കേരളം

kerala

ETV Bharat / sukhibhava

വാക്‌സിനേഷൻ നിർബന്ധം, പേവിഷബാധയ്‌ക്കെതിരെ കർമ പദ്ധതിയുമായി ആരോഗ്യ വകുപ്പ് - റാബിസ് വാക്‌സിനേഷൻ

പൊതുജന പങ്കാളിത്തത്തോടെ പേവിഷബാധയ്‌ക്കെതിരെ പ്രതിരോധം ശക്തമാക്കാനാണ് ആരോഗ്യ വകുപ്പിന്‍റെ നീക്കം.

health department action plan to avoid rabies death  rabies vaccine  stary dog attack vaccine  rabies vaccine effects  റാബിസ് വാക്‌സിനേഷൻ  പേവിഷബാധ ആരോഗ്യ വകുപ്പ് കർമ പദ്ധതി
പേവിഷബാധയ്‌ക്കെതിരെ കർമ പദ്ധതിയുമായി ആരോഗ്യ വകുപ്പ്

By

Published : Jul 21, 2022, 9:23 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷബാധയ്‌ക്കെതിരെ കര്‍മ പദ്ധതിയുമായി അരോഗ്യ വകുപ്പ്. പേവിഷബാധയേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ കര്‍മ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടയില്‍ കേരളത്തില്‍ പേവിഷബാധയേറ്റ 13 പേരും മരിച്ചിരുന്നു. ഇതോടെയാണ് സര്‍ക്കാര്‍ പ്രതിരോധം ശക്തമാക്കിയത്.

പല ജില്ലകളിലും നായകളുടെ കടി രണ്ടു മുതല്‍ മൂന്നിരട്ടി വരെ വര്‍ധിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അവബോധവും വളര്‍ത്തി, പൊതുജന പങ്കാളിത്തത്തോടെ പ്രതിരോധം ശക്തമാക്കാനാണ് നീക്കം. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിടുന്നത്.

പേവിഷബാധ പ്രതിരോധത്തില്‍ ഏറ്റവും നിര്‍ണായകം കൃത്യ സമയത്ത് സ്വീകരിക്കുന്ന വാക്‌സിനേഷന്‍ ആണെന്നതിന് ശക്തമായ ശാസ്ത്രീയ തെളിവുകളുണ്ട്. അതിനാല്‍ തന്നെ കുപ്രചാരണങ്ങള്‍ തള്ളിക്കളഞ്ഞ് എല്ലാവരും ശാസ്ത്രീയമായ നിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. നായയോ, പൂച്ചയോ മറ്റേതെങ്കിലും മൃഗങ്ങളോ കടിക്കുകയോ മാന്തുകയോ ചെയ്‌താല്‍ മുറിവ് സാരമുള്ളതല്ലെങ്കില്‍ കൂടി അവഗണിക്കരുത്. പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനമാണ്. അതിനാല്‍ തന്നെ എല്ലാവരും ഇക്കാര്യം ശ്രദ്ധിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

പ്രഥമ ശുശ്രൂഷ:ആദ്യമായി കടിയേറ്റ ഭാഗം എത്രയും വേഗം സോപ്പും വെള്ളവുമുപയോഗിച്ച് 15 മിനിറ്റോളം നന്നായി കഴുകുക. മൃഗത്തിന്‍റെ ഉമിനീരില്‍ നിന്നോ ശരീരത്തില്‍ നിന്നോ മുറിവേറ്റ ഭാഗത്തേക്ക് എത്തിയിരിക്കുന്ന വൈറസിനെ നിര്‍വീര്യമാക്കാന്‍ സോപ്പിന് കഴിയും. അതിന് ശേഷം അയഡിന്‍ കലര്‍ന്ന ആന്‍റിസെപ്റ്റിക് ലേപനങ്ങള്‍ പുരട്ടാവുന്നതാണ്.

ഒരു കാരണവശാലും മുറിവിന് പുറത്ത് മറ്റ് വസ്‌തുക്കള്‍ ചൂടാക്കി വയ്ക്കുകയോ മറ്റ് ലേപനങ്ങള്‍ പുരട്ടുകയോ ചെയ്യരുത്. കടിയേറ്റയാളിനെ പറഞ്ഞ് പേടിപ്പിക്കരുത്. ആശ്വാസമേകി എത്രയും വേഗം ആശുപത്രിയിലെത്തിക്കുക.

ചികിത്സ:മൃഗങ്ങള്‍ കടിച്ചാല്‍ ചെറിയ പോറലാണെങ്കില്‍ പോലും പ്രഥമ ശുശൂഷയ്ക്ക് ശേഷം എത്രയും വേഗം ആശുപത്രിയിലെത്തി ചികിത്സ തേടണം. മുറിവിന്‍റെ തീവ്രതയനുസരിച്ച് ആന്‍റി റാബിസ് വാക്‌സിന്‍ (ഐ.ഡി.ആര്‍.വി), ഇമ്യൂണോഗ്ലോബുലിന്‍ എന്നീ ചികിത്സകളാണ് നല്‍കുന്നത്. ഐ.ഡി.ആര്‍.വി എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും സൗജന്യമായി ലഭ്യമാണ്.

ഇമ്മ്യൂണോഗ്ലോബുലിന്‍ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും തെരഞ്ഞെടുത്ത ജില്ല, ജനറല്‍ ആശുപത്രികളിലും ലഭ്യമാണ്. സംസ്ഥാനത്ത് 573 സര്‍ക്കാര്‍ ആശുപത്രികളില്‍ ഐ.ഡി.ആര്‍.വിയും 43 സര്‍ക്കാര്‍ ആശുപത്രികളില്‍ ഇമ്മ്യൂണോഗ്ലോബുലിനും ലഭ്യമാണ്.

പ്രതിരോധം:നായകള്‍ മനുഷ്യരുമായി വളരെ ഇണങ്ങി ജീവിക്കുമെങ്കിലും, അവയെ ഭയപ്പെടുത്തുകയോ, ദേഷ്യപ്പെടുത്തുകയോ ചെയ്‌താല്‍ കടിക്കാന്‍ സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് മൃഗങ്ങള്‍ ഭക്ഷണം കഴിക്കുക, ഉറങ്ങുക, രോഗാവസ്ഥയിലാകുക, കുഞ്ഞുങ്ങളുടെ സംരക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുക എന്നീ സന്ദര്‍ഭങ്ങളില്‍ ശല്യപ്പെടുത്തുന്നത് അക്രമണ സ്വഭാവം കൂട്ടാനിടയാകും. ഇത്തരം സന്ദര്‍ഭങ്ങളില്‍ മൃഗങ്ങളില്‍ നിന്നും അകലം പാലിക്കുക.

തെരുവ് നായകളുടെ സമീപത്തുകൂടി നടക്കുന്നത് വളരെ ശ്രദ്ധിക്കണം. വളര്‍ത്തു മൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്‌പ്പ് നല്‍കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. തെരുവ് നായ്ക്കളുടെ പ്രതിരോധ കുത്തിവയ്‌പ്പ്, പ്രജനന നിയന്ത്രണം, സംരക്ഷണം എന്നിവ തദ്ദേശ സ്വയംഭരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തിലൂടെ നടപ്പിലാക്കാനാണ് ആരോഗ്യ വകുപ്പിന്‍റെ ശ്രമം.

ABOUT THE AUTHOR

...view details