സ്‌ത്രീകളില്‍ കാണപ്പെടുന്ന സെര്‍വിക്കല്‍ കാന്‍സറിനെ തടയുന്നതിനുള്ള തദ്ദേശീയ വാക്‌സിന്‍ പുറത്തിറക്കി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. സെര്‍വാക്ക് എന്നറിയപ്പെടുന്ന വാക്‌സിന്‍ ദേശീയ ബാലിക ദിനത്തോടനുബന്ധിച്ച് ജനുവരി 25നാണ് പുറത്തിറക്കിയത്.
സ്‌ത്രീകളിലുണ്ടാകുന്ന സെര്‍വിക് കാന്‍സറിനുള്ള ആദ്യത്തെ തദ്ദേശീയ വാക്‌സിന്‍ കൂടിയാണ് സെര്‍വാക്ക്. നിലവില്‍ ഇതിന് വാക്‌സിനുകള്‍ ലഭ്യമാണെങ്കിലും അതിനെക്കാള്‍ 100 ശതമാനം ഫലപ്രദമാണ് സെര്‍വാക്കെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
എന്താണ് സെര്‍വിക്കല്‍ കാന്‍സര്‍: സ്‌ത്രീകളിലെ ഗര്‍ഭാശയത്തിനും പ്രത്യുത്‌പാദന അവയവങ്ങള്‍ക്ക് ഇടയിലായുള്ള സെര്‍വിക് കോശങ്ങളെ ബാധിക്കുന്ന കാന്‍സറാണ് സെര്‍വിക്കല്‍ കാന്‍സര്‍. അണുബാധയില്‍ നിന്നാണ് സെവിക്കല്‍ കാന്‍സര്‍ ഉണ്ടാകുന്നത്. സ്‌പര്‍ശനത്തിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും പകരുന്ന ഈ വൈറസിന് 120ലേറെ വകഭേദങ്ങളുണ്ട്. അതില്‍ 14 തരം വൈറസാണ് അപകടകാരികളായവ.
എച്ച്.പി.വി 16,18 എന്നീ വൈറസുകളാണ് സെര്‍വിക്കല്‍ കാന്‍സറിന് കാരണമാകുന്നത്. സ്‌ത്രീകളില്‍ കാണപ്പെടുന്ന ഏറ്റവും മാരകമായ കാന്‍സറാണിത്. കഴിഞ്ഞ് കുറച്ച് വര്‍ഷങ്ങളിലായി രാജ്യത്ത് ഇത്തരം രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായതായി പഠനങ്ങള്‍ പറയുന്നു. ഓരോ വര്‍ഷവും ഒരു ലക്ഷത്തിലധികം സ്‌ത്രീകള്‍ക്ക് സെര്‍വിക്കല്‍ കാന്‍സര്‍ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കാന്‍സര്‍ ബാധിച്ചതില്‍ ഏകദേശം 67,000 പേര്‍ പ്രതിവര്‍ഷം മരിക്കുകയും ചെയ്യുന്നുണ്ട്.
രാജ്യത്ത് 30 മുതല്‍ 69 വയസ് വരെയുള്ള സ്‌ത്രീകളില്‍ 17 ശതമാനം പേരും കാന്‍സര്‍ ബാധിച്ച് മരിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 30 വയസിന് മുകളിലുള്ള സ്‌ത്രീകളിലാണ് സെര്‍വിക്കല്‍ കാന്‍സര്‍ സാധാരണയായി കാണപ്പെടുന്നത്. സെർവിക്കൽ ക്യാൻസറിനെയും അതിന്‍റെ കാരണങ്ങളെയും കുറിച്ച് കൂടുതലറിയാൻ വിദഗ്‌ധരുമായി ഇടിവി ഭാരത് ചര്‍ച്ച നടത്തിയിരുന്നു.
സ്ത്രീകളുടെ സെർവിക്‌സിലാണ് സെർവിക്കൽ ക്യാൻസർ ഉണ്ടാകുന്നത്. ഇതിന് കാരണമാകുന്നത് ഹ്യൂമൻ പാപ്പിലോമ വൈറസുകൾ (എച്ച്പിവി) വൈറസുകളാണെന്ന് ഡല്‍ഹിയില്‍ നിന്നുള്ള ഗൈനക്കോളജിസ്റ്റായ ഡോ. നിധി കോത്താരി പറഞ്ഞു. എന്നാല്‍ എല്ലാതരം എച്ച്പിവികളും സെര്‍വിക്കല്‍ കാന്‍സറിന് കാരണമാകില്ലെന്നും ഡോക്‌ടര്‍ കൂട്ടിച്ചേര്‍ത്തു.
