ലണ്ടന്‍: മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ആന്തരിക അവയവമാണ് കരള്‍. ശരീരത്തിലെ മിക്ക ധര്‍മ്മങ്ങളിലും മുഖ്യ പങ്ക് വഹിക്കുന്ന അവയവം. ശരീരത്തിലെ രാസപരീക്ഷണ ശാല എന്നറിയപ്പെടുന്ന ഇത് തന്നെയാണ് ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയും.
ശരീരത്തിലെ ദഹനപ്രക്രിയയ്‌ക്ക് വേണ്ട പിത്തരസം ഉത്‌പാദിപ്പിക്കുന്ന കരളിന്‍റെ ധര്‍മ്മങ്ങളിലൊന്നാണ്. ശരീരത്തില്‍ ആവശ്യമില്ലാത്ത വസ്‌തുക്കളെയെല്ലാം പുറന്തളുന്നതും കരളാണ്. ശരീരത്തിലെ വിഷ പദാര്‍ഥങ്ങളെ അരിച്ച് മാറ്റുന്നത് കൊണ്ട് തന്നെ ശരീരത്തില്‍ പ്രവേശിക്കുന്ന വിഷ വസ്‌തുക്കള്‍ കാരണം വേഗത്തില്‍ അസുഖങ്ങള്‍ ബാധിക്കുന്നത് കരളിലാണെന്ന് പറയാം.
അമിത മദ്യപാനികളായവരില്‍ വേഗത്തില്‍ കരള്‍ അസുഖങ്ങള്‍ പിടിപ്പെടാനുള്ള കാരണവും ഇതാണ്. എന്നാള്‍ കരളിനെ മാത്രമല്ല ദീര്‍ഘ കാലമായുള്ള മദ്യപാനം തലച്ചോര്‍, ഹൃദയം എന്നിവയെയും ബാധിക്കുന്നുണ്ട്. കരളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടിയുണ്ടാകുന്ന ഫാറ്റി ലിവര്‍ മുതല്‍ സിറോസിസ് വരെയുള്ള രോഗങ്ങള്‍ വളരെ ഗുരുതര അസുഖങ്ങളായി മാറാറുണ്ട്. ഇത്തരം രോഗങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാല്‍ ഇതിന്‍റെ ലക്ഷണങ്ങളൊന്നും തുടക്കത്തില്‍ പ്രകടമാകണമെന്നില്ല. അസുഖങ്ങള്‍ വളരെയധികം മൂര്‍ച്ഛിക്കുന്ന സാഹചര്യത്തിലാണ് ഇവയുടെ ലക്ഷണങ്ങള്‍ വെളിവാകുക.
മദ്യപാനം ഫാറ്റി ലിവറിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. മദ്യത്തിലൂടെ കരളില്‍ ധാരാളം കൊഴുപ്പ് അടിഞ്ഞ് കൂടുന്നതാണ് ഇതിന് കാരണം. ഇത്തരത്തില്‍ നിരന്തരം അടിഞ്ഞ് കൂടുന്ന കൊഴുപ്പ് കരളിന് വീക്കം ഉണ്ടാക്കും. കരളില്‍ അടിഞ്ഞ് കൂടൂന്ന കൊഴുപ്പിനെ പരമാവധി കരള്‍ തന്നെ നിര്‍മാര്‍ജനം ചെയ്യാന്‍ ശ്രമിക്കാറുണ്ട്. അതിനായി കരള്‍ സ്വയം സ്‌കാര്‍ ടിഷ്യൂവിനെ ഉത്‌പാദിപ്പിക്കും. നിരവധി കോശങ്ങളും കൊളാജനും അടങ്ങിയതാണ് സ്‌കാര്‍ ടിഷ്യൂ. ഇതിലൂടെ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ കരള്‍ ശ്രമിക്കും. എന്നാല്‍ തുടര്‍ച്ചയായി കരളിന് സ്‌കാര്‍ ടിഷ്യൂ ഉത്‌പാദിപ്പിക്കേണ്ടതായി വന്നാല്‍ അത് പിന്നീട് സിറോസിസായി മാറും. ഇങ്ങനെയാണ് മാരകമായ കരള്‍ രോഗങ്ങള്‍ക്ക് കാരണമാകുന്നതെന്ന് പ്ലൈമൗത്ത് സർവകലാശാലയിലെ പ്രൊഫസര്‍ അശ്വിൻ ധണ്ഡ പറയുന്നു.