തി. മസ്‌തിഷ്‌കത്തിൽ ഇരുമ്പ് അടിഞ്ഞുകൂടുന്നത് പാർക്കിൻസൺസ്, അൽഷിമേഴ്‌സ് തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്നു. മദ്യപാനം മൂലവും തലച്ചോറിൽ ഇരുമ്പ് അടിഞ്ഞു കൂടുന്നു. ഇത് മദ്യപാനം മൂലമുണ്ടാകുന്ന വൈജ്ഞാനിക തകർച്ചയ്‌ക്ക് കാരണമായേക്കാം
യുകെയിലെ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ ആഴ്‌ചയിൽ ഏഴോ അതിലധികമോ യൂണിറ്റുകളുടെ മദ്യപാനവും തലച്ചോറിലെ ഇരുമ്പിന്‍റെ ഉയർന്ന അളവും തമ്മിൽ പരസ്‌പര ബന്ധം കണ്ടെത്തി. മിതമായ മദ്യപാനം പോലും തലച്ചോറിന്‍റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നതിന് തെളിവുകൾ വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഗവേഷകർ പറഞ്ഞു. ഇതുവരെയുള്ള പഠനങ്ങളിൽ തലച്ചോറിൽ ഇരുമ്പ് അടിഞ്ഞുകൂടുന്നത് ആഴ്‌ചയിൽ എഴ് യൂണിറ്റിൽ കൂടുതൽ മദ്യം കുടിക്കുന്നവരിലാണെന്ന് കണ്ടെത്തിയെന്ന് ഓക്‌സ്‌ഫോർഡ് സർവകലാശാലയിലെ ഗവേഷകനായ അനിയ ടോപിവാല പറഞ്ഞു.
മസ്‌തിഷ്‌കത്തിലെ ഉയർന്ന ഇരുമ്പിന്‍റെ അളവ്: മസ്‌തിഷ്‌കത്തിലെ ഉയർന്ന ഇരുമ്പിന്‍റെ അളവ് വൈജ്ഞാനിക തകർച്ചയ്‌ക്ക് കാരണമാകാമെന്നും അദ്ദേഹം വിശദീകരിച്ചു. യുകെ ബയോബാങ്കിൽ നിന്നുള്ള 20,965 സന്നദ്ധപ്രവർത്തകർ അവരുടെ മദ്യപാനത്തെ കുറിച്ചുള്ള വിവരങ്ങൾ നൽകി. അവരുടെ തലച്ചോറ് പരിശോധിക്കാൻ മാഗ്നറ്റിക് റെസൊണൻസ് ഇമേജിങ് (എംആർഐ) ഉപയോഗിച്ചു.