വാഷിങ്ടൺ:ആരോഗ്യമുള്ള ശരീരത്തിന് മതിയായ ഉറക്കം പ്രധാനമാണ്. പ്രത്യേകിച്ച് കൗമാരക്കാർക്ക്. രാത്രിയിൽ എട്ട് മണിക്കൂറിൽ താഴെ മാത്രം ഉറങ്ങുന്ന കൗമാരക്കാർക്ക് മതിയായ ഉറക്കം ലഭിക്കുന്ന സമപ്രായക്കാരേക്കാൾ പൊണ്ണത്തടിക്ക് സാധ്യത കൂടുതലാണെന്ന് പുതിയ പഠനം പറയുന്നു. വയറിന് ചുറ്റുമുള്ള അധിക കൊഴുപ്പ്, ഉയർന്ന രക്തസമ്മർദം, രക്തത്തിൽ അസാധാരണമായ അളവിൽ ലിപിഡ്, ഗ്ലൂക്കോസ് എന്നിവയുടെ അളവ് എന്നിവയ്ക്കും മതിയായ ഉറക്കം ലഭിക്കാത്തവരിൽ സാധ്യത കൂടുതലാണെന്ന് പഠനം പറയുന്നു.
ഗുരുതരം: മിക്ക കൗമാരപ്രായക്കാർക്കും വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ല. ഇത് അമിതഭാരത്തിനും ശരീരഭാരം വർധിക്കുന്നതിനുള്ള മറ്റ് ലക്ഷണങ്ങൾക്കും ഇടയാക്കും. ഇത് ഭാവിയിൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നും സ്പാനിഷ് നാഷണൽ സെന്‍റർ ഫോർ കാർഡിയോ വാസ്‌കുലാർ റിസർച്ചിലെ ഗവേഷകനായ ജീസസ് മാർട്ടിനെസ് ഗോമസ് പറയുന്നു. അമിതമായി മൊബൈൽ, ലാപ്‌ടോപ് എന്നിവ ഉപയോഗിക്കുന്നത് ഉറക്കക്കുറവുമായി ബന്ധമുണ്ടോ എന്നതിൽ പഠനം നടക്കുകയാണ്.
കൗമാരപ്രായക്കാർക്ക് പ്രായം കുറഞ്ഞവരേക്കാൾ കുറഞ്ഞ ഉറക്കം ലഭിക്കുന്നത് എന്തുകൊണ്ടാണെന്ന് പഠനത്തിലൂടെ മനസിലാക്കാമെന്നും ഗോമസ് പറയുന്നു. സ്‌പെയിനിലെ സെക്കൻഡറി സ്‌കൂളിലെ 1,229 കൗമാരപ്രായക്കാരായ കുട്ടികളിലാണ് ഉറക്കവും ആരോഗ്യവും തമ്മിലുള്ള ബന്ധം സംബന്ധിച്ച പഠനം നടത്തിയത്. 12, 14, 16 വയസുള്ള കുട്ടികളിൽ ധരിക്കാവുന്ന ആക്‌ടിവിറ്റി ട്രാക്കർ ഉപയോഗിച്ച് ഏഴ് ദിവസം ഉറക്കം അളന്നു.
നല്ല ആരോഗ്യത്തിനായി 6 മുതൽ 12 വയസുവരെയുള്ളവർ രാത്രി 9 മുതൽ 12 മണിക്കൂറും 13 മുതൽ 18 വയസ്സുവരെയുള്ളവർക്ക് 8 മുതൽ 10 മണിക്കൂറും ഉറങ്ങണമെന്ന് അമേരിക്കൻ അക്കാദമി ഓഫ് സ്ലീപ്പ് മെഡിസിൻ നിർദേശിക്കുന്നു. ഏഴ് മണിക്കൂറിൽ താഴെ ഉറങ്ങുന്നവരെ വളരെ കുറവ് ഉറക്കമുള്ളവർ, ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങുന്നവരെ കുറവ് ഉറക്കമുള്ളവർ, എട്ട് മണിക്കൂറോ അതിൽ കൂടുതലോ ഉറക്കുന്നവരെ ഉത്തമമായ ഉറക്കമുള്ളവർ എന്നിങ്ങനെ തരംതിരിച്ചു.