ഉറക്കമില്ലായ്മ പല ശാരീരിക മാനസിക പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. ഉറക്കം ശരിയായി കിട്ടിയില്ലെങ്കില്‍ കണ്ണുകള്‍ വരണ്ടിരിക്കുകയും അവയില്‍ ചൊറിച്ചല്‍ ഉണ്ടാകുകയും ചെയ്യും. ദീര്‍ഘകാലമായുള്ള ഉറക്കമില്ലായ്‌മ കണ്ണുകള്‍ക്ക് പല രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
കണ്ണിന്‍റെ സുതാര്യമായ പടലമായ കോര്‍ണിയ കണ്ണിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നതിലും അതിന്‍റെ പ്രവര്‍ത്തനത്തിലും നിര്‍ണായക പങ്കാണ് വഹിക്കുന്നത്. മൂല കോശങ്ങളാണ് കോര്‍ണിയയെ സംരക്ഷിക്കുന്നത്. ഈ മൂല കോശങ്ങള്‍ വിഭജിച്ചുകൊണ്ടാണ് നശിച്ചുകൊണ്ടിരിക്കുന്ന കോശങ്ങള്‍ക്ക് പകരമാവുന്നത്. കണ്ണുകളിലെ ചെറിയ മുറിവുകള്‍ പരിഹരിക്കുന്നതും ഈ മൂല കോശങ്ങള്‍ വിഭജിച്ചുകൊണ്ടാണ്.
അതുകൊണ്ട് തന്നെ കോര്‍ണിയയുടെ മൂലകോശത്തിന്‍റെ പ്രവര്‍ത്തനം ശരിയായി നടക്കേണ്ടത് കണ്ണുകളുടെ ആരോഗ്യ സംരക്ഷണത്തിന് അത്യാന്താപേക്ഷിതമാണ്. കോര്‍ണിയ മൂല കോശത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകുമ്പോള്‍ കാഴ്ച കുറവ് അടക്കമുള്ള കണ്ണ് രോഗങ്ങള്‍ ഉണ്ടാകുന്നു. ചൈനയിലെ സിയാമെന്‍ സര്‍വകലാശാലയിലേയും യുഎസിലെ ഹാര്‍വേര്‍ഡ് സര്‍വകലാശാലയിലേയും ഗവേഷകര്‍ സംയുക്തമായി നടത്തിയ പഠനം ഉറക്കകുറവ് കോര്‍ണിയ മൂല കോശങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതിനെ പറ്റിയാണ്.
'സ്‌റ്റമ് സെല്‍റിപ്പോര്‍ട്ട്സ്' എന്ന ശാസ്ത്ര ജേര്‍ണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. എലികളിലാണ് പഠനനം നടത്തിയത്. പഠനത്തില്‍ കണ്ടെത്തിയത് ചെറിയ കാലയളവിലെ ഉറക്കമില്ലായ്‌മ കോര്‍ണിയയിലെ മൂല കോശം വിഭജിക്കുന്നതിന്‍റെ നിരക്ക് വര്‍ധിപ്പിക്കുന്നു എന്നാണ്. അതേസമയം ഉറക്കമില്ലായ്‌മ കോര്‍ണിയയിലെ പ്രൊട്ടക്റ്റീവ് ടിയര്‍ ഫിലിമിന്‍റെ ഘടന മാറ്റുന്നു എന്നും കണ്ടെത്തി.
ദീര്‍ഘ കാലയളവിലുള്ള ഉറക്കമില്ലായ്‌മ കോര്‍ണിയയുടെ ആരോഗ്യത്തിന് ഗുരുതരമായ പ്രശ്നങ്ങള്‍ വരുത്തിവയ്‌ക്കുന്നതായും കണ്ടെത്തി. കോര്‍ണിയയുടെ സാന്ദ്രത കുറയുക, ചുളിയുക തുടങ്ങിയ തുടങ്ങിയ പ്രശ്നങ്ങളാണ് ഇതുമൂലം ഉണ്ടാകുന്നത്. മൂല കോശങ്ങളുടെ എണ്ണം കുറയുന്നതായും കണ്ടെത്തി. മൂല കോശങ്ങള്‍ നശിക്കുന്നതുകൊണ്ട് തന്നെ കാഴ്ച കുറവ് ഉണ്ടാകാനുള്ള സാധ്യതയാണ് വര്‍ധിക്കുന്നത്.
എലികളില്‍ നടത്തിയ പഠനത്തിന്‍റെ പശ്ചാത്തലത്തില്‍ മനുഷ്യരില്‍ ഇത് എങ്ങനെ ബാധിക്കുന്നു എന്നുള്ളതിനെപറ്റി കൂടുതല്‍ പഠനം നടത്തണം. ആന്‍റി ഓക്സിഡന്‍റ് ചികിത്സ ഉറക്കകുറവ് കൊണ്ട് ഉണ്ടാകുന്ന കോര്‍ണിയയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമോ എന്നുള്ളതിനെ കുറിച്ചും പരിശോധിക്കേണ്ടതുണ്ട്.
ഉറക്കകുറവ് പരിഹരിക്കുന്നതിന് സഹായിക്കുന്ന ആറ് ഭക്ഷണയിനങ്ങള്‍