2022 ഏപ്രിൽ ആദ്യം മുതൽ ഇന്ത്യയിൽ പ്രതിദിന കൊവിഡ് കേസുകൾ തുടർച്ചയായി 1,000 കടക്കുന്ന പ്രവണതയാണ് കാണുന്നത്. തിങ്കളാഴ്‌ച (ഏപ്രിൽ 18) മാത്രം കൊവിഡ് കേസുകളിൽ 90 ശതമാനം കുതിപ്പ് രേഖപ്പെടുത്തിയിരുന്നു. ഇത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് (2,183).
നാലാം തരംഗം ; സമ്മിശ്രാഭിപ്രായം : ഒമിക്രോണിന്‍റെ ബിഎ.2 ഉപവകഭേദമാണ് നിലവിലെ വർധനവിന് പ്രധാന കാരണമെന്നും ഇതിനെ അടുത്ത തരംഗത്തിന്‍റെ തുടക്കമായി തന്നെ കണക്കാക്കാമെന്നും കൊച്ചി അമൃത ആശുപത്രിയിലെ സാംക്രമിക രോഗ വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ.ദീപു ടി.എസ് പറയുന്നു. ചൈന, ഹോങ്കോങ്, യുഎസ് എന്നിവിടങ്ങളിലും യൂറോപ്പിലെ നിരവധി രാജ്യങ്ങളിലും കേസുകളുടെ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ആഗോളതലത്തിൽ കൊവിഡ് കേസുകൾ വർധിക്കുകയാണ്. ഇത് അടുത്ത തരംഗത്തെ സൂചിപ്പിക്കുന്നു. എന്നാൽ നാലാം തരംഗം നിർണായകമാണെങ്കിലും വ്യാപനത്തിന്‍റെ തീവ്രതയും വ്യാപ്‌തിയും മുമ്പത്തേതിനേക്കാൾ കുറവായിരിക്കുമെന്നാണ് പ്രതീക്ഷ. അതിനാൽ പരിഭ്രാന്തരാകാതെ ഇതുവരെ സ്വീകരിച്ചിരുന്ന പ്രതിരോധമാർഗങ്ങൾ തന്നെ തുടർന്നുപോരുന്നതാണ് ഉചിതമെന്ന് അദ്ദേഹം നിർദേശിച്ചു.
പ്രാദേശിക വ്യാപനം മാത്രം :എന്നാൽ പല സംസ്ഥാനങ്ങളിലും സ്‌കൂളുകളും കോളജുകളും തുറന്നതും നിരവധി സംസ്ഥാനങ്ങളിൽ മാസ്‌ക് ഉൾപ്പടെയുള്ള കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതും കണക്കിലെടുക്കുമ്പോഴും, കേസുകളിൽ രേഖപ്പെടുത്തിയ വർധനവ് പൂർണമായും ഔദ്യോഗികമല്ലെന്നാണ് പല വിദഗ്‌ധരുടെയും അഭിപ്രായം. കേസുകളിൽ കുതിപ്പ് രേഖപ്പെടുത്തുന്ന മഹാരാഷ്‌ട്ര, കേരളം, മിസോറാം, ഡൽഹി, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ കൊവിഡിനെതിരെ ജാഗ്രത പാലിക്കാനും നിയന്ത്രണ നടപടികൾ സ്വീകരിക്കാനും ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അടുത്തിടെ സർക്കാരുകൾക്ക് കത്തെഴുതിയിരുന്നു.