30 ദിവസത്തെ ഡയറ്റില്‍ കഠിനമായി വ്യായാമം ചെയ്യുന്ന എലികൾ കൊഴുപ്പടങ്ങിയ ഭക്ഷണത്തോട് വിരക്തി കാണിക്കുന്നതായി പഠനം. ഫിസിയോളജി ആൻഡ് ന്യൂറോ സയൻസ് ഗവേഷകനായ ട്രാവിസ് ബ്രൗണും വാഷിംഗ്ടൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെയും വ്യോമിങ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെയും സഹപ്രവർത്തകർ ചേർന്ന് നടത്തിയ പഠനം 'ഒബെസിറ്റി' ജേണലിൽ പ്രസിദ്ധീകരിച്ചു.
'ഇൻകുബേഷൻ ഓഫ് ക്രേവിങ്' എന്ന പ്രതിഭാസത്തോടുള്ള പ്രതിരോധം പരിശോധിക്കുന്നതിനായാണ് പരീക്ഷണം നടത്തിയത്. 28 എലികളെ പരീക്ഷണത്തിന് വിധേയമാക്കി. ഈ എലികളെ പാർപ്പിച്ചിരുന്ന കൂട്ടിൽ ഘടിപ്പിച്ചിരുന്ന ദണ്ഡിൽ അമർത്തുമ്പോൾ ഒരു പ്രകാശം തെളിയുകയും ശബ്‌ദം പുറപ്പെടുവിക്കുകയും ഒരു കൊഴുപ്പ് കൂടിയ ഭക്ഷണ പദാർഥം വരികയും ചെയ്യും. പരീക്ഷണത്തിൽ പ്രകാശം, ശബ്‌ദം എന്നീ സൂചനകൾ ലഭിക്കാൻ എലികൾ എത്ര തവണ ദണ്ഡ് അമർത്തുമെന്ന് പരിശോധിച്ചു.
ശേഷം ഗവേഷകർ എലികളെ രണ്ട് ഗ്രൂപ്പായി തിരിച്ചു. ഒരു ഗ്രൂപ്പിനെ കഠിനമായ ട്രെഡ്‌മിൽ ഓട്ടം പോലെയുള്ള വ്യായാമം ചെയ്യിപ്പിച്ചു. മറ്റേ ഗ്രൂപ്പിനെ പതിവ് വ്യായാമങ്ങൾ മാത്രം ചെയ്യിപ്പിച്ചു. രണ്ട് ഗ്രൂപ്പിനും 30 ദിവസത്തേക്ക് കൊഴുപ്പ് കൂടിയ ഭക്ഷണം നൽകിയില്ല.