ശരീര ഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർ ഏറ്റവും കൂടുതൽ കേൾക്കാനിടയുണ്ടായിട്ടുള്ള ഒന്നാവും ഇടവിട്ടുള്ള ഉപവാസം (Intermittent fasting) എന്നത്. സെലിബ്രിറ്റികൾ മുതൽ ഫിറ്റ്‌നസ് പ്രേമികൾക്കിടയിൽ വരെ ഇടവിട്ടുള്ള ഉപവാസത്തിന് ആരാധകരേറെയാണ്. ഉപവസിച്ചു കൊണ്ട് തന്നെ ഇഷ്‌ടമുള്ളതെന്തും കഴിക്കാം എന്നതാണ് ഇതിന് മറ്റ് ഡയറ്റ് മാർഗങ്ങളേക്കാൾ കൂടുതൽ പ്രചാരം ലഭിക്കാൻ കാരണം.
എന്നാൽ ശരീരഭാരം കുറയ്‌ക്കുന്ന കാര്യത്തിൽ ഇടവിട്ടുള്ള ഉപവാസം പലപ്പോഴും മറ്റ് ഡയറ്റ് രീതികളേക്കാൾ മികച്ച ഫലം തരാറില്ല. ഇടവിട്ടുള്ള വ്രതത്തിലൂടെയുള്ള ഭക്ഷണ ക്രമീകരണത്തെ പ്രധാനമായും മൂന്ന് വിഭാഗങ്ങളായി തിരിക്കാം. ദിവസേനയുള്ള സമയ നിയന്ത്രിത ഭക്ഷണം : ഇത് ഭക്ഷണ സമയം ആറ് മുതല്‍ എട്ട് മണിക്കൂറായി ചുരുക്കുന്നു. ഈ മണിക്കൂര്‍ വ്യത്യാസത്തില്‍ ഭക്ഷണം കഴിക്കുന്നതാണ് വ്രതത്തിന്‍റെ രീതി.
5:2 ഉപവാസം : ആഴ്‌ചയില്‍ അഞ്ച് ദിവസം ഇഷ്‌ടമുള്ള ഭക്ഷണം ക്രമീകരണമില്ലാതെ കഴിക്കാം. ശേഷിച്ച രണ്ട് ദിവസം 500 കലോറി ഭക്ഷണം മാത്രം കഴിക്കുക. ഒന്നിടവിട്ട ദിവസങ്ങളിലെ ഉപവാസം. ഇടവിട്ടുള്ള ഉപവാസം ശരീരഭാരം കുറയ്‌ക്കുന്നതിൽ നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ ഇത് മറ്റ് ഡയറ്റ് രീതികളേക്കാൾ മികച്ചതാണെന്ന് ഇതുവരെ ഒരു പഠനവും തെളിയിച്ചിട്ടില്ല.
ഇടവിട്ടുള്ള ഉപവാസം നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവ് കുറയ്‌ക്കുമെങ്കിലും അതിന് പോരായ്‌മകളുമുണ്ട്. ഇത് നമ്മൾ ഏർപ്പെടുന്ന ശാരീരിക പ്രവർത്തനങ്ങളുടെ അളവും, വ്യായാമം ചെയ്യുന്നതിന്‍റെ കാഠിന്യവും കുറയ്‌ക്കുന്നു. ഇത് ശരീരഭാരം കുറയ്‌ക്കുന്നതിനെ ബാധിക്കുന്നില്ലെങ്കിലും ശാരീരിക പ്രവർത്തനങ്ങൾ കുറയുന്നത് ആരോഗ്യത്തെ മറ്റ് പല രീതിയിലും ബാധിച്ചേക്കാം. ഇത് പേശികളുടെ വലിപ്പം കുറയ്‌ക്കുന്നതിന് കാരണമാകുന്നു. ഫാസ്റ്റിങ് ഡയറ്റ് കൊഴുപ്പ് കുറയ്‌ക്കുന്നതിൽ ദൈനംദിന കലോറി നിയന്ത്രിക്കുന്നതിനേക്കാൾ ഫലപ്രദമല്ലെന്നും പഠനങ്ങൾ പറയുന്നു.