മിതമായ അളവിലുള്ള പിരിമുറുക്കങ്ങള്‍ നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് വെല്ലുവിളിയാവില്ല. വിവിധ തരത്തിലുള്ള മത്സരങ്ങളിലും പരീക്ഷകളിലുമൊക്കെ ചിലര്‍ക്ക് നല്ല പ്രകടനം കാഴ്ചവയ്ക്കുന്നതിന് അത് സഹായകമാവുകയും ചെയ്‌തേക്കാം. പക്ഷേ പരിമുറുക്കം കൂടുകയാണെങ്കില്‍ അത് കൂടുതല്‍ സമയം നിലനില്‍ക്കുന്നതാണെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തെ മോശമായ രീതിയില്‍ ബാധിക്കും. അതുകൊണ്ടുതന്നെ മാനസിക സമ്മര്‍ദങ്ങള്‍ എങ്ങനെ ലഘൂകരിക്കാം എന്നത് വളരെ പ്രധാനപ്പെട്ടതാണ്.
മാനസിക സമ്മര്‍ദങ്ങളെ എങ്ങനെ അതിജീവിക്കാം ?
സമ്മര്‍ദങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാത്തവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് അകാലത്തില്‍ മരിക്കാനുള്ള സാധ്യത 43 ശതമാനം കൂടുതലാണെന്നാണ് പഠനങ്ങള്‍ വ്യക്‌തമാക്കുന്നത്. സമ്മര്‍ദങ്ങള്‍ നമ്മുടെ ഡിഎന്‍എയ്‌ക്കുണ്ടാക്കുന്ന ചില വൈകല്യങ്ങളാണ് ഇതിന് കാരണം.
നമ്മുടെ കോശങ്ങള്‍ വിഭജിക്കുമ്പോള്‍ ഡിഎന്‍എയുടെ പകര്‍പ്പുകള്‍ സൃഷ്‌ടിക്കുന്നു. ഇങ്ങനെ ഡിഎന്‍എയുടെ പകര്‍പ്പുകള്‍ സൃഷ്‌ടിക്കുമ്പോള്‍ ഡിഎന്‍എയ്‌ക്ക് വകഭേദം സംഭവിച്ച് കാന്‍സര്‍ കോശങ്ങളായി മാറാതിരിക്കാന്‍ സഹായിക്കുന്നത് ഡിഎന്‍എയുടെ അറ്റത്തായി നിലകൊള്ളുന്ന ടിലോമിയ (Telomere) എന്ന കവചമാണ്. അമിതമായ മാനസിക സമ്മര്‍ദങ്ങള്‍ ടിലോമിയയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ഇത് കാന്‍സര്‍ പോലെയുള്ള രോഗങ്ങളും കോശ വിഘടനം ശരിയായ രീതിയില്‍ സംഭവിക്കാത്തതുകൊണ്ട് അകാല വാര്‍ധക്യവുമുണ്ടാക്കുന്നു.
അമിതമായ സമ്മര്‍ദങ്ങളെ അതിജീവിക്കാനുള്ള വഴിയാണ് സമീകൃതാഹാരവും വ്യായാമവും. വ്യായാമം ടിലോമിയയുടെ പ്രവര്‍ത്തനത്തെ സുഗമമാക്കുന്നു. അമിതമായ സമ്മര്‍ദങ്ങള്‍ നേരിടുമ്പോള്‍ നിങ്ങളുടെ പ്രശ്നങ്ങള്‍ സുഹൃത്തുക്കളുമായും ബന്ധുക്കളുമായുമൊക്കെ ആശയവിനിമയം നടത്തുന്നത് സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ സഹായിക്കും.
അതുകൊണ്ട് തന്നെ നല്ല സുഹൃത് ബന്ധങ്ങളും വ്യക്‌തി ബന്ധങ്ങളുമൊക്കെ നിലനിര്‍ത്തുന്നത് മാനസിക സമ്മര്‍ദങ്ങള്‍ അതിജീവിക്കാന്‍ പ്രധാനമാണ്. നിങ്ങളുടെ മാനസിക സമ്മര്‍ദങ്ങള്‍ക്ക് കാരണമെന്തെന്ന് ശരിയായി അവലോകനം ചെയ്യുന്നതും സമ്മര്‍ദങ്ങള്‍ കുറയ്‌ക്കാന്‍ നിങ്ങളെ സഹായിക്കും. വായന,പാട്ടുകള്‍ കേള്‍ക്കുന്നത് തുടങ്ങിയവയും നിങ്ങളുടെ മാനസിക ആരോഗ്യം വര്‍ധിപ്പിക്കുന്നു.
ALSO READ:വായുമലിനീകരണവും മറവിരോഗവും തമ്മിലെന്ത്? പഠനം പറയുന്നത്