ഹൈദരാബാദ്:ഒക്‌ടോബര്‍ 10, മാനസികാരോഗ്യ ദിനമായി ലോകം ആചരിക്കുകയാണ്. ആഗോളതലത്തില്‍ തന്നെ ആളുകളില്‍ മാനസികാരോഗ്യം സംബന്ധിച്ച് വലിയ വെല്ലുവിളികള്‍ നേരിടുന്നതായി ധാരാളം പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പുറമെ, ഇപ്പോള്‍ മാനസികാരോഗ്യവും കൊവിഡും എന്ന വിഷയത്തില്‍ വീണ്ടും ഗവേഷണ ഫലം പുറത്തുവന്നിരിക്കുകയാണ്. ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇതേക്കുറിച്ചുള്ള പഠനം നടത്തിയത്.
കൊവിഡിനെ തുടര്‍ന്ന് 80% ആളുകൾക്കും ഉറക്കക്കുറവ് സംഭവിച്ചതായാണ് ഹൈദരാബാദ് സര്‍വകലാശാല സർവേ ഫലം പറയുന്നത്. കൊവിഡിനെ തുടര്‍ന്ന് ഉയര്‍ന്ന രക്തസമ്മര്‍ദം അനുഭവപ്പെടുകയും ഇങ്ങനെ 80 ശതമാനം ആളുകളും ഉറക്കക്കുറവ് പ്രശ്‌നം നേരിടുന്നതായി പഠനഫലം വ്യക്തമാക്കുന്നു. യൂണിവേഴ്‌സിറ്റിയിലെ ഹെൽത്ത് സൈക്കോളജി വിഭാഗത്തിലെ പ്രൊഫസര്‍ മീന ഹരിഹരനും ഒയെൻഡ്രില്ല മുഖർജിയുമാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്.
ഗവേഷണത്തില്‍ പങ്കെടുത്തത് 400 പേര്‍:ഹൈദരാബാദിന്‍റെ വിവിധ പ്രദേശങ്ങളില്‍ വൃത്യസ്‌ത സമുദായങ്ങളിൽ നിന്നുള്ള 400 പേരെയാണ് സർവേയ്‌ക്കായി തെരഞ്ഞെടുത്തത്. ഉയർന്ന രക്തസമ്മർദം മൂലം തലവേദന, തലകറക്കം, ഛര്‍ദി, കാലില്‍ നീർവീക്കം, അസാധാരണമായ ഹൃദയമിടിപ്പ് എന്നിവ അനുഭവപ്പെടുന്നു. ഇക്കാരണമാണ് ആളുകളെ ഉറക്കമില്ലായ്‌മയിലേക്ക് നയിക്കുന്നത്. കുടുംബത്തിന്‍റെ പിന്തുണകൊണ്ട് ബാക്കിയുള്ള 20 ശതമാനം പേരും ഉറക്കമില്ലായ്‌മയെ മറികടന്നെന്ന് പഠനം വിശദീകരിക്കുന്നു.
''കൊവിഡിനെ തുടര്‍ന്ന് നിരവധി പേരില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങൾ കണ്ടുവരുന്നുണ്ട്. ഇത് കൈകാര്യം ചെയ്യാന്‍ പലര്‍ക്കും കഴിയുന്നത് കുടുംബത്തില്‍ നിന്നും കിട്ടുന്ന ശക്തമായ പിന്തുണയാണ്''. - പ്രൊഫസര്‍ മീന ഹരിഹരൻ പറയുന്നു. ശക്തമായ മാനസികാരോഗ്യത്തിന് കുടുംബം പോലെത്തന്നെ സമൂഹ മനസ്ഥിതിയും ശക്തമായിരിക്കണം. ജീവിതത്തിൽ നിങ്ങൾ എത്രമാത്രം സമ്മർദം നേരിട്ടാലും സാമൂഹിക പിന്തുണയോടെ അതിനെ മറികടക്കാൻ കഴിയുമെന്നതാണ് വസ്‌തുത. അതുകൊണ്ടാണ് കൊവിഡ് സമയത്ത്, നിരവധി ആളുകൾക്ക് മാനസിക വെല്ലുവിളികളെ തരണം ചെയ്യാൻ കഴിഞ്ഞതെന്നും പ്രൊഫസര്‍ മീന ചൂണ്ടിക്കാട്ടുന്നു.
മനസ് 'നന്നാവാന്‍' വേണം പിന്തുണ:മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലികളും ആഡംബര ജീവിതവും പലപ്പോഴും ആളുകളെ മാനസിക സമ്മർദത്തിലേക്ക് നയിക്കാറുണ്ട്. കൂടിക്കൂടി വരുന്ന കടങ്ങളും മറ്റും ഇതിനൊരു പ്രധാന കാരണമാണ്. തിരക്കുപിടിച്ചുള്ള ജീവിതം നയിക്കുന്ന കുടുംബങ്ങള്‍ക്ക് അവരുടെ വീട്ടിലെ അംഗങ്ങളുടെ കാര്യത്തില്‍ കൃത്യമായ ശ്രദ്ധ പുലര്‍ത്തുന്നതില്‍ വീഴ്‌ച വരുത്തുന്നുണ്ട്. ഇങ്ങനെ പല സാഹചര്യവും കണക്കിലെടുത്ത് മാനസികാരോഗ്യത്തെക്കുറിച്ച് അവബോധം നല്‍കുന്നതിനാണ് എല്ലാ വർഷവും ഒക്‌ടോബർ 10 ന് ലോകം മാനസികാരോഗ്യ ദിനം ആചരിക്കുന്നത്.
നേരത്തേ, ആളുകൾ അവരുടെ മാനസികാരോഗ്യം സംബന്ധിച്ച് മറ്റുള്ളവരോട് സംസാരിക്കുന്നതിൽ നിന്ന് പലപ്പോഴും ഒഴിഞ്ഞുമാറുന്നത് പതിവായിരുന്നു. എന്നാൽ, അടുത്ത കാലത്തായി ആഗോളതലത്തിൽ തന്നെ ഈ രീതിയ്‌ക്ക് മാറ്റംവന്നിട്ടുണ്ട്. കൊവിഡ് വ്യാപനത്തിന് ശേഷം മാനസികാരോഗ്യം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ചുള്ള സംവാദങ്ങളും ബോധവത്‌കരണവും കൂടിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള നിരവധി മനോരോഗ വിദഗ്‌ധരുടെയും ഗവേഷകരുടെയും പഠനങ്ങള്‍ അനുസരിച്ച് എല്ലാ പ്രായത്തിലുമുള്ള ആളുകളിലും മാനസിക പ്രശ്‌നങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ലോക മാനസികാരോഗ്യ ദിനം ആചരിക്കുന്നതിന്‍റെ പ്രാധാന്യവും വർധിച്ചിട്ടുണ്ട്.