വാഷിങ്ടണ്‍: അമിതഭാരം ഉള്ള വ്യക്തികളില്‍ കൊവിഡ് ബാധമൂലമുണ്ടാകുന്ന അപകട സാധ്യത കൂടുതലാണെന്ന് പഠനം. ഇത്തരക്കാരില്‍ രോഗം ബാധിച്ചാല്‍ അത് ദീര്‍ഘകാലം നിലനിന്നേക്കാമെന്നും പഠനത്തില്‍ പറയുന്നു. ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജ് എംആർസി യൂണിറ്റ് ഫോർ ലൈഫ് ലോംഗ് ഹെൽത്ത് ആൻഡ് ഏജിങില്‍ നിന്നുള്ള ഡോ. അനിക നപ്പെലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതേക്കുറിച്ചുള്ള പഠനം നടത്തിയത്.
പ്രമേഹവും, അമിതഭാരവുമുള്ള ആളുകൾക്ക് കൊവിഡ് 19 പിടിപെട്ടാൽ രോഗം ഗുരുതരമാകാനും മരണപ്പെടാനും സാധ്യതയുണ്ടെന്ന് മുന്‍ പഠനങ്ങളില്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ കൊവിഡ് ബാധയ്‌ക്ക് ശേഷവും രോഗലക്ഷണങ്ങള്‍ നീണ്ടു നില്‍ക്കുന്നതില്‍ അവയുടെ പങ്ക് വ്യക്തമായിരുന്നില്ല. ഇതില്‍ കൂടുതൽ കണ്ടെത്തലുകള്‍ക്കായി മഹാമാരിക്ക് മുമ്പ് കണക്കാക്കിയ ക്ലിനിക്കൽ സ്വഭാവസവിശേഷതകൾ തമ്മിലുള്ള ബന്ധങ്ങളും ഗവേഷകർ അന്വേഷിച്ചു.
പഠനത്തിന് വ്യത്യസ്‌ത റിപ്പോര്‍ട്ടുകള്‍:രക്തത്തിലെ ശരാശരി പഞ്ചസാരയുടെ അളവ്, സ്വയം റിപ്പോർട്ട് ചെയ്‌ത അല്ലെങ്കിൽ മരുന്ന് അടിസ്ഥാനമാക്കിയുള്ള പ്രമേഹം, ബോഡി മാസ് ഇൻഡക്‌സ് (ബിഎംഐ), അരക്കെട്ട് മുതൽ ഇടുപ്പ് തമ്മിലുള്ള ബന്ധങ്ങൾ എന്നിവ അടിസ്ഥാനമാക്കിയായിരുന്നു പഠനം. കൂടാതെ യുകെയില്‍ നടത്തിയ 9 പഠനങ്ങളില്‍ സ്വയം സ്ഥിരീകരണം നടത്തിയ കൊവിഡ്19 അണുബാധ റിപ്പോര്‍ട്ടുകളെയും ഗവേഷണത്തിന് വിധേയമാക്കി.
2002 മുതല്‍ 2019 വരെയുള്ള കാലഘട്ടത്തിലെ ഏറ്റവും പുതിയ അളവുകള്‍ ശേഖരിച്ച് ചോദ്യാവലി തയ്യാറാക്കിയായിരുന്നു പഠനം. 19-75 വയസ് വരെ പ്രായമുള്ള 31,252 പേരെ പഠനത്തിന് വിധേയരാക്കി. അതില്‍ 57 ശതമാനം പേരും സ്‌ത്രീകളായിരുന്നു.
ചോദ്യാവലിയുലൂടെ വിവരശേഖരണം:പഠനത്തിനായി തെരഞ്ഞെടുക്കപ്പെട്ടവരില്‍ നിന്നും ശരീരത്തിലെ രക്തത്തിലെ മുന്‍ അളവുകള്‍ ഉള്‍പ്പടെയുള്ള വിവരങ്ങളാണ് ശേഖരിച്ചത്. കൂടാതെ 2020 മെയ് മുതൽ 2021 സെപ്റ്റംബർ വരെയുള്ള കാലഘട്ടത്തെ അടിസ്ഥാനമാക്കി കൊവിഡ് 19 നെ കുറിച്ചുള്ള ചോദ്യാവലിയും തയ്യാറാക്കി. നിലവിലുള്ള കൊവിഡ് 19മായി ബന്ധപ്പെട്ട രോഗലക്ഷണങ്ങളുടെ ദൈർഘ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങളും ചോദ്യാവലിയില്‍ ഉള്‍കൊള്ളിച്ചിരുന്നു.