ശ്വാസകോശ അര്‍ബുദ ബാധിതരായ രണ്ട് രോഗികളില്‍ പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിജയകരമായി ശസ്ത്രക്രിയ നടത്തിയതായി പട്‌ന എയിംസ് ആശുപത്രി. രാജ്യത്തെ മറ്റൊരു സർക്കാർ ആശുപത്രിയിലും ഈ വിദ്യ ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്നും ശസ്‌ത്രക്രിയക്ക് ശേഷം എയിംസിലെ ഡോക്‌ടര്‍മാര്‍ അവകാശപ്പെട്ടു. ശസ്ത്രക്രിയയിലൂടെ 60 വയസുള്ള സ്ത്രീക്കും 25 വയസുള്ള പുരുഷനുമാണ് വിജയകരമായി ചികിത്സ ലഭിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
എയിംസിലെ ഹൈപ്പർതെർമിക് ഇൻട്രാതോറാസിക് കീമോതെറാപ്പി (HITHOC)
ശ്വാസകോശ അര്‍ബുദം ഭേദമായ പട്‌ന എയിംസിലെ രണ്ട് രോഗികളിലും ക്യാന്‍സര്‍ വലിയ രീതിയിലാണ് പടര്‍ന്നിരുന്നത്. ഇവരെ രക്ഷിക്കാന്‍ കഴിയുമോ എന്ന സംശയവും ഡോക്‌ടര്‍മാരില്‍ ഉണ്ടായിരുന്നു. ഇവരില്‍ ഹൈപ്പർതെർമിക് ഇൻട്രാതോറാസിക് കീമോതെറാപ്പി (HITHOC) ചികിത്സയാണ് ഡോക്‌ടര്‍മാര്‍ നടത്തിയത്. ചികില്‍സയില്‍ ആദ്യം ദൃശ്യമായ ക്യാന്‍സര്‍ കോശങ്ങളെ ശസ്ത്രക്രിയയിലൂടെ നശിപ്പിക്കും, തുടര്‍ന്ന് കീമോതെറാപ്പി മരുന്നുകള്‍ ഉപയോഗിച്ച് അവശേഷിക്കുന്ന കോശങ്ങളെയും നശിപ്പിക്കുന്നു. രോഗത്തിന് കാരണമാകുന്ന കോശങ്ങളെ നശിപ്പിക്കുന്നതിനായി കീമോതെറാപ്പി മരുന്നുകൾ ശസ്ത്രക്രിയയ്ക്കിടെ നെഞ്ചിലെ അറയിലേക്ക് നേരിട്ടാണ് എത്തിക്കുന്നത്.
എന്താണ് ശ്വാസകോശ അര്‍ബുദം (Lung Cancer)
ശരീരത്തിലെ കോശങ്ങൾ അനിയന്ത്രിതമായി വളരുന്ന രോഗമാണ് ക്യാൻസർ എന്നാണ് സെന്‍റേര്‍സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) നല്‍കുന്ന നിര്‍വചനം. ശ്വാസകോശത്തിൽ ബാധിക്കുന്ന ക്യാന്‍സറുകള്‍ ശ്വാസകോശ അർബുദം എന്ന് അറിയപ്പെടുന്നു. ശ്വാസകോശ അർബുദം ശ്വാസകോശത്തിൽ ആരംഭിക്കുകയും ലിംഫ് നോഡുകളിലേക്കോ (ലാസികാ ഗ്രന്ഥി) മസ്‌തിഷ്‌കം പോലുള്ള ശരീരത്തിലെ മറ്റ് അവയവങ്ങളിലേക്കോ വരെ വ്യാപിച്ചേക്കാം. ശരീരത്തിന്‍റെ മറ്റ് അവയവങ്ങളിൽ രൂപംകൊള്ളുന്ന ക്യാൻസർ, ശ്വാസകോശത്തിലേക്കും പടരാന്‍ സാധ്യതയുണ്ട്.
പ്രധാനമായി രണ്ട് തരത്തിലാണ് ശ്വാസകോശ അർബുദങ്ങളെ കാണപ്പെടുന്നത്. സ്‌മോള്‍ സെൽ, നോൺ-സ്മോൾ സെൽ (അഡിനോകാർസിനോമ, സ്ക്വാമസ് സെൽ കാർസിനോമ എന്നിവ ഉൾപ്പെടെ) എന്നാണ് ഇവ അറിയപ്പെടുന്നത്. ഇവയ്‌ക്ക് രണ്ടിനും വ്യത്യസ്‌ത ചികില്‍സ രീതികളണ് ആവശ്യം. നോൺ-സ്മോൾ സെൽ ലംഗ് ക്യാന്‍സറുകള്‍ സ്‌മോള്‍ സെല്‍ ലംഗ് ക്യാൻസറിനേക്കാൾ സാധാരണമായ രീതിയിലാണ് കാണപ്പെടുന്നത്.