പ്രമേഹം ഏറെ സാധാരണമായ ജീവിതശൈലീരോഗങ്ങളില്‍ ഒന്നാണ്. മാറിയ ജീവിതക്രമവും ഭക്ഷണ രീതികളുമാണ് പ്രമേഹത്തിനും അതുപോലെയുള്ള മറ്റ് ജീവിത ശൈലീരോഗങ്ങള്‍ക്കുമുള്ള പ്രധാന കാരണം. അമിത ഭക്ഷണവും വ്യായാമ കുറവുമെല്ലാം പ്രമേഹത്തിനും അതിന്‍റെ തോത് വര്‍ധിക്കുന്നതിനും കാരണമാകുന്നുണ്ട് (Type 2 Diabetes).
ശരീരത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് പരിധിയില്‍ കൂടുതലായി വര്‍ധിക്കുന്നതാണ് പ്രമേഹം. അതുകൊണ്ട് പ്രമേഹം ഉണ്ടെന്ന് പരിശോധനയില്‍ തെളിയുമ്പോള്‍ തന്നെ മിക്കവരും ഭക്ഷണത്തിലെ പഞ്ചസാരയുടെയും മധുരത്തിന്‍റെയുമെല്ലാം അളവ് വളരെയധികം കുറയ്‌ക്കും. പ്രമേഹ രോഗികള്‍ക്ക് ഡോക്‌ടര്‍മാര്‍ നല്‍കുന്ന നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ടത് തന്നെയാണ് പഞ്ചസാരയുടെ അളവ് നിയന്ത്രിക്കണം എന്നത്.
എന്നാല്‍ പ്രമേഹത്തെ കുറിച്ച് അടുത്തിടെ നടത്തിയ പഠനങ്ങളില്‍ പഞ്ചസാര മാത്രമല്ല മറിച്ച് ഉപ്പിന്‍റെ അമിത ഉപയോഗവും വില്ലനാണെന്ന് കണ്ടെത്തിയിട്ടുണ്ട്, പ്രത്യേകിച്ച് ടൈപ്പ് 2 പ്രമേഹമുള്ളവര്‍ക്ക്. ഭക്ഷണത്തില്‍ ഉപ്പിന്‍റെ അളവ് വര്‍ധിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തെ വഷളാക്കുമെന്ന് യുഎസിലെ തുലെയ്‌ന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള പഠനങ്ങള്‍ വ്യക്തമാക്കുന്നു.
4,00000 പേരില്‍ നടത്തിയ പഠനത്തിലാണ് ഉപ്പിന്‍റെ അമിത ഉപയോഗം ടൈപ്പ് 2 പ്രമേഹം ഗുരുതരമാക്കുന്നുവെന്ന് കണ്ടെത്തിയത്. 'മയോ ക്ലിനിക്ക് പ്രൊസീഡിങ്‌സ്' (Mayo Clinic Proceedings) എന്ന ജേണലില്‍ ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 11 വര്‍ഷത്തിലേറെ കാലം നടത്തിയിട്ടുള്ള പഠന റിപ്പോര്‍ട്ടുകളാണ് ഇതുസംബന്ധിച്ച് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്. ഇതില്‍, നിരന്തരം കൂടുതല്‍ ഉപ്പ് ഉപയോഗിക്കുന്നവരില്‍ പ്രമേഹനില ഉയര്‍ന്ന നിരക്കിലാണെന്ന് കണ്ടെത്തി. അതേസമയം ഉപ്പിന്‍റെ അളവ് വളരെയധികം കുറച്ചവരില്‍ അത്ര ബുദ്ധിമുട്ടില്ലെന്നും പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്.