ഭ്രൂണം രൂപപ്പെട്ട് 20 ആഴ്‌ചകൾക്കുള്ളിൽ നഷ്‌ടപ്പെടുന്ന അവസ്ഥയാണ് അബോർഷൻ അഥവ ഗർഭം അലസൽ. അബോർഷൻ ഒരു സ്ത്രീയെ മാനസികമായും ശാരീരികമായും തളർത്തുന്ന അവസ്ഥയാണ്. അബോർഷന് ശാരീരിക അപകട സാധ്യതകൾ കുറവാണെങ്കിലും ഇത് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ, വിഷാദം, ഉത്കണ്‌ഠ എന്നിവയിലേക്ക് നയിച്ചേക്കാം.
അബോർഷനുള്ള സാധ്യതയും കാലാവസ്ഥയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ബോസ്റ്റൺ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്ത് നടത്തിയ പഠനത്തിൽ വടക്കേ അമേരിക്കയിലെ സ്‌ത്രീകൾക്ക് വേനൽക്കാലത്ത്, പ്രത്യേകിച്ച് ഓഗസ്റ്റ് അവസാനത്തിൽ, ഗർഭാവസ്ഥയുടെ തുടക്കത്തിൽ അബോർഷനുള്ള സാധ്യത 44 ശതമാനം കൂടുതലാണെന്ന് കണ്ടെത്തി. ഭ്രൂണം രൂപപ്പെട്ട് എട്ട് ആഴ്‌ചയ്ക്കുള്ളിൽ അബോർഷൻ ഉണ്ടാകാനുള്ള സാധ്യതയാണ് വേനൽക്കാലത്ത് വർധിക്കുന്നതെന്നാണ് പഠനത്തിൽ കണ്ടെത്തൽ.
ഫെബ്രുവരി അവസാനത്തെ അപേക്ഷിച്ച് ഓഗസ്റ്റ് അവസാനത്തിൽ ഗർഭാവസ്ഥയുടെ ഏത് ആഴ്‌ചയിലും ഗർഭം അലസാനുള്ള സാധ്യത 31 ശതമാനം കൂടുതലാണ്. വേനൽക്കാലം ഏറ്റവും കഠിനമായ തെക്ക്, മധ്യപടിഞ്ഞാറൻ പ്രദേശങ്ങളിൽ ഓഗസ്റ്റ് അവസാനത്തിലും സെപ്റ്റംബർ തുടക്കത്തിലും ഗർഭഛിദ്രം കൂടുതൽ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് പഠനം പറയുന്നു. അപ്രതീക്ഷിതമായ അബോർഷനിൽ ചൂട് കൂടിയ അന്തരീക്ഷത്തിന്‍റെയും പാരിസ്ഥിതിക അല്ലെങ്കിൽ ജീവിതശൈലിയുടെയും പങ്ക് മനസിലാക്കാൻ കൂടുതൽ ഗവേഷണം ആവശ്യമാണെന്ന് പഠനം പറയുന്നു.