ന്യൂഡല്‍ഹി:ശരീരത്തിലെ രക്തത്തിന്‍റെ മഹത്വത്തെ കുറിച്ച് ഏറെ ബോധവാന്മാരാണ് നമ്മള്‍. ശരീരത്തില്‍ ആവശ്യത്തിനുള്ള രക്തം ഉണ്ടെങ്കില്‍ മാത്രമെ ആരോഗ്യകരമായ ജീവിതം നയിക്കാനാകൂ. ശരീരത്തില്‍ നടക്കുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും രക്തം ആവശ്യമായി വരുന്നുണ്ട്.
അതുകൊണ്ട് ശരീരത്തില്‍ കൃത്യമായ അളവില്‍ അത് നിലനിര്‍ത്താന്‍ ശ്രദ്ധിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതിന് സഹായകമാകുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ ധാരാളം കഴിക്കുകയെന്നതാണ് ഇതിനുള്ള പ്രധാന മാര്‍ഗം. രക്തത്തില്‍ നിരവധി ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്.
പ്ലാസ്‌മ, ചുവന്ന രക്താണുക്കള്‍, വെളുത്ത രക്താണുക്കള്‍, പ്ലേറ്റ്‌ലെറ്റുകള്‍ തുടങ്ങി നിരവധി ഘടകങ്ങളാണ് രക്തത്തില്‍ അടങ്ങിയിട്ടുള്ളത്. ശരീരത്തിലുണ്ടാകുന്ന ചില കാരണങ്ങള്‍ കൊണ്ടോ അല്ലെങ്കില്‍ രക്തത്തില്‍ കാണപ്പെടുന്ന ഘടകങ്ങളുടെ അഭാവം മൂലമോ കാരണം ശരീരത്തില്‍ രക്തത്തിന്‍റെ അഭാവം സംഭവിക്കുന്നു. ഇത്തരത്തിലുണ്ടാകുന്ന അവസ്ഥയാണ് അനീമിയ.
സ്ഥിരമായി അനീമിയ ഉണ്ടാകുന്ന ഒരാളില്‍ നിരവധി മറ്റ് രോഗങ്ങളും കാണപ്പെടും. ഇത് ഒരു പ്രത്യേക സാഹചര്യത്തിലോ അല്ലെങ്കില്‍ ഭക്ഷണത്തില്‍ വേണ്ടത്ര പോഷണം ലഭിക്കാത്തത് കൊണ്ടോ ഉണ്ടാകുന്ന അവസ്ഥയാണ്. എന്നാല്‍ പാരമ്പര്യമായി രക്തത്തെ ബാധിക്കുന്ന ഇത്തരത്തിലുള്ള രോഗങ്ങളുണ്ട്. അവയിലൊന്നാണ് സിക്കിള്‍ സെല്‍ ഡിസീസ് അഥവാ അരിവാള്‍ രോഗം.
എന്താണ് സിക്കിള്‍ സെല്‍ ഡിസീസ്: രക്തത്തിലെ ചുവന്ന രക്താണുക്കളെ ബാധിക്കുന്ന പാരമ്പര്യ രോഗമാണ് സിക്കിള്‍ സെല്‍ ഡിസീസ്. ചില പ്രത്യേക ജനിതക കാരണം കൊണ്ട് ചുവന്ന രക്താണുക്കളിലുണ്ടാകുന്ന അസാധാരണമായ രൂപമാറ്റമാണിത്. രോഗം ബാധിക്കുന്നവരിലെ രക്താണുക്കള്‍ അരിവാളിന്‍റെ രൂപമായി കാണപ്പെടും.
അതുകൊണ്ടാണിത് അരിവാള്‍ രോഗമെന്ന് അറിയപ്പെടുന്നത്. ശരീരത്തിലെ രക്താണുക്കള്‍ സാധാരണ ജീവിക്കുന്നതിനെക്കാള്‍ കുറഞ്ഞ കാലയളവ് മാത്രമാണ് ജീവിക്കുകയുള്ളൂ.
