പല രോഗങ്ങളും പുരുഷന്മാരെ ചെറുപ്പത്തിലെ തന്നെ മരണത്തിലേക്ക് എത്തിക്കാറുണ്ട്. സ്‌ത്രീകളെ അപേക്ഷിച്ച് പല രോഗങ്ങളും വ്യത്യസ്‌തമായ രീതിയിലാകും പുരുഷന്മാരെ ബാധിക്കുക. ഇങ്ങനെയുള്ള രോഗങ്ങള്‍ പ്രധാനമായും അഞ്ച് എണ്ണം ഉണ്ടെന്നാണ് ആസ്റ്റർ ആർവി ആശുപത്രിയിലെ യൂറോളജി ലീഡ് കൺസൾട്ടന്‍റ് ഡോ. റാവിഷ് ഐ ആർ അഭിപ്രായപ്പെടുന്നത്.
ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം, കാൻസർ, വിഷാദരോഗം എന്നീ രോഗങ്ങളാണ് അവ. ഈ രോഗങ്ങള്‍ പുരുഷന്മാരിലെ പെട്ടന്നുള്ള മരണത്തിന് കാരണമാകുന്നു. കൂടാതെ പ്രോസ്‌റ്റേറ്റ് കാന്‍സര്‍, ബെനിൻ പ്രോസ്റ്റാറ്റിക് ഹൈപ്പർപ്ലാസിയ തുടങ്ങിയവയും പുരുഷന്മാര്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളാണെന്നാണ് ഡോ. റാവിഷ് പറയുന്നു.
ഹൃദ്രോഗം:പല തരത്തിലാണ് ഹൃദ്രോഗം ഒരു മനുഷ്യനെ ബാധിക്കുന്നത്. പെട്ടന്ന് ചികിത്സ തേടിയില്ലെങ്കില്‍ ഗുരുതരമായതും മാരകവുമായ സങ്കീർണതകളിലേക്ക് രോഗം രോഗിയെ എത്തിച്ചേക്കാം. പ്രായപൂർത്തിയായ മൂന്ന് പുരുഷന്മാരിൽ ഒരാൾക്ക് ഏതെങ്കിലും തരത്തിലുള്ള ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ട്.
45 വയസിന് താഴെയുള്ള പുരുഷന്മാരിൽ ഹൈപ്പർടെൻഷനും സ്ട്രോക്കും സാധാരണമാണ്. ജീവിത ശൈലിയില്‍ വരുത്തുന്ന മാറ്റങ്ങളും, കൃത്യമായ ഇടവേളകളിലുള്ള മെഡിക്കല്‍ പരിശോധനയും ഇത്തരം പ്രശ്‌നങ്ങള്‍ മൂലമുണ്ടാകുന്ന അപകടസാധ്യതകള്‍ നിയന്ത്രിക്കാന്‍ സഹായിച്ചേക്കും. കൊളസ്ട്രോൾ, രക്തസമ്മർദം, പുകവലി ശീലങ്ങൾ എന്നിവയുൾപ്പെടെയുള്ള നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ആരോഗ്യ വിദഗ്‌ദര്‍ പരിശോധനകള്‍ നടത്തുന്നത്. ഇത്തരം പരിശോധനകള്‍ പതിവാക്കിയാല്‍ ഹൃദയ സംബന്ധമായ അസുഖങ്ങൾ നിങ്ങളെ എത്രത്തോളം ബാധിക്കുമെന്ന് കണ്ടെത്താന്‍ നേരത്തെ തന്നെ സാധിക്കും.
കാന്‍സര്‍:ഹൃദ്രോഗം കഴിഞ്ഞാൽ പുരുഷന്മാരിൽ ഏറ്റവും കൂടുതല്‍ മരണത്തിന് കാരണമാകുന്ന രണ്ടാമത്തെ പ്രധാന രോഗമാണ് കാൻസർ. ത്വഗ്, പ്രോസ്റ്റേറ്റ്, വൻകുടൽ, ശ്വാസകോശ അർബുദം എന്നീ ഭാഗങ്ങളെ ബാധിക്കുന്ന കാന്‍സര്‍ പുരുഷന്മാരിൽ സാധാരണയായി കണ്ടുപിടിക്കുന്നവയാണ്. ആരോഗ്യകരമായ ജീവിതശൈലിയും ചിട്ടയായ പരിശോധനകളും കൂടിച്ചേർന്നാൽ ഈ രോഗത്തെ അകറ്റി നിർത്താന്‍ കഴിയും.
പതിവായി സൺസ്ക്രീൻ പുരട്ടുക, മദ്യവും പുകയിലയും ഒഴിവാക്കുക, റെഡ് മീറ്റ് ഉപയോഗം കുറയ്ക്കുക എന്നിവയെല്ലാം കാൻസറിനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഘടകങ്ങളാണ്.