വാഷിംഗ്‌ടൺ: ശിശുക്കൾക്കുള്ള ഭക്ഷണ പദാർത്ഥങ്ങളുടെയും ഫോർമുല പാലിന്‍റെയും ഓൺലൈൻ വിപണനം മാതാപിതാക്കളുടെ മുലയൂട്ടുന്ന ശീലവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനങ്ങൾ. വിപുലമായ ഡിജിറ്റൽ മാർക്കറ്റിങ്ങിൽ അടിമപ്പെട്ടിട്ടുള്ള അമ്മമാർ ആദ്യ ആറ് മാസക്കാലം കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകുന്നത് കുറവാണെന്നും കുട്ടികൾക്ക് സംസ്‌കരിച്ച ഭക്ഷണങ്ങളും പഞ്ചസാര പാനീയങ്ങളും നൽകാനുള്ള സാധ്യത കൂടുതലാണെന്നും കണ്ടെത്തി.
ഉത്‌പന്നങ്ങളുടെ വിപണന കോഡ്: മുലപ്പാലിന് പകരം ഉപയോഗിക്കുന്ന ഉത്‌പന്നത്തിന്‍റെ വിപണന കോഡ് പ്രകാരം അതിന്‍റെ ശരിയായ ഉപയോഗത്തെ കുറിച്ച് വ്യക്തമാക്കുകയും അതിനെ ആദർശവത്‌ക്കരിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ ഉപയോഗിക്കാതിരിക്കുകയും ചെയ്യേണ്ടതുണ്ട്. അതേസമയം മുലപ്പാലിന്‍റെ മേന്മയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ രേഖപ്പെടുത്തുകയും വേണം. ഒരു കമ്പനിയും ഗർഭിണികളായ സ്‌ത്രീകളുമായോ രക്ഷിതാക്കളുമായോ പരിചരിക്കുന്നവരുമായോ സോഷ്യൽ മീഡിയ ചാനലുകൾ ഉൾപ്പെടെ നേരിട്ടോ അല്ലാതെയോ ബന്ധപ്പെടാൻ പാടില്ലെന്നും കോഡിൽ പറയുന്നു.
നിരീക്ഷണ പഠന രീതി:2020 ഡിസംബറിനും 2021 ജനുവരിക്കും ഇടയിൽ ഫോർമുല മിൽക്ക്, ബേബി ഫുഡ് എന്നിവയെ കുറിച്ചുള്ള പരസ്യങ്ങൾ നൽകിയ ബ്രാൻഡുകളെയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളെയും കുറിച്ച് അന്വേഷിക്കുന്നതിനായി ദേശീയതലത്തിൽ പ്രതിനിധീകരിക്കുന്ന ഒരു മാർക്കറ്റ് റിസർച്ച് പാനലിൽ നിന്ന് ഒരു കൂട്ടം രക്ഷിതാക്കളെ റിക്രൂട്ട് ചെയ്‌തിരുന്നു. ഇവർ ഇത്തരം ഉത്‌പന്നങ്ങൾ വാങ്ങാനുണ്ടായ കാരണം? കോഡിനെ കുറിച്ചുള്ള അവരുടെ അറിവ്? ഭക്ഷണ രീതിയെ എങ്ങനെ സ്വാധീനിച്ചു? ഇവ മുലപ്പാലിനേക്കാൾ നല്ലതാണോ അല്ലയോ എന്ന ചിന്ത ഉണ്ടാക്കാൻ മാത്രം ഇത്തരം പരസ്യങ്ങൾ അവരെ സ്വാധീനിച്ചോ? തുടങ്ങി നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളുടെ നിഗമനമാണ് പ്രസിദ്ധീകരിക്കപ്പെട്ട പഠന റിപ്പോർട്ട്.