ധർവാഡ് (കർണാടക):ഉത്തര കന്നട സ്വദേശിയായ 15കാരി ലോകത്ത് നിന്നും വിടപറയുന്നത് നാല് പേർക്ക് പുതുജീവൻ നൽകിക്കൊണ്ട്. അപകടത്തെ തുടർന്ന് മസ്‌തിഷ്‌ക മരണം സംഭവിച്ച പെൺകുട്ടിയുടെ രണ്ട് വൃക്കകളും ഹൃദയവും കരളുമാണ് ദാനം ചെയ്‌തത്.
അപകടത്തെ തുടർന്ന് ധർവാഡിലെ എസ്‌ഡിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ച 15കാരിയെ മസ്‌തിഷ്‌ക മരണം സംഭവിച്ചുവെന്ന് ഡോക്‌ടർമാർ സ്ഥിരീകരിച്ചതിനെ തുടർന്നാണ് അവയവങ്ങൾ ദാനം ചെയ്യാൻ പെൺകുട്ടിയുടെ മാതാപിതാക്കൾ തീരുമാനിക്കുന്നത്. ഇതനുസരിച്ച് പെൺകുട്ടിയുടെ ഹൃദയം ധർവാഡ് എസ്‌ഡിഎം ആശുപത്രിയിൽ നിന്നും ബെലഗാവിയിലെ കെഎൽഇ പ്രഭാകർ കോറെ ആശുപത്രിയിൽ ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന 22കാരന് വച്ചുപിടിപ്പിക്കാൻ എത്തിച്ചു. ഹൃദയമാറ്റ ശസ്‌ത്രക്രിയക്കായി ഹൃദയം കൃത്യസമയത്ത് ആശുപത്രിയിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബെലഗാവി പൊലീസ് സുരക്ഷിത പാത ഒരുക്കിയിരുന്നു.