ഒരു സ്‌ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടങ്ങളിലൊന്നാണ് ഗര്‍ഭകാലം. ഗർഭാവസ്ഥയിലായിരിക്കുന്ന 9 മാസ കാലയളവിൽ സ്‌ത്രീശരീരം നിരവധി മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അതുകൊണ്ട് തന്നെ അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യം സംരക്ഷിക്കാൻ ശാരീരികവും മാനസികവുമായ പരിചരണം അത്യാവശ്യമാണ്.
പ്രത്യേകിച്ച്, ഒരു തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തിയാണെങ്കിൽ കൂടുതൽ ജാഗ്രത പാലിക്കേണ്ടതായുണ്ട്. എന്നാൽ ഇത്തരം കാലയളവില്‍ ജോലി ചെയ്യുക എന്നത് അത്ര എളുപ്പമുള്ള ഒരു കാര്യമായിരിക്കില്ല. ജോലിസമ്മർദങ്ങൾക്കിടയിലും ആരോഗ്യസംരക്ഷണം ഉറപ്പാക്കുക എന്നത് വലിയ വെല്ലുവിളിയാണ്.
സ്ഥിരമായി ഓഫിസിൽ പോകേണ്ടി വരുന്ന സ്‌ത്രീകൾക്ക് ഈ ഘട്ടം വളരെ മടുപ്പുളവാക്കുമെന്നും അതിനാൽ കൂടുതൽ വിശ്രമവും കൃത്യമായ ആരോഗ്യപരിപാലനവും നൽകേണ്ടതുണ്ടെന്നും ഉത്തരാഖണ്ഡിലെ ഗൈനക്കോളജിസ്റ്റ് ഡോ. വിജയലക്ഷ്‌മി പറയുന്നു. ഗര്‍ഭകാലത്തെ ജോലിത്തിരക്കുകൾക്കിടയിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ച് ഡോക്‌ടർ പറയുന്നതിങ്ങനെ:
ജോലിക്കിടയിൽ കൃത്യമായ ഇടവേളകൾ എടുക്കുക:പലപ്പോഴും ഓഫിസ് ജോലികൾ മണിക്കൂറുകളോളം ഒരിടത്ത് തന്നെ ഇരുന്നു ചെയ്യേണ്ടതായി വരാറുണ്ട്. പ്രത്യേകിച്ച് ഗർഭകാലയളവിൽ ഇത് പല ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകുമെന്ന് ഡോ. വിജയലക്ഷ്‌മി പറയുന്നു. അതിനാൽ ജോലിക്കിടെ കൃത്യമായ ഇടവേളകൾ എടുത്ത് വിശ്രമിക്കുന്നതും അൽപം നടക്കുന്നതും നല്ലതാണ്.
ഗർഭാവസ്ഥയിൽ ശരീരഭാരം വർധിക്കുന്നതുകൊണ്ട് തന്നെ ചില ഭാഗങ്ങളിൽ, പ്രത്യേകിച്ച് കാലുകളിൽ വീക്കമോ വേദനയോ അനുഭവപ്പെടാനിടയുണ്ട്. മണിക്കൂറുകളോളം കാലുകൾ തറയിൽ വച്ച് ഇരിക്കുന്നത് വേദന വർധിപ്പിക്കും. അതിനാൽ ഇരിക്കുമ്പോൾ കാലുകൾ ചെറിയൊരു സ്റ്റൂളിന് പുറത്തോ മറ്റോ വയ്ക്കുന്നത് ആശ്വാസം നൽകുമെന്ന് ഡോക്‌ടർ പറയുന്നു.
വ്യായാമം, മെഡിറ്റേഷൻ എന്നിവയുടെ പ്രയോജനങ്ങൾ: വ്യക്‌തി ജീവിതത്തിലെ പിരിമുറുക്കവും ജോലി സമ്മർദവും ഒരുമിച്ച് അനുഭവിക്കേണ്ടി വരുന്ന സാഹചര്യങ്ങൾ ഒരു ഗർഭിണിയിൽ കൂടുതൽ അസ്വസ്ഥത ഉണ്ടാക്കുമെന്ന് ഡോ. വിജയലക്ഷ്‌മി വിശദീകരിക്കുന്നു. അതിനാൽ യോഗയും മെഡിറ്റേഷനും പതിവായി പരിശീലിക്കുന്നത് വളരെ സഹായകമാകും.