നിത്യജീവിതത്തില്‍ ചായ ഒഴിവാക്കാന്‍ കഴിയാത്തവരാണ് ഇന്ന് പലരും. പല ആളുകളുടെയും ദിവസം തന്നെ ആരംഭിക്കുന്നത് ഒരു കപ്പ് ചായയിലൂടെയായിരിക്കാം. രുചിയിലും, മണത്തിലും, നിറത്തിലും വ്യത്യസ്‌തത പുലര്‍ത്തുന്ന നിരവധി ചായകള്‍ ഇന്ന് ലഭ്യമാണ്. അവയില്‍ ഏറ്റവും ആരോഗ്യകരമായവ ഏതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.
ചായ എന്ന് പറയുമ്പോള്‍ കൂടുതല്‍ ആളുകളും ഇന്ന് തെരഞ്ഞെടുക്കുന്നത് കട്ടന്‍ ചായയോ (Black Tea) അല്ലെങ്കില്‍ ഗ്രീന്‍ ടീയോ (Green tea) ആയിരിക്കും. പലരും ഇവ ആസ്വദിച്ച് കുടിക്കുമെങ്കിലും ഇത് രണ്ടും ഒരേ തേയിലച്ചെടിയുടെ മുകളിലെ ഇലകളില്‍ നിന്നാണ് ഉണ്ടാക്കുന്നത് എന്ന കാര്യം പലര്‍ക്കും അറിയില്ല. ഒരേ ചെടിയില്‍ നിന്ന് നിര്‍മ്മിക്കപ്പെടുന്ന വസ്‌തുക്കള്‍ ആണെങ്കിലും ഇവയ്‌ക്ക് രണ്ടും തമ്മില്‍ വലിയ വ്യത്യാസങ്ങളാണ് ഉള്ളത്. എങ്കിലും പൊതുവെ എല്ലാ തരത്തിലുള്ള ചായകള്‍ക്കും സമാന ആരോഗ്യഗുണങ്ങളാണ് ഉള്ളതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ഗ്രീന്‍ ടീ: ഗ്രീന്‍ ടീയ്‌ക്ക് തനതായ ഗുണങ്ങളുണ്ട്. തണുത്ത ഒരു പാനീയം കുടിക്കുന്നതിനേക്കാള്‍ ചൂടുള്ള ഒരു ഗ്രീന്‍ ടീ കുടിക്കുന്നതാണ് കൂടുതല്‍ ഉന്മേഷദായകം എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഉന്മേഷം പകരുന്നതിനൊപ്പം തന്നെ ആരോഗ്യകരമായ ഒരു പാനീയം കൂടിയാണ് ഇത്.
ഗ്രീന്‍ ടീയില്‍ അസിഡിറ്റിയുടെ അളവ് കുറവാണ്. കൂടാതെ തിളക്കമുള്ള ചർമ്മവും വേഗത്തിലുള്ള മെറ്റബോളിസവും ഉയർന്ന പ്രതിരോധശേഷിയും നൽകുന്നു. ശരീരത്തെ ശാന്തമായിരിക്കാനും ഗ്രീന്‍ ടീ സഹായിക്കാറുണ്ട്.
നിര്‍മ്മാണ വേളയില്‍ ബ്ലാക്ക് ടീക്ക് സമാനമായ പ്രക്രിയകളിലൂടെ കടന്ന് പോകാത്തതിനാല്‍ ഉയര്‍ന്ന അളവില്‍ ഇജിസിജിയും (epigallocatechin gallate) ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങളും ഗ്രീന്‍ ടീയില്‍ ലഭ്യമാണ്. ഇത് കാൻസർ, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയ്‌ക്കെതിരെ മികച്ച പ്രതിരോധം സൃഷ്‌ടിക്കും.
ഗ്രീന്‍ ടീയുടെ നിര്‍മ്മാണപ്രവര്‍ത്തിയില്‍ ഇജിസിജിയ്‌ക്ക് പരിവര്‍ത്തനം സംഭവിക്കാതിരിക്കുന്നത് മൂലം ഇത് ശരീരഭാരം കുറയ്‌ക്കാനുള്‍പ്പടെ സഹായിക്കും. കാപ്പിയിലുള്ള നാലിലൊന്ന് കഫീനും ഗ്രീന്‍ടീയെ ആരോഗ്യഗുണമുള്ള പാനീയമാക്കി മാറ്റുന്നു.
കട്ടന്‍ ചായ/ബ്ലാക്ക് ടീ:ഇന്ത്യയില്‍ മാത്രമല്ല പാശ്ചാത്യ രാജ്യങ്ങളിലും ജനപ്രീയമായ പാനീയമാണ് കട്ടന്‍ ചായ. സൺ ടീ, സ്വീറ്റ് ടീ, ഐസ്‌ഡ് ടീ എന്നിവ തയ്യാറാക്കുന്നതും ബ്ലാക്ക് ടീ ഉപയോഗിച്ചാണ്. കൂടാതെ, ഇംഗ്ലീഷ് പ്രഭാതഭക്ഷണങ്ങളില്‍ പോലും കറുത്ത ചായ ഇലകള്‍ അടങ്ങിയിട്ടുണ്ടാകും.
ഏകാഗ്രതയും ശ്രദ്ധയും പ്രോത്സാഹിപ്പിക്കാനും പലപ്പോഴും ബ്ലാക്ക് ടീ നമ്മെ സഹായിക്കാറുണ്ട്. ഇതിന്‍റെ ഗുണങ്ങള്‍ കാരണം വേനല്‍ക്കാലത്തും പലരും തെരഞ്ഞെടുക്കുന്ന ഒരു പാനീയമാണ് കട്ടന്‍ ചായ. അതിനുള്ള പ്രധാന കാരണം, ഇവ ശരീരത്തിലെ ജലാംശത്തിന്‍റെ അളവ് നിലനിര്‍ത്താന്‍ സഹായിക്കും എന്ന ഗുണമാണ്.
ഗ്രീന്‍ ടീയില്‍ നിന്ന് വ്യത്യസ്‌തമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ബ്ലാക്ക് ടീ തയ്യാറാക്കപ്പെടുന്നത്. ഉണങ്ങിയ ഇലകളുടെ അഴുകല്‍ പ്രക്രിയയില്‍ കട്ടന്‍ ചായയിലെ ഇജിസിജി (epigallocatechin gallate) തേഫ്ലാവിൻസായും (Theaflavins), തേറൂബിജൻസായും (Thearubigens) പരിവര്‍ത്തനം ചെയ്യപ്പെടുന്നു. ഇതിന്‍റെ ഫലമായി കാറ്റെച്ചിൻ ഗുണനിലവാരവും അളവും ബ്ലാക്ക് ടീയില്‍ ഗ്രീന്‍ടീയെ അപേക്ഷിച്ച് കുറവായിരിക്കും.
കാപ്പിയില്‍ കാണപ്പെടുന്ന കഫീന്റെ മൂന്നിലൊന്നാണ് ബ്ലാക്ക് ടീയില്‍ അടങ്ങിയിരിക്കുന്നത്. കൂടാതെ കഫീൻ, എൽ-തിയനൈൻ എന്നിവയുടെ സംയോജനം ശ്രദ്ധാപൂര്‍വം ജാഗ്രതയോടെയിരിക്കാന്‍ സഹായിക്കുന്നു. കൂടാതെ ഇവ ശരീരത്തിലെ ഈര്‍പ്പത്തിന്‍റെ അളവ് നിലനിര്‍ത്തി തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ധിപ്പിക്കുകയും ചെയ്യുന്നു, ബാക്‌ടീരിയയെ ചെറുക്കുന്ന ആന്‍റിഓക്‌സിഡെന്‍റുകള്‍ രോഗപ്രതിരോധശേഷിയും ശക്തിപ്പെടുത്തും.
കട്ടൻ ചായയും ഗ്രീൻ ടീയും കാമെലിയ സിനെൻസിസ് ഇലകളിൽ നിന്നാണ് നിർമ്മിക്കുന്നത്, അവയുടെ സംസ്‌കരണ രീതികൾ മാത്രമാണ് വ്യത്യാസം. അതിനാൽ, ബ്ലാക്ക് ടീയും, ഗ്രീൻ ടീയും മികച്ച രണ്ട് പാനീയങ്ങളാണ്. ഇവ രണ്ടും മിതമായ അളവിൽ കഴിച്ചാൽ നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും.