ബെയ്ജിങ്: കൊവിഡ് ബാധിച്ച രോഗികളിൽ പകുതിയിലധികം പേർക്കും ഒരു രോഗലക്ഷണം രണ്ട് വർഷത്തിലധികം നിലനിൽക്കുമെന്ന് പഠനം. ലാൻസെറ്റ് റെസ്‌പിറേറ്ററി മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്‌തമാക്കിയിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ കൊവിഡ് ബാധിച്ച ചൈനയിൽ നിന്നുള്ള 1,192 പേരിൽ നടത്തിയ ഗവേഷണത്തിലാണ് നിർണായക കണ്ടെത്തൽ.
കൊവിഡ് ബാധിതരിൽ ശാരീരികവും മാനസികവുമായ ആരോഗ്യം കാലക്രമേണ മെച്ചപ്പെടുന്നുണ്ടെങ്കിലും രോഗബാധിതരല്ലാത്ത ജനങ്ങളെക്കാൾ മോശമായ ആരോഗ്യം ഇവരെ പിന്തുടരുന്നുണ്ടെന്നും പഠനം വ്യക്‌തമാക്കുന്നു. അസുഖം ബാധിച്ച് രണ്ട് വർഷത്തിന് ശേഷവും ക്ഷീണം, ശ്വാസതടസ്സം, ഉറക്കമില്ലായ്‌മ തുടങ്ങിയവയിൽ ഒരു ലക്ഷണമെങ്കിലും ഇവരിൽ അവശേഷിക്കുന്നുണ്ടെന്നും ഗവേഷകർ വ്യക്‌തമാക്കുന്നു.
വുഹാനിലെ ജിൻ യിൻ-ടാൻ ഹോസ്‌പിറ്റലിൽ 2020 ജനുവരി 7നും മെയ് 29നും ഇടയിൽ രോഗബാധിതരായവരിലാണ് പഠനം നടത്തിയത്. ഇവരിൽ ആറ് മാസം, 12 മാസം, രണ്ട് വർഷം എന്നിങ്ങനെ ഇടവിട്ടുള്ള കാലങ്ങളിൽ പഠനങ്ങൾ നടത്തി. ആറ് മിനിറ്റ് വാക്കിങ് ടെസ്റ്റ്, ലാബോറട്ടറി പരിശോധനകൾ എന്നിവയ്‌ക്കൊപ്പം രോഗ ലക്ഷണങ്ങൾ, മാനസികാരോഗ്യം, ജീവിത നിലവാരം, ഡിസ്‌ചാർജിന് ശേഷമുള്ള ആരോഗ്യ സംരക്ഷണം എന്നിവ ഉൾപ്പെടുത്തിയുള്ള ചോദ്യാവലികൾ തുടങ്ങിയവ ഉപയോഗിച്ചായിരുന്നു പഠനം നടത്തിയത്.
പഠനത്തിൽ പങ്കെടുത്തവരുടെ ശരാശരി പ്രായം 57 വയസായിരുന്നു. ഇതിൽ 54 ശതമാനം പേർ പുരുഷൻമാർ ആയിരുന്നു. ആദ്യ ഘട്ടത്തിൽ രോഗം ബാധിച്ചവരിൽ ആറ് മാസത്തിന് ശേഷം നടത്തിയ പരിശോധനയിൽ 68 ശതമാനം പേരിലും കുറഞ്ഞത് ഒരു കൊവിഡ് ലക്ഷണമെങ്കിലും നീണ്ടുനിൽക്കുന്നതായി കണ്ടെത്തി. രണ്ട് വർഷത്തിന് ശേഷം നടത്തിയ പരിശോധനയിൽ രോഗലക്ഷണങ്ങൾ നീണ്ടുനിൽക്കുന്നവർ 55 ശതമാനമായി കുറഞ്ഞു.