കേരളം

kerala

ETV Bharat / sukhibhava

മലപ്പുറത്തെ അഞ്ചാംപനി വ്യാപനം : പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ജില്ല ഭരണകൂടം - എംആർ വാക്‌സിൻ

മലപ്പുറത്ത് സ്‌കൂളുകളിലും അങ്കണവാടികളിലും മാസ്‌ക് നിർബന്ധമാക്കി. വാക്‌സിനേഷനെതിരെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കും. വാക്‌സിനേഷന്‍റെ പ്രാധാന്യത്തെക്കുറിച്ച് കാമ്പയിന്‍ ആരംഭിക്കും.

Malappuram  measles outbreak Malappuram  malappuram measels  measels hit in malappuram  measels kerala  mask mandatory in malappuram  മലപ്പുറത്ത് അഞ്ചാംപനി വ്യാപനം  അഞ്ചാംപനി വ്യാപനം  അഞ്ചാംപനി  അഞ്ചാംപനി പ്രതിരോധ പ്രവർത്തനങ്ങൾ  അഞ്ചാംപനി വാക്‌സിനേഷൻ  കുട്ടികൾക്ക് മാസ്‌ക് നിർബന്ധം  കേരളത്തിൽ അഞ്ചാംപനി  കലക്‌ടർ വി ആർ പ്രേംകുമാർ  വിവിധ മത സംഘടന നേതാക്കളുടെ യോഗം മലപ്പുറം  മലപ്പുറത്ത് അഞ്ചാംപനി രോഗബാധിതരുടെ എണ്ണം  മലപ്പുറത്ത് മാസ്‌ക് നിർബന്ധമാക്കി  മീസിൽസ് റുബെല്ല  എംആർ വാക്‌സിൻ  വാക്‌സിനേഷനെതിരെ തെറ്റായ വാർത്തകൾ
അഞ്ചാംപനി വ്യാപനം

By

Published : Dec 8, 2022, 11:43 AM IST

മലപ്പുറം:ജില്ലയിൽ അഞ്ചാംപനി വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ജില്ല ഭരണകൂടവും ആരോഗ്യവകുപ്പും. 1.60 ലക്ഷം കുട്ടികൾ എംആർ വാക്‌സിൻ (മീസിൽസ്-റുബെല്ല) എടുത്തിട്ടില്ലെന്നാണ് സംസ്ഥാന സർക്കാർ പുറത്തുവിടുന്ന കണക്കുകൾ. ഇത് കുട്ടികളുടെ ജീവൻ അപകടത്തിലാക്കുന്നു.

സ്ഥിതിഗതികൾ ആശങ്കാജനകമായി തുടരുന്നതിനാൽ പകർച്ചവ്യാധി പടരുന്നത് തടയാനും വാക്‌സിനേഷനെതിരെ പ്രചരണങ്ങൾ തടയാനും അധികൃതർ മത നേതാക്കളുടെ സഹായം തേടിയിട്ടുണ്ട്. ജില്ല കലക്‌ടർ വി ആർ പ്രേംകുമാറിന്‍റെ അധ്യക്ഷതയിൽ വിവിധ മത സംഘടന നേതാക്കളുടെ യോഗം വിളിച്ചുചേർത്തു.

പോരാടാനൊരുങ്ങി മതസംഘടനകൾ:കുട്ടികളിൽ രോഗത്തിന്‍റെ വ്യാപനം തടയുന്നതിന് വാക്‌സിനേഷന്‍റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്‌ടിക്കുന്നതിനായി കാമ്പയിന്‍ ആരംഭിക്കും. ആരാധനാലയങ്ങളിലൂടെയും മതപാഠശാലകളിലൂടെയും വാക്‌സിനേഷന്‍റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്‌കരണം നടത്തും. സമൂഹ മാധ്യമങ്ങളിലൂടെയുള്ള ബോധവത്‌കരണത്തിനും പൂർണ പിന്തുണ മതസംഘടനാനേതാക്കൾ യോഗത്തിൽ ആഹ്വാനം ചെയ്‌തു.

തെറ്റായ പ്രചരണത്തിൽ നടപടി:നിലവിലെ സാഹചര്യം വിലയിരുത്തി ജില്ല കലക്‌ടർ വി ആർ പ്രേംകുമാർ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ചികിത്സക്കെതിരെയും വാക്‌സിനേഷനെതിരെയും തെറ്റായ പ്രചരണം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ല കലക്‌ടർ പറഞ്ഞു. ശാസ്ത്രീയമായ അടിസ്ഥാനമില്ലാതെയാണ് ഇത്തരം സന്ദേശങ്ങൾ പ്രചരിക്കുന്നത്. അത്തരക്കാർക്കെതിരെ നടപടിയെടുക്കാൻ ജില്ല പൊലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ട്.

ജില്ലയിൽ വാക്‌സിനേഷൻ പ്രവർത്തനങ്ങൾ ഊർജിതമാക്കും. അഞ്ച് വയസുവരെയുള്ള കുട്ടികളുടെ എംആർ വാക്‌സിനേഷൻ നിരക്ക് 80.84 ശതമാനമാണ്. ഇത് 95 ശതമാനത്തില്‍ എത്തിക്കാനാണ് ലക്ഷ്യമെന്ന് പിആർഡി അറിയിച്ചു.

