കൊവിഡ് ബാധിക്കപ്പെട്ട 25.24ശതമാനം കുട്ടികളിലും കൗമാരക്കാരിലും കൊവിഡാനന്തര രോഗലക്ഷണങ്ങള്‍ അഥവ ദീര്‍ഘകാല കൊവിഡ്(long COVID) ഉണ്ടെന്ന് അന്താരാഷ്ട്ര ഗവേഷകസംഘത്തിന്‍റെ കണ്ടെത്തല്‍. യുഎസ്, മെക്സിക്കോ, സ്വീഡന്‍ എന്നീരാജ്യങ്ങളിലെ ഗവേഷകരുടെ പഠനത്തിലാണ് കണ്ടെത്തല്‍. കുട്ടികളിലും കൗമാരക്കാരിലും കൊവിഡ് പിടിപ്പെട്ടതിന് ശേഷം ദീര്‍ഘകാലം നിലനില്‍ക്കുന്ന 40 രോഗലക്ഷണങ്ങളും ഗവേഷകര്‍ കണ്ടെത്തി.
ഏറ്റവും കൂടുതലായി കണ്ടുവരുന്ന കൊവിഡാനന്തര രോഗ ലക്ഷണങ്ങള്‍ അഞ്ചാണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍: വിഷാദം(16.5 ശതമാനം) , ക്ഷീണം(9.66ശതമാനം), ഉറക്കപ്രശ്ന്നങ്ങള്‍(8.42 ശതമാനം), തലവേദന(7.84ശതമാനം), ശ്വാസോച്‌ഛ്വാസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍(7.62ശതമാനം). ഇതില്‍ ചില രോഗലക്ഷണങ്ങള്‍ കൊവിഡ് ഭേദമായി ഒരു വര്‍ഷത്തിന് ശേഷവും നിലനില്‍ക്കുന്നവയാണെന്ന് പ്രായപൂര്‍ത്തിയായവരില്‍ നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ഗവേഷകര്‍ പറഞ്ഞു. കുട്ടികളിലും ഇതേസാഹര്യം തന്നെ നിലനില്‍ക്കാനാണ് സാധ്യതയെന്നാണ് ഗവേഷകരുടെ അനുമാനം.