ആർത്തവ വിരാമ പരിവർത്തനം സ്ത്രീകളുടെ ശരീരത്തിലെ, പ്രത്യേകിച്ച് അരക്കെട്ടിലെ, കൊഴുപ്പ് വർധിപ്പിക്കുന്നുവെന്ന് പഠനം. ഫിൻലാൻഡിലെ ജൈവാസ്‌കില സർവകലാശാലയിലെ സ്പോർട്‌സ് ആൻഡ് ഹെൽത്ത് സയൻസസ് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. കൊഴുപ്പ് അടിഞ്ഞുകൂടി ഉണ്ടാകുന്ന ആരോഗ്യ അപകടസാധ്യതകൾ കുറയ്ക്കുന്നതിന് ജീവിതത്തിന്‍റെ മധ്യകാലഘട്ടത്തിൽ നല്ല ജീവിത ശീലങ്ങളും ശാരീരിക പ്രവർത്തനങ്ങളും ആരോഗ്യകരമായ ഭക്ഷണക്രമവും പാലിക്കണമെന്ന് ഗവേഷകർ സ്ത്രീകളോട് ശുപാർശ ചെയ്യുന്നു.
ശ്രദ്ധവേണം, ആർത്തവവിരാമത്തിന് മുൻപും : ആർത്തവവിരാമ സമയത്ത് ശാരീരിക പ്രവർത്തനങ്ങളും ആരോഗ്യകരമായ ഭക്ഷണക്രമവും അമിതവണ്ണവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നുവെന്ന് പഠനം പറയുന്നു. ആർത്തവവിരാമത്തിന് മുൻപും ശേഷവുമുള്ള കാലഘട്ടത്തിൽ സ്ത്രീകളുടെ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നു. ഈ സമയത്ത് ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കുള്ള കൊഴുപ്പിന്‍റെ വിതരണത്തിലും മാറ്റമുണ്ടാകുന്നു.
ആർത്തവവിരാമത്തിന് മുൻപ് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ തുടയിലും നിതംബ ഭാഗത്തും കൊഴുപ്പ് കൂടുതലായിരിക്കും. എന്നാൽ മധ്യവയസ് എത്തുന്നതോടെ മിക്ക സ്ത്രീകൾക്കും അരക്കെട്ടിൽ കൊഴുപ്പ് അടിയാൻ തുടങ്ങും. ശരീരത്തിന്‍റെ മധ്യഭാഗത്തുണ്ടാകുന്ന കൊഴുപ്പ് ഹൃദയസംബന്ധമായ അസുഖങ്ങൾക്കും ടൈപ്പ് 2 പ്രമേഹത്തിനുമുള്ള സാധ്യതയും വർധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
Also Read: ആര്‍ത്തവ സംരക്ഷണം: രാജ്യത്തെ 50% സ്ത്രീകള്‍ ഇപ്പോഴും ഉപയോഗിക്കുന്നത് തുണി - സര്‍വേ റിപ്പോര്‍ട്ട് പുറത്ത്
വാർധക്യത്തിൽ പുരുഷന്മാരിലും സ്ത്രീകളിലും ശരീരത്തിലെ മൊത്തം അഡിപ്പോസ് കലകളിലും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് വർധിപ്പിക്കുന്നു. എന്നാൽ ആർത്തവവിരാമം സ്ത്രീകളിൽ ഈ മാറ്റങ്ങളെ ത്വരിതപ്പെടുത്തുമെന്ന് ഡോക്ടറൽ ഗവേഷക ഹന്ന-കരീന ജുപ്പി പറയുന്നു.
അരക്കെട്ടിലെ അമിത കൊഴുപ്പ് അപകടം : പഠനത്തിൽ ആർത്തവ വിരാമത്തിലേക്ക് കടക്കുന്ന മധ്യവയസ്‌കരായ സ്ത്രീകളെ നാല് വർഷത്തേക്ക് പഠനവിധേയരാക്കി. പഠനത്തിന്‍റെ തുടക്കത്തിലും ഒടുക്കത്തിലും സ്ത്രീകളുടെ ശരീരഘടന, തുടയുടെ മധ്യഭാഗത്തെ അഡിപ്പോസ് കല പ്രദേശം, അവരുടെ രക്തത്തിൽ നിന്ന് അഡിപ്പോസ്-ടിഷ്യു-ഉത്ഭവിപ്പിക്കുന്ന ഹോർമോണുകൾ എന്നിവ നിരീക്ഷിച്ചു. ശാരീരിക പ്രവർത്തനങ്ങളുടെ തോത്, ഭക്ഷണക്രമം, ഹോർമോൺ തെറാപ്പിയുടെ ഉപയോഗം എന്നിവ സംബന്ധിച്ച വിവരങ്ങളും ശേഖരിച്ചു.
പേശി ഫൈബർ തലത്തിലും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് പരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനയിൽ ശരീരമാസകലം കൊഴുപ്പ് അടിഞ്ഞുകൂടുന്നതായും അരക്കെട്ടിന്‍റെ ഭാഗത്ത് കൊഴുപ്പിന്‍റെ അളവിൽ ശ്രദ്ധേയമായ വർധനവുണ്ടാകുന്നതായും കണ്ടെത്തി. പഠനസമയത്ത് കൂടുതലായി ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുകയും ചെയ്‌ത സ്ത്രീകളിൽ കൊഴുപ്പ് കുറവായിരുന്നു. ആർത്തവവിരാമം സ്ത്രീകളിൽ ശരീരത്തിലെ കൊഴുപ്പ് ശേഖരണത്തെ ബാധിക്കുമെന്ന് ഫലങ്ങൾ സൂചിപ്പിക്കുന്നുവെന്ന് ജുപ്പി പറയുന്നു.
Also Read: ഷിഫ്റ്റ് അടിസ്ഥാനത്തിലെ ജോലികൾ ആർത്തവവിരാമം വൈകിപ്പിക്കുന്നു: പഠനം