ജില്ലയിൽ അഞ്ച് വയസിന് താഴെയുള്ള 1,62,749 കുട്ടികൾ എംആർ വാക്‌സിൻ എടുത്തിട്ടില്ല. ഇതിൽ 69,089 കുട്ടികൾ ആദ്യ ഡോസ് എംആർ വാക്‌സിനും 93,660 കുട്ടികൾ രണ്ടാം ഡോസ് വാക്‌സിനും എടുക്കണമെന്ന് പിആർഡി വ്യക്തമാക്കി.

രോഗബാധ ഇതുവരെ:ജില്ലയിൽ ഇതുവരെ 464 അഞ്ചാംപനി കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ജില്ലയിലെ 85 തദ്ദേശ സ്ഥാപനങ്ങളിൽ രോഗബാധ റിപ്പോർട്ട് ചെയ്‌തു. രണ്ട് ഡോസ് എംആർ വാക്‌സിൻ എടുത്താൽ മാത്രമേ അഞ്ചാംപനി പൂർണമായും തടയാനാകൂവെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ.കെ രേണുക പറഞ്ഞു.

രോഗബാധ സംഭവിച്ചതിൽ 90 ശതമാനം പേരും വാക്‌സിൻ എടുക്കാത്തവരാണെന്നാണ് കണക്ക്. ഒമ്പത് ശതമാനം പേർ ആദ്യ ഡോസ് വാക്‌സിൻ മാത്രമേ എടുത്തിട്ടുള്ളൂ. രണ്ട് ഡോസുകളും സ്വീകരിച്ചവരിൽ ഒരു ശതമാനം പേർ രോഗബാധിതരായെങ്കിലും വേഗത്തിൽ സുഖം പ്രാപിച്ചുവെന്ന് ഡിഎംഒ പറഞ്ഞു.

വാക്‌സിനേഷൻ വഴി മാത്രമേ അണുബാധയും രോഗവ്യാപനവും തടയാൻ കഴിയൂ. രോഗം ബാധിച്ചവർക്ക് ചികിത്സ ലഭ്യമാക്കും. പനിയോ മറ്റ് രോഗലക്ഷണങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ചികിത്സ തേടണം. സ്‌കൂളുകളിലും അങ്കണവാടികളിലും മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്.

പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം:ജില്ലയിൽ വാക്‌സിനേഷൻ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. ദിവസവും 10,000 കുട്ടികൾക്ക് കുത്തിവയ്പ്പ് നൽകുന്നതിലൂടെ രണ്ടാഴ്‌ചയ്ക്കുള്ളിൽ ജില്ലയിലെ വാക്‌സിനേഷൻ നിരക്ക് 80.84 ശതമാനത്തിൽ നിന്ന് 95 ശതമാനമായി ഉയരുമെന്ന് കഴിഞ്ഞ മാസം കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ ഒമ്പത് മാസം മുതൽ അഞ്ച് വയസ് വരെയുള്ള എല്ലാ കുട്ടികൾക്കും മീസിൽസ് റുബെല്ല വാക്‌സിനുകളുടെ അധിക ഡോസ് നൽകുന്നത് പരിഗണിക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

കുട്ടികളിൽ അഞ്ചാംപനി ബാധിതരുടെ എണ്ണം വർധിക്കുന്നത് വിലയിരുത്തുന്നതിനും നിയന്ത്രിക്കുന്നതിനുമായി കേന്ദ്രം അടുത്തിടെ മലപ്പുറം, റാഞ്ചി (ജാർഖണ്ഡ്), അഹമ്മദാബാദ് (ഗുജറാത്ത്) എന്നിവിടങ്ങളിലേക്ക് ഉന്നതതല ഉദ്യോഗസ്ഥരുടെ സംഘങ്ങളെ അയച്ചിരുന്നു.

അഞ്ചാംപനി:മീസിൽ വൈറസ് മൂലമുണ്ടാകുന്ന ഒരു സാംക്രമിക രോഗമാണ് അഞ്ചാംപനി. ശരീരത്തിലെ എല്ലാ അവയവങ്ങളെയും ഇത് ബാധിക്കുന്നു. ചുമ, തുമ്മൽ, എന്നിവയിലൂടെയാണ് പകരുന്നത്. പ്രധാനമായും കൊച്ചുകുട്ടികളെ ബാധിക്കുന്ന വൈറസ് ബാധയായ അഞ്ചാംപനി ആറുമാസം മുതൽ മൂന്നുവയസ് വരെയുള്ളവരിലാണ് കൂടുതലായും കണ്ടുവരുന്നത്. എന്നിരുന്നാലും, ഈ രോഗം കൗമാരക്കാരെയും മുതിർന്നവരെയും ബാധിക്കുന്നു.

സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ വാക്‌സിൻ ലഭ്യമാണെങ്കിലും, 2018ൽ ആഗോളതലത്തിൽ 1,40,000ലധികം അഞ്ചാംപനി മരണങ്ങൾ ഉണ്ടായിട്ടുണ്ട്. വാക്‌സിനേഷന്‍റെ ഫലമായി 2000നും 2018നും ഇടയിൽ ലോകമെമ്പാടുമുള്ള അഞ്ചാംപനി മരണങ്ങളിൽ 73 ശതമാനം കുറവുണ്ടായി. 2000ൽ ഇത് 72 ശതമാനത്തിൽ നിന്ന് 2018ൽ ലോകമെമ്പാടുമുള്ള 86 ശതമാനം കുട്ടികൾക്കും അഞ്ചാംപനി വാക്‌സിൻ ലഭിച്ചു. 2000-2018 കാലയളവിൽ മരണ നിരക്ക് കുറയ്‌ക്കാൻ വാക്‌സിനേഷന് സാധിച്ചു.

ABOUT THE AUTHOR

...view details