വേനല്‍ക്കാലത്ത് കടുത്ത ചൂട് മൂലം കണ്ണുകള്‍ക്ക് അലര്‍ജിയും അണുബാധകളുമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഈ സമയത്ത് കണ്ണുകളുടെ ആരോഗ്യവും പരിപാലനവും ഏറെ പ്രധാനമാണെന്ന് വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു. ചെങ്കണ്ണ്, കണ്ണിലെ വരള്‍ച്ച തുടങ്ങിയ പ്രശ്‌നങ്ങളാണ് വേനല്‍ക്കാലത്ത് കൂടുതലും കണ്ടുവരുന്നത്.
കൃത്യമായ സംരക്ഷണം നല്‍കിയില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതാണെന്നും ന്യൂഡല്‍ഹിയിലെ വിഷന്‍ ഐ സെന്‍ററിലെ മെഡിക്കല്‍ സെന്‍ററിലെ ഡോ. തുഷാര്‍ ഗ്രോവര്‍ പറയുന്നു. അന്തരീഷത്തിലെ പൊടിപടലങ്ങളാണ് മറ്റൊരു വെല്ലുവിളി. ഇത് മൂലം ചൊറിച്ചില്‍, കണ്ണ് ചുവക്കല്‍, പുകച്ചില്‍ തുടങ്ങിയവ അനുഭവപ്പെട്ടേക്കാം.
സണ്‍ഗ്ലാസ് ഉപയോഗിക്കുക: വേനല്‍ക്കാലത്ത് നമ്മുടെ കണ്ണുകള്‍ സെന്‍സിറ്റീവ് ആകും. ആ സമയത്ത് കണ്ണുകള്‍ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. കോണ്‍ടാക്‌റ്റ് ലെന്‍സ് ഉപയോഗിക്കുന്നവര്‍ സണ്‍ഗ്ലാസ് ഉപയോഗിക്കുന്നത് കണ്ണിന്‍റെ സംരക്ഷണത്തിന് ഉത്തമമാണെന്ന് ആഗ്രയിലെ ഉജാല സിഗ്‌നസ് റെയിന്‍ബോ ആശുപത്രിയിലെ റെറ്റിന ആന്‍ഡ് ഒഫ്‌താല്‍മോളജി വിഭാഗത്തിലെ സീനിയർ കണ്‍സള്‍ട്ടന്‍റ് ഡോ. ചികിര്‍ഷ ജെയ്‌ന്‍ പറയുന്നു.