കൊവിഡാനന്തരം തലച്ചോറില്‍ പ്രശ്നങ്ങള്‍ ഉണ്ടായേക്കാമെന്നും ഇത് മരണത്തിന് വരെ കാരണമായേക്കാമെന്നും പഠനം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോളജിക്കല്‍ ഡിസോഡേഴ്സ് ആന്‍ഡ് സ്ട്രോക്കും (എന്‍ ഐ എന്‍ ഡി എസ്), യു എസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തും ചേര്‍ന്ന് നടത്തിയ ഗവേഷണമാണ് ഇക്കാര്യം വിശദീകരിക്കുന്നത്. കൊവിഡാനന്തരം മസ്തിഷ്ക മരണം സംഭവിച്ച ഒമ്പത് പേരിലായിരുന്നു പഠനം.
കൊവിഡാനന്തരം തലച്ചോറിലുണ്ടായ ആന്‍റി ബോഡികള്‍, പ്രോട്ടീനുകള്‍ തുടങ്ങിയവ സംബന്ധിച്ചും, വൈറസിനെ പ്രതിരോധിക്കാനായി രൂപപ്പെട്ട സെല്ലുകളെയും രക്തക്കുഴലുകളിലെ മാറ്റങ്ങളെയും കുറിച്ചുമടക്കം നിരവധി കാര്യങ്ങളാണ് പഠനത്തിലൂടെ പുറത്തുവന്നത്. നേരത്തെ സമാന സംഘം നടത്തിയ പഠനത്തില്‍ സാര്‍സ് കൊവിഡ് -2 തലച്ചോറിനെ നേരിട്ട് ബാധിക്കില്ലെന്ന് കണ്ടെത്തിയിരുന്നു.
എന്നാല്‍ ന്യൂറോളജിക്കല്‍ പ്രശ്നങ്ങളുള്ള ചിലരില്‍ വൈറസ് ദോഷകരമായി ബാധിച്ചേക്കാമെന്ന് പുതിയ പഠനം പറയുന്നു. കൊവിഡ് ബാധിച്ച രോഗിയില്‍ പ്രതിരോധത്തിനായി ശരീരം ചില ആന്‍റിബോഡികള്‍ ഉത്പാദിപ്പിക്കും. ഇവ ചിലപ്പോള്‍ ശരീരത്തിന് നല്ലതും അതേസമയം ചില സെല്ലുകള്‍ക്ക് ദോഷകരവുമാണ്.
ഇത്തരത്തില്‍ ദോഷകരമായി ബാധിക്കുന്ന ചില ആന്‍റിബോഡികള്‍ തലച്ചോറിലേക്കുള്ള രക്തക്കുഴലുകളെ തകരാറിലാക്കുമെന്ന് ബ്രെയിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ ഗവേഷകര്‍ അവകാശപ്പെടുന്നു.
എൻഡോതീലിയം സെല്ലുകളെ തകരാറിലാക്കും:കൊവിഡാനന്തരം ഉണ്ടാകുന്ന ചില ആന്‍റിബോഡികള്‍ രക്തക്കുഴലുകള്‍ക്ക് കട്ടിയും ബലവും നല്‍കുന്ന എൻഡോതീലിയം സെല്ലുകളെ തകരാറിലാക്കും. ഇത്തരത്തില്‍ കേടുപാട് സംഭവിക്കുന്ന രക്തക്കുഴലുകള്‍ക്ക് കട്ടിയും ഇലാസ്തികതയും കുറയുകയും ഇവ പൊട്ടാനോ ചോരാനോ കാരണമാകുകയും ചെയ്യും.