എച്ച്പിവി ലൈംഗിക ബന്ധത്തിലൂടെയുള്ള അണുബാധയിലുടെയുണ്ടാകുന്ന ഒരു രോഗമാണ്. അതിന്‍റെ ആരംഭ ഘട്ടത്തില്‍ ലക്ഷണങ്ങള്‍ കണ്ടെന്ന് വരില്ലെന്നും ലക്ഷണങ്ങള്‍ പ്രകടമാകുമ്പോഴേക്കും രോഗം മൂര്‍ച്ഛിക്കുകയും രോഗിയുടെ പങ്കാളിയ്‌ക്ക് പകരുകയും ചെയ്‌തിരിക്കുമെന്ന് ഡോ. നിധി കോത്താരി വ്യക്തമാക്കി. എല്ലാതരം എച്ച്പിവികളും കാന്‍സറിന് കാരണമാകില്ല.
വൈറസ് ശരീരത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ അത് കാന്‍സറായി മാറുന്നതിന് മറ്റ് ചില ഘടകങ്ങള്‍ കൂടിയുണ്ട്. ശരീരത്തിന്‍റെ പ്രതിരോധ ശേഷി ഒരു പ്രധാന ഘടകമാണ്. രോഗ പ്രതിരോധ ശേഷി കൂടുതലുള്ള ഒരി സ്‌ത്രീയുടെ ശരീരത്തില്‍ വൈറസെത്തി കഴിഞ്ഞാല്‍ അത് കാന്‍സറായി മാറുന്നതിന് 15 മുതല്‍ 20 വര്‍ഷമെങ്കിലും എടുക്കും. എന്നാല്‍ പ്രതിരോധ ശേഷി കുറഞ്ഞവരിലാണെങ്കില്‍ 5 മുതല്‍ 10 വര്‍ഷം മാത്രം മതി കാന്‍സറായി മാറുന്നതിന്.
സെര്‍വിക്കല്‍ കാന്‍സര്‍ ആദ്യ വളരാന്‍ തുടങ്ങുന്നത് ഗർഭാശയത്തിന്‍റെ ഏറ്റവും താഴ്ന്ന ഭാഗമായ സെർവിക്‌സിന്‍റെ കോശങ്ങളിലാണ്. യോനിക്ക് ഏറ്റവും അടുത്ത് കാണപ്പെടുന്ന ഭാഗമാണ് സെര്‍വിക്‌സ്. ഈ വൈറസ് ബാധ കാന്‍സറായി മാറുമ്പോള്‍ ആദ്യം അരിമ്പാറയെ പോലുള്ള കുമിളകളാണ് പ്രത്യക്ഷപ്പെടുക. അത് പിന്നീട് കാൻസർ കോശങ്ങളായി മാറും.
സെർവിക്കൽ കാന്‍സറിന്‍റെ പ്രീ-കാന്‍സര്‍ പീരിയഡ് വളരെ ദൈർഘ്യമേറിയതാണ്. അതുകൊണ്ട് തന്നെ അവയെ തുടക്കത്തില്‍ തിരിച്ചറിയാന്‍ പ്രയാസമാണ്. അതേസമയം സമയബന്ധിതമായ പരിശോധനകളിലൂടെയോ മറ്റ് മാർഗങ്ങളിലൂടെയോ ഈ രോഗം കണ്ടെത്തുകയാണെങ്കില്‍ അതിനെ ഫലപ്രദമായ ചികിത്സയിലൂടെ പൂര്‍ണമായും മാറ്റിയെടുക്കാനാകുമെന്നും ഡോ. നിധി കോത്താരി പറഞ്ഞു.
സെര്‍വിക്കല്‍ കാന്‍സറിന് കാരണം: സ്‌ത്രീകളില്‍ കാണപ്പെടുന്ന സങ്കീര്‍ണമായ സെര്‍വിക്കല്‍ കാന്‍സറിന് കാരണങ്ങള്‍ നിരവധിയാണ്. ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനം
- ഗർഭനിരോധന മാർഗങ്ങളുടെ ദീർഘകാല ഉപയോഗം
- മുന്‍കാലങ്ങളിലെ ലൈംഗിക പ്രവര്‍ത്തനങ്ങള്‍
- ഒന്നിലധികം പേരുമായുള്ള ലൈംഗിക ബന്ധം
- പുകയില ഉപയോഗം
- പുകവലി
- എച്ച്ഐവി ബാധയുള്ളവരോ അല്ലെങ്കില്‍ സമാന തരത്തിലുള്ള ക്ലമീഡിയ, ട്രാക്കോമാറ്റിസ്, ഹെര്‍പ്പസ് സിംപ്ലക്‌സ് വൈറസ് ബാധ എന്നിവയാണ് സെര്‍വിക്സ് കാന്‍സറിന് കാരണമാകുന്നത്. കൂടാതെ ജനിതക, രോഗ പ്രതിരോധ ശേഷി എന്നിവയും കാരണമാകാറുണ്ട്.
ഇന്ത്യയിൽ ഇതുവരെ സെർവിക്കൽ കാൻസർ തടയുന്നതിന് ആഗോള തലത്തിൽ ലൈസൻസുള്ള രണ്ട് കമ്പനികളുടെ (ഗാർഡാസിൽ, ഗ്ലാക്സോ സ്‌മിത്ത്ക്ലൈൻ) വാക്‌സിനുകൾ (ഗാർഡാസിൽ 9, സെർവാരിക്‌സ്) ലഭ്യമാണ്. ഈ വാക്‌സിനുകള്‍ 70 ശതമാനം ഫലപ്രാപ്‌തിയാണ് നല്‍കുക. എന്നാല്‍ തദ്ദേശീയമായി പുറത്തിറക്കിയ സെര്‍വാക്ക് വാക്‌സിന്‍ സെര്‍വിക്കല്‍ കാന്‍സര്‍ കൂടാതെ വൾവർ അല്ലെങ്കിൽ മറ്റ് ജനനേന്ദ്രിയ അർബുദം, മലദ്വാരം, ഓറോഫറിഞ്ചിയൽ കാൻസർ എന്നിവയും തടയുമെന്ന് വിദഗ്‌ധര്‍ പറയുന്നു.
എച്ച്‌പിവി വൈറസിന്‍റെ ടൈപ്പ് 6, ടൈപ്പ് 11, ടൈപ്പ് 16, ടൈപ്പ് 18 എന്നിവയ്‌ക്കെതിരെ കൂടുതൽ സജീവമായി പ്രവര്‍ത്തിക്കാനും അവ മൂലമുണ്ടാകുന്ന അണുബാധ സാധ്യത കുറയ്‌ക്കാനും സെര്‍വാക്ക് വാക്‌സിന് സാധിക്കുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ശരീരത്തില്‍ ശക്തമായ ആന്‍റിബോഡിയായി പ്രവര്‍ത്തിക്കാന്‍ വാക്‌സിന് കഴിയും. 9 വയസിനും 14 വയസിനും ഇടയിലുള്ള പെണ്‍കുട്ടികള്‍ക്ക് സെര്‍വാക്ക് വാക്‌സിന്‍ നല്‍കിയാല്‍ ഭാവിയില്‍ കാന്‍സര്‍ തടയാന്‍ സാധിക്കുമെന്ന് ഡോ കോത്താരി പറയുന്നു
സെർവിക്കൽ കാൻസർ തടയാൻ വാക്‌സിന്‍ വളരെ ഗുണകരമാണെന്നും അതുകൊണ്ട് തന്‍റെ അടുക്കൽ വരുന്ന മിക്ക സ്‌ത്രീകളോടും വാക്‌സിന്‍ എടുക്കാൻ ഉപദേശിക്കാറുണ്ടെന്നും ഡോക്‌ടര്‍ പറഞ്ഞു. എന്നാല്‍ 21 വയസിന് മുകളിലുള്ള സ്‌ത്രീകളാണെങ്കില്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തണം.
മൂന്ന് വര്‍ഷത്തിലൊരിക്കല്‍ 'പാപ്പ് സ്‌മിയര്‍' എന്ന പരിശോധനക്ക് വിധേയരാകണം. കാന്‍സര്‍ മാത്രമല്ല ഗര്‍ഭാശയ ജനനേന്ദ്രിവുമായ ബന്ധപ്പെട്ട ഗുരുതരമായ രോഗങ്ങളും കണ്ടെത്താന്‍ പരിശോധനയിലൂടെ സാധിക്കും. കൃത്യ സമയത്ത് രോഗ നിര്‍ണയം നടത്തിയാല്‍ ചികിത്സയിലൂടെ പൂര്‍ണമായും മാറുന്ന രോഗമാണ് സെര്‍വിക്കല്‍ കാന്‍സറെന്ന് ഡോ.നിധി കോത്താരി പറയുന്നു.