മാനവരാശിയെ ഭീതിയിലാഴ്‌ത്തി കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തിട്ട് രണ്ട് വര്‍ഷമാകുന്നു. കൊവിഡിന്‍റെ പ്രത്യാഘാതങ്ങളില്‍ നിന്ന് ലോകം ഇതുവരെയും മുക്തരായിട്ടില്ല. എന്നാല്‍ കൊവിഡ് പഠിപ്പിച്ച ചില പാഠങ്ങളുണ്ട്. അതില്‍ പ്രധാനമാണ് വ്യക്തി ശുചിത്വം. സാനിറ്റൈസര്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കൊവിഡിന് മുന്‍പ് വളരെ കുറവായിരുന്നു. എന്നാല്‍ ഇന്ന് സാനിറ്റൈസര്‍ പുറത്ത് പോകുമ്പോള്‍ ബാഗില്‍ കരുതുന്ന പ്രധാന വസ്‌തുവായി മാറി.
ഒരാള്‍ വ്യക്തി ശുചിത്വം പാലിക്കുമ്പോള്‍ രോഗങ്ങൾ വരാതിരിക്കാനും മറ്റുള്ളവർക്ക് പകർത്താതിരിക്കാനും സാധിയ്ക്കും. പ്രത്യേകിച്ചും കൈ കഴുകുന്നതിലൂടെ. അറിയാതെ കൈകള്‍ കൊണ്ട് മുഖത്ത് സ്‌പർശിക്കുന്ന ശീലം പലർക്കുമുണ്ട്. മാസ്‌ക് ഉപയോഗിയ്ക്കുമ്പോള്‍ തന്നെ പ്രധാനമാണ് മാസ്‌കില്‍ കൈ കൊണ്ട് സ്‌പര്‍ശിക്കാതിരിക്കുന്നത്. ഇനി തൊടുകയാണെങ്കില്‍ തന്നെ വൃത്തിയായി കൈ കഴുകിയാല്‍ ഒരു പരിധി വരെ അസുഖങ്ങളെ തടയാം.
2008 മുതലാണ് അന്താരാഷ്‌ട്ര കൈ കഴുകല്‍ ദിനം ആചരിച്ച് തുടങ്ങിയത്. 'നമ്മുടെ ഭാവി കൈയിലാണ്-നമുക്ക് ഒന്നിച്ച് മുന്നേറാം' (Our Future is at Hand – Let’s Move Forward Together) എന്നതാണ് ഈ വർഷത്തെ പ്രമേയം. സാർവത്രിക കൈ ശുചിത്വത്തിനായി ഏകോപിത പ്രവർത്തനമാണ് വേണ്ടതെന്ന് ഈ വര്‍ഷത്തെ പ്രമേയം ഓര്‍മിപ്പിക്കുന്നു.
കൈ കഴുകലിന്‍റെ പ്രാധാന്യം
സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകുന്നതിലൂടെ വയറിളക്കം, എബോള, കോളറ, ഹെപ്പറ്റൈറ്റിസ് ഇ തുടങ്ങി നിരവധി അണുബാധകളും രോഗങ്ങളും തടയാനാകും. അമേരിക്കയിലെ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍റെ റിപ്പോര്‍ട്ടനുസരിച്ച് കൈ കഴുകുന്നതിലൂടെ,
- വയറിളക്കം പിടിപെടുന്നവരുടെ എണ്ണം ഏകദേശം 23-40% കുറയ്ക്കാനാകും
- ദഹനനാളവുമായി ബന്ധപ്പെട്ട രോഗങ്ങളെ തുടര്‍ന്ന് സ്‌കൂളില്‍ വരാനാകാത്ത കുട്ടികളുടെ എണ്ണം 29-57% കുറയ്ക്കാനാകും
- രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകളിൽ വയറിളക്ക രോഗം ഏകദേശം 58% കുറയ്ക്കാനാകും
- സാധാരണ ആളുകളില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഏകദേശം 16–21% കുറയ്ക്കാനാകും