അരിവാള്‍ രോഗത്തിന്‍റെ ലക്ഷണങ്ങള്‍:സിക്കില്‍ സെല്‍ ഡിസീസ് ഉള്ളവരുടെ ശരീരത്തില്‍ ബില്‍ റൂബിന്‍റെ അളവ് വളരെയധികം കൂടുതലായാണ് കാണപ്പെടുക. അതുകൊണ്ട് അസുഖ ബാധിതരുടെ കണ്ണുകളില്‍ മഞ്ഞ നിറം കൂടുതലായിരിക്കും. മഞ്ഞപ്പിത്തം ബാധിച്ചത് പോലെ തോന്നിക്കുമെങ്കിലും അവര്‍ മഞ്ഞപ്പിത്ത ബാധിതരായിരിക്കില്ല. ഇതിന് പുറമെ ശ്വാസം മുട്ടല്‍, പനി, കൈകാല്‍ വേദന, വയറുവേദന തുടങ്ങിയ രോഗങ്ങളും ഉണ്ടാകും.
ഒരാളില്‍ സിക്കിള്‍ സെല്‍ ഡിസീസ് ലക്ഷണങ്ങള്‍ പ്രകടമായ ഉടന്‍ തന്നെ വൈദ്യ സഹായം ലഭ്യമാക്കണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പറയുന്നു. ന്യൂറോളജിയുമായി ബന്ധപ്പെട്ടുള്ള എന്തെങ്കിലും അസുഖങ്ങളോ ശാരീരിക അസ്വസ്ഥതകളോ പ്രകടമായാല്‍ ഉടനടി ആശുപത്രിയിലെത്തിക്കണമെന്നും ഐസിഎംആര്‍ പറയുന്നു. സിക്കിള്‍ സെല്‍ ഡിസീസ് ശരീരത്തിലെ ആരോഗ്യമുള്ള ചുവന്ന രക്താണുക്കളെ നശിപ്പിക്കുകയും അത് ശരീരത്തിലെ രക്‌തപ്രവാഹത്തെ തടസപ്പെടുത്തുകയും ചെയ്യും.
ഇന്ത്യയില്‍ പ്രധാനമായും ആദിവാസി സമൂഹത്തിലാണ് സിക്കിള്‍ സെല്‍ ഡിസീസ് കാണപ്പെടുന്നതെന്നാണ് പഠനങ്ങള്‍ പറയുന്നത്. രാജ്യത്ത് പിറന്ന് വീഴുന്ന 86 കുഞ്ഞുങ്ങളില്‍ ഒരു കുഞ്ഞിന് ഈ രോഗം കാണപ്പെടുന്നുണ്ട്. സിക്കിള്‍ സെല്‍ ഡിസീസ് ഉള്ളവരില്‍ രക്തത്തിലൂടെ ശരീരത്തിലേക്ക് ഓക്‌സിജന്‍ വഹിച്ച് കൊണ്ട് പോകുന്ന പ്രവര്‍ത്തനം ചെറിയ തോതില്‍ മാത്രമെ നടക്കുകയുള്ളൂ.
മാത്രമല്ല ചില സമയങ്ങളില്‍ അത് പൂര്‍ണമായും നടക്കാതിരിക്കുകയും ചെയ്യും. അത് മറ്റ് ശാരീരിക പ്രയാസങ്ങള്‍ കാരണമാകും. അതുകൊണ്ട് തന്നെ സിക്കിള്‍ സെല്‍ ഡിസീസ് രോഗം ഉള്ളവരെ നേരത്തെ തന്നെ തിരിച്ചറിഞ്ഞ് ചികിത്സ ലഭ്യമാക്കണമെന്നും എസിഎംആര്‍ നിര്‍ദേശിക്കുന്നു. നിലവില്‍ സിക്കിള്‍ സെല്‍ ഡിസീസ് കൂടുതലായി കാണുന്ന ആദിവാസി മേഖലകളിലും ഇതിനെതിരെ പൊരുതുന്നതിനായി ഗോത്രകാര്യ മന്ത്രാലയം എസ്‌സിഡി സപ്പോര്‍ട്ട് സെന്‍റര്‍ ആരംഭിച്ചിട്ടുണ്ടെന്നും ഐസിഎംആര്‍ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.