ആവശ്യമായ അളവിൽ ആരോഗ്യകരവും പോഷകപ്രദവുമായ ഭക്ഷണം കഴിക്കാൻ ഡോക്‌ടർമാരും വിദഗ്‌ധരും എല്ലായ്‌പ്പോഴും ഉപദേശിക്കാറുണ്ട്. നമ്മുടെ ശരീരത്തിന്‍റെ രോഗപ്രതിരോധ സംവിധാനത്തിന്‍റെയും മറ്റ് പ്രവർത്തനങ്ങളുടെയും സുഗമമായ പ്രവർത്തനത്തിന് പോഷകാഹാരം വളരെ പ്രധാനമാണ്. ഇരുമ്പ്, പ്രോട്ടീൻ, വിറ്റാമിനുകൾ, കാൽസ്യം തുടങ്ങിയ പോഷകങ്ങളും ധാതുക്കളും നമ്മുടെ ശരീരത്തിന്‍റെ ആന്തരിക സംവിധാനങ്ങളും പ്രക്രിയകളും സുഗമവും ആരോഗ്യകരവുമായി നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.
പോഷകങ്ങൾ നമ്മുടെ ശരീരത്തെ ആരോഗ്യകരമായി നിലനിർത്തുന്നു. ശരീരത്തിലെ പോഷകാഹാരക്കുറവ് ഹീമോഗ്ലോബിന്‍റെ അളവിനെയും ബാധിക്കും. ചുവന്ന രക്താണുക്കളിൽ കാണപ്പെടുന്ന ഒരു പ്രോട്ടീനാണ് ഹീമോഗ്ലോബിൻ.
അവയുടെ അഭാവം അനീമിയ എന്ന അവസ്ഥയിലേക്ക് നയിക്കുന്നു. രക്തത്തിലെ ഹീമോഗ്ലോബിൻ ഗണ്യമായി കുറയുകയാണെങ്കിൽ, അത് നമ്മുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു. നമ്മുടെ രക്തത്തിൽ ആവശ്യമായ അളവിൽ ഹീമോഗ്ലോബിൻ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.
ചുവന്ന രക്താണുക്കളിൽ (Red blood cells) അതായത് ആർബിസികളിൽ കാണപ്പെടുന്ന ഒരു പ്രധാന പ്രോട്ടീനാണ് ഹീമോഗ്ലോബിൻ എന്ന് ഡൽഹിയിൽ നിന്നുള്ള പോഷകാഹാര വിദഗ്‌ധയായ ഡോ ദിവ്യ ശർമ പറയുന്നു. ഇത് രക്തത്തിലൂടെ നമ്മുടെ മുഴുവൻ ശരീരത്തിലേക്കും ഓക്‌സിജൻ എത്തിക്കുന്നു. ശരീരത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് വളരെ കുറയുമ്പോൾ, എല്ലാ അവയവങ്ങൾക്കും ടിഷ്യൂകൾക്കും കോശങ്ങൾക്കും ആവശ്യമായ ഓക്‌സിജൻ വിതരണം തടസപ്പെടുന്നു. ഈ അവസ്ഥ പല രോഗങ്ങൾക്കും കാരണമാകും.
ഹീമോഗ്ലോബിന്‍റെ അനുയോജ്യമായ അളവ് : ഒരു നവജാത ശിശുവിന്‍റെ ഹീമോഗ്ലോബിന്‍റെ അളവ് 17.22 g/dl (grams per decilitre) ആയി കണക്കാക്കപ്പെടുന്നു. കുട്ടികളിൽ ഇത് 11.13 g/dl ആണ്. പ്രായപൂർത്തിയായ ഒരു പുരുഷന്‍റെ രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അനുയോജ്യമായ അളവ് 14 മുതൽ 18 g/dl വരെയും പ്രായപൂർത്തിയായ സ്ത്രീകളിൽ 12 മുതൽ 16 g/dl വരെയുമാണ്.
മുതിർന്നവരിൽ, ഈ സംഖ്യയിലെ ഒന്നോ രണ്ടോ പോയിന്‍റുകളുടെ കുറവ് ദോഷകരമായി കണക്കാക്കില്ല. എന്നാൽ രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് 8 ഗ്രാമോ അതിൽ താഴെയോ ആയി കുറയുകയാണെങ്കിൽ, അത് ഒരു ആശങ്കാജനകമായ അവസ്ഥയായി കണക്കാക്കുന്നു. അങ്ങനെ ഒരു അവസ്ഥയിൽ ഉടൻ വൈദ്യസഹായം തേടുക.
രക്തത്തിലെ ഹീമോഗ്ലോബിന്‍റെ കുറവ്, അല്ലെങ്കിൽ അനീമിയ എന്ന അവസ്ഥ പല രീതിയിലാണ് ആളുകളിൽ പ്രകടമാകുന്നത്. അത്തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിൽ ചിലത് താഴെ പറയുന്നവയാണ്.
- ഇടയ്ക്കിടെ ഉണ്ടാകുന്ന തലവേദന
- ശ്വാസതടസവും തലകറക്കവും
- തളർച്ചയും ബലഹീനതയും
- ശരീരത്തിന് പിരിമുറുക്കം അനുഭവപ്പെടുക
- കുറഞ്ഞ രക്തസമ്മർദം
- ശരീരത്തിലെ ഊർജത്തിന്‍റെ അളവ് കുറയുന്നു
- കോപവും അസ്വസ്ഥതയും
- നെഞ്ച് വേദന
- വേഗത്തിലുള്ള അല്ലെങ്കിൽ ക്രമരഹിതമായ ഹൃദയമിടിപ്പ്
- കടുത്ത തണുപ്പ് അനുഭവപ്പെടുക. കൈകാലുകളിൽ എപ്പോഴും തണുപ്പ് അനുഭവപ്പെടുക.
- ഏകാഗ്രത കുറയുക
- ബോൺ ഡെൻസിറ്റി കുറയുക
- ദുർബലമായ പ്രതിരോധശേഷി അല്ലെങ്കിൽ പ്രതിരോധശേഷി സംബന്ധമായ രോഗങ്ങൾ
- ആർത്തവ സമയത്ത് ഉണ്ടാകുന്ന അമിതമായ വേദന
ശരീരത്തിലെ പോഷകാഹാരക്കുറവ് മാത്രമല്ല രക്തത്തിലെ ഹീമോഗ്ലോബിന്‍റെ കുറവിന് കാരണമെന്ന് ഡോ. ദിവ്യ വിശദീകരിക്കുന്നു. ചിലപ്പോൾ ജനിതക കാരണങ്ങളാൽ, സിക്കിൾ സെൽ അനീമിയ, രോഗങ്ങൾ അല്ലെങ്കിൽ കാൻസർ, താലസീമിയ, കിഡ്‌നിയെയോ കരളിനെയോ ബാധിക്കുന്ന രോഗങ്ങൾ, പ്രതിരോധശേഷിയെ ബാധിക്കുന്ന രോഗങ്ങൾ, അസ്ഥി മജ്ജ തകരാറുകൾ, തൈറോയ്‌ഡ് തുടങ്ങിയ ശാരീരിക പ്രശ്‌നങ്ങൾ, ഹീമോഗ്ലോബിന്‍റെ അളവ് കുറയുന്നതിന് കാരണമാകാം. ഇവ കൂടാതെ, വിഷാദം, നിസംഗത, കോപം തുടങ്ങിയ പ്രശ്‌നങ്ങളും ഹീമോഗ്ലോബിൻ അളവ് കുറവുള്ളവരിൽ വൈജ്ഞാനികവും യുക്തിസഹവുമായ കഴിവ് കുറയുന്നു.
അനീമിയ ഒഴിവാക്കാൻ രക്തത്തിൽ ശരിയായ അളവിൽ ഹീമോഗ്ലോബിൻ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണെന്നും അവർ പറയുന്നു. മിക്കവാറും എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളിൽ അനീമിയ ഉണ്ടാകാറുണ്ട്. എന്നാൽ, ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ, ചില ഗുരുതരമായ രോഗങ്ങളിൽ നിന്ന് കരകയറുന്ന ആളുകൾ എന്നിവരിൽ ഹീമോഗ്ലോബിന്‍റെ കുറവ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അത്തരം സാഹചര്യങ്ങളിൽ, രോഗിയുടെ അവസ്ഥ, ലിംഗം, പ്രായം എന്നിവ അനുസരിച്ച്, വിളർച്ച തടയുന്നതിനുള്ള മരുന്നുകളോ സപ്ലിമെന്‍റുകളോ ഡോക്‌ടർമാർ നിർദേശിക്കുന്നു.
എന്നാൽ, ശരിയായ ഭക്ഷണക്രമമാണ് ഹീമോഗ്ലോബിന്‍റെ ഏറ്റവും മികച്ചതും സുരക്ഷിതവുമായ മാർഗം. ഭക്ഷണത്തിൽ ഇരുമ്പ്, വിറ്റാമിൻ സി, വിറ്റാമിൻ ബി, ഫോളിക് ആസിഡ് എന്നിവ അടങ്ങിയ ഭക്ഷണങ്ങളുടെ എണ്ണം കൂട്ടുന്നത് സാധാരണ സാഹചര്യങ്ങളിൽ വിളർച്ച ഒഴിവാക്കാനും രക്തത്തിൽ ശരിയായ അളവിൽ ഹീമോഗ്ലോബിൻ നിലനിർത്താനും വളരെ ഗുണം ചെയ്യുമെന്ന് ഡോ. ദിവ്യ വിശദീകരിക്കുന്നു. ശരീരത്തിലെ ഇരുമ്പിന്‍റെയും ഫോളിക് ആസിഡിന്‍റെയും കുറവ് വിളർച്ചയുടെ ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ്.
അനീമിയ ഉണ്ടാകാതിരിക്കാൻ : ഇലക്കറികളും പഴങ്ങളും പ്രത്യേകിച്ച് ചീര, ബീൻസ്, ബീറ്റ്റൂട്ട്, കാരറ്റ്, മധുരക്കിഴങ്ങ്, മാതളനാരങ്ങ, തണ്ണിമത്തൻ, സ്ട്രോബെറി, പേരക്ക, കിവി, പപ്പായ, മുന്തിരി, വാഴപ്പഴം, ബ്രോക്കോളി, പയർവർഗങ്ങൾ, അരി, ധാന്യങ്ങൾ, ഉണങ്ങിയ പഴങ്ങൾ, കറിവേപ്പില, മത്തങ്ങ വിത്തുകൾ, ഈന്തപ്പഴം, നിലക്കടല, മുളപ്പിച്ച ധാന്യങ്ങൾ എന്നിങ്ങനെ ഇരുമ്പ്, ഫോളിക് ആസിഡ്, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, നാരുകൾ, കാൽസ്യം, പൊട്ടാസ്യം എന്നിവയുൾപ്പെടെ എല്ലാ അവശ്യ പോഷകങ്ങളാലും സമ്പന്നമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ എണ്ണം വർധിപ്പിക്കുന്നതിനും നിലനിർത്തുന്നതിനും സഹായിക്കും.
ഇതുകൂടാതെ, നിങ്ങളുടെ ദിനചര്യയിൽ പതിവ് വ്യായാമം ഉൾപ്പെടുത്തുന്നതും പ്രയോജനകരമാണ്. കാരണം, വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലുടനീളം ഓക്‌സിജന്‍റെ ആവശ്യം വർധിക്കുന്നു. അതിനനുസരിച്ച് രക്തത്തിലെ ഹീമോഗ്ലോബിന്‍റെ ഉത്പാദനവും വർധിക്കുന്നു. ഏതെങ്കിലും രോഗം മൂലമോ ആരോഗ്യപരമായ കാരണങ്ങളാലോ അനീമിയ എന്ന അവസ്ഥയിലൂടെ കടന്നുപോകുന്നവർ അവരുടെ ഡോക്‌ടറുടെ നിർദേശങ്ങളും മുൻകരുതലുകളും കൃത്യമായി പാലിക്കണം. ഇതുകൂടാതെ, അവർ നിർദേശിക്കുന്ന ഭക്ഷണവും മരുന്നുകളും സമയബന്ധിതമായി കഴിക്കുക.