ഹൈദരാബാദ്: കൊവിഡ് ബാധിച്ച കുട്ടികളിൽ ദീർഘനാൾ നീണ്ടു നില്‍ക്കുന്ന കൊവിഡിന്‍റെ ലക്ഷണങ്ങൾ രണ്ട് മാസമെങ്കിലും നീണ്ടുനിൽക്കുമെന്ന് പഠനം. 14 വയസുവരെ പ്രായമുള്ള കുട്ടികളിലെ ലോങ് കൊവിഡ് (ദീർഘനാൾ നീണ്ടു നില്‍ക്കുന്ന കൊവിഡ്) ലക്ഷണങ്ങളെ കുറിച്ച് ഇതുവരെ നടത്തിയതിൽ വച്ച് ഏറ്റവും വലിയ പഠനത്തിലാണ് കണ്ടെത്തൽ. 'ദി ലാൻസെറ്റ് ചൈൽഡ് ആൻഡ് അഡോളസന്‍റ് ഹെൽത്ത് ജേണലിൽ' പ്രസിദ്ധീകരിച്ച പഠനം ഡെൻമാർക്കിലെ കൊവിഡ് ബാധിച്ചിട്ടില്ലാത്ത കുട്ടികളിലും രോഗം വന്ന കുട്ടികളിലുമാണ് നടത്തിയത്.
ദീർഘകാലം നീണ്ടുനിൽക്കുന്ന രോഗലക്ഷണങ്ങൾ കുട്ടികളെയും ശിശുക്കളെയും അവരുടെ ആരോഗ്യം, വിദ്യാഭ്യാസം എന്നിവയെ എങ്ങനെ ബാധിക്കുന്നു എന്നത് മനസിലാക്കുക എന്നതായിരുന്നു പഠനത്തിന്‍റെ ലക്ഷ്യമെന്ന് കോപ്പൻഹേഗൻ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ പ്രൊഫസർ സെലീന കിക്കെൻബർഗ് ബെർഗ് പറഞ്ഞു. അതേസമയം, കുട്ടികളിൽ കൊവിഡിന്‍റെ ദീർഘകാല പ്രത്യാഘാതങ്ങളെ കുറിച്ച് കൂടുതൽ പഠനം ആവശ്യമാണ് എന്നും ബെർഗ് പറഞ്ഞു.
2020 ജനുവരിക്കും 2021 ജൂലൈയ്ക്കും ഇടയിൽ കൊവിഡ് ബാധിച്ച 14 വയസ് വരെയുള്ള കുട്ടികളിലാണ് പഠനം നടത്തിയത്. ലോകാരോഗ്യ സംഘടനയുടെ നിർവചന പ്രകാരമുള്ള ലോങ് കൊവിഡിന്‍റെ 23 സാധാരണ ലക്ഷണങ്ങളെ കുറിച്ച് സർവേയിൽ പങ്കെടുത്തവരോട് ചോദിച്ചു. മൂഡ് സ്വിങ്‌സ്, തിണർപ്പ്, വയറുവേദന എന്നിവയാണ് മൂന്ന് വയസുവരെ പ്രായമുള്ള കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന ലോങ് കൊവിഡിന്‍റെ ലക്ഷണങ്ങൾ. മൂഡ് സ്വിങ്‌സ്, ഓർമിക്കുന്നതിനോ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോ ഉള്ള പ്രശ്‌നങ്ങൾ, തിണർപ്പ് എന്നിവയാണ് 4-11 പ്രായപരിധിയിൽ ഉള്ളവരിലെ ലോങ് കൊവിഡ് ലക്ഷണങ്ങൾ. ക്ഷീണം, മൂഡ് സ്വിങ്‌സ്, ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോ ഓർമിക്കുന്നതിനോ ഉള്ള പ്രശ്‌നങ്ങൾ എന്നിവയാണ് 12-14 വരെ പ്രായമുള്ളവരിലെ ലക്ഷണങ്ങൾ.
കൊവിഡ് ബാധിതരായ 14 വരെ പ്രായമുള്ളവരിൽ ലോങ് കൊവിഡിന്‍റെ ഒരു ലക്ഷണമെങ്കിലും, കൊവിഡ് ബാധിച്ചിട്ടില്ലാത്തവരേക്കാൾ രണ്ട് മാസമോ അതിൽ കൂടുതലോ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് പഠനഫലത്തിൽ പറയുന്നു. 0-3 വയസ് വരെ പ്രായമുള്ളവരിൽ കൊവിഡ് ബാധിച്ചിട്ടില്ലാത്ത 27% കുട്ടികളേക്കാൾ കൊവിഡ് ബാധിച്ച 40% കുട്ടികൾക്ക് ലോങ് കൊവിഡിന്‍റെ ലക്ഷണങ്ങൾ രണ്ട് മാസത്തിൽ കൂടുതൽ നീണ്ടുനിന്നു. 4-11 വരെ പ്രായമുള്ളവരിൽ രോഗം ബാധിക്കാത്ത 34% കുട്ടികളേക്കാൾ രോഗം ബാധിച്ച 38% ശതമാനം കുട്ടികൾക്ക് ദീർഘകാല കൊവിഡ് ലക്ഷണങ്ങൾ കാണപ്പെട്ടു. 12-14 വരെ പ്രായമുള്ളവരിൽ കൊവിഡ് ബാധിച്ച 46% കുട്ടികൾക്ക് കൊവിഡ് ബാധിക്കാത്ത 41% കുട്ടികളേക്കാൾ ദീർഘകാല ലക്ഷണങ്ങൾ കാണപ്പെട്ടു.