പാരിസ് : പുതുവര്‍ഷത്തോടനുബന്ധിച്ച് 18 മുതല്‍ 25 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഗര്‍ഭനിരോധന ഉറ സൗജന്യമായി നല്‍കുമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രോണ്‍. രാജ്യത്തെ യുവജനങ്ങള്‍ക്കിടയില്‍ ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്‍റെ പുതിയ നീക്കം. 2023 ജനുവരി ഒന്നാം തീയതി മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരിക.
അപ്രതീക്ഷിത ഗര്‍ഭ ധാരണം തടയുവാനായി 25നും അതില്‍ താഴെയുമുള്ള യുവതികള്‍ക്ക് ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഈ വര്‍ഷത്തിന്‍റെ തുടക്കം മുതല്‍ തന്നെ സൗജന്യമാക്കിയിരുന്നു. എല്ലാ വരുമാനത്തിലുമുള്ള യുവതികളെ പരിഗണിക്കുന്നതിനായായിരുന്നു സര്‍ക്കാരിന്‍റെ ഈ നീക്കം. നിലവില്‍ സൗജന്യമായി ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ നല്‍കുന്ന നടപടികള്‍ പുരുഷന്‍മാര്‍ക്കോ, ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കോ ബാധകമല്ലായിരുന്നു.
അതേസമയം സര്‍ക്കാര്‍ വാഗ്‌ദാനത്തെ ചോദ്യം ചെയ്‌ത് ഒരു ഫ്രഞ്ച് ടി വി അവതാരകന്‍ രംഗത്തെത്തി. എന്ത് കൊണ്ടാണ് പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും ഇത് പ്രാവര്‍ത്തികമാക്കുന്നില്ലെന്നായിരുന്നു ചോദ്യം. എന്നാല്‍ അതും യാഥാര്‍ഥ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നായിരുന്നു സ്‌പെയിനിലെ ഉച്ചകോടിക്കിടെ മാക്രോണിന്‍റെ ഉറപ്പ്. പ്രായപൂര്‍ത്തിയാകാത്ത നിരവധി പേരാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതെന്നും അവര്‍ക്കും സംരക്ഷണം ആവശ്യമാണെന്നും മാക്രോണ്‍ പറഞ്ഞു.
2017ല്‍ 39ാം വയസില്‍ അധികാരത്തിലേറിയ ഇമ്മാനുവേല്‍ മാക്രോണ്‍ ഫ്രാന്‍സിന്‍റെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്‍റാണ്. അധികാരത്തിലേറിയപ്പോള്‍ തന്നെ, എച്ച്ഐവിയും ലൈംഗിക ബന്ധത്തിലൂടെ പകരുന്ന മറ്റ് രോഗങ്ങളും ചെറുക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന് മാക്രോണ്‍ വാഗ്‌ദാനം ചെയ്‌തിരുന്നു. ഫ്രാന്‍സിലെ ചില ആരോഗ്യ കേന്ദ്രങ്ങളില്‍ ഗര്‍ഭനിരോധനത്തിനുള്ള ചികിത്സകള്‍ സൗജന്യമായാണ് നല്‍കിവരുന്നത്. മാത്രമല്ല, മറ്റ് പല രാജ്യങ്ങളും ഗര്‍ഭച്ഛിദ്രം സൗജന്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയുമാണ്.