ആരോഗ്യത്തിന് വളരെ പ്രധാനമാണ് ജലം. ശരീരത്തിലെ ജലത്തിന്‍റെ അഭാവമുണ്ടായാൽ താപനില നിയന്ത്രണം, അവശ്യ പോഷകങ്ങളുടെ വിഘടനം തുടങ്ങിയ പ്രക്രിയകൾ നടക്കാതെ വരും. കൂടുതൽ വെള്ളം കുടിക്കുന്നത് വഴി ശരീരത്തിൽ നിപവധി ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകും.
എന്നാൽ മിക്കവരും അവർക്ക് ദാഹം തോന്നുമ്പോൾ മാത്രമേ വെള്ളം കുടിക്കാറുള്ളൂ. ഇതുമൂലം അവർക്ക് ശരീരത്തിൽ വളരെ കുറച്ച് ഗുണങ്ങൾ മാത്രമേ ലഭിക്കുകയുള്ളൂ. വളരെ കുറച്ച് മാത്രം വെള്ളം കുടിക്കുന്ന വ്യക്തിയാണ് നിങ്ങൾ എങ്കിൽ ആ ശീലം ഒഴിവാക്കി ധാരാളം വെള്ളം കുടിക്കാൻ ആരംഭിക്കേണ്ടത് അത്യാവശ്യമാണ്.
ഒരു ദിവസം 2-3 ലിറ്റർ വെള്ളം കുടിക്കാനാണ് ആരോഗ്യ വിദഗ്‌ധർ നിർദേശിക്കുന്നത്. ഇത് ഗ്ലാസുകളുടെ കണക്കിലാക്കി നിങ്ങൾ കുടിക്കുന്ന വെള്ളത്തിന്‍റെ കണക്ക് സൂക്ഷിക്കുന്നത് ഒരു ദിവസം കുടിക്കുന്ന വെള്ളത്തിന്‍റെ അളവ് എളുപ്പത്തിൽ മനസിലാക്കാൻ സഹായിക്കും. നിങ്ങളുടെ ദൈനംദിന കുടിവെള്ള ഉപഭോഗം നിരീക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്നതിന്‍റെ കാരണങ്ങൾ ഇനി പറയുന്നവയാണ് :
ഉന്മേഷം നൽകാൻ സഹായിക്കും : വേനൽക്കാലത്ത് നിരന്തരമായ നിർജലീകരണം മൂലം നിങ്ങൾക്ക് ക്ഷീണവും തളർച്ചയും ഊർജമില്ലായ്‌മയും അനുഭവപ്പെട്ടേക്കാം. നിരന്തരമായ നിർജലീകരണം നിങ്ങളുടെ തലച്ചോറിനെ വരെ ബാധിച്ചേക്കാം. നിങ്ങളെ എനർജെറ്റിക് ആക്കാനുള്ള ഏറ്റവും എളുപ്പമായ മാർഗം ധാരാളം വെള്ളം കുടിക്കുക എന്നതാണ്. ഇത് ദിവസം മുഴുവൻ ഉന്മേഷവാനായിരിക്കാൻ നിങ്ങളെ സഹായിക്കും.
ശരിയായ വെള്ളംകുടി ശ്രദ്ധ കൂട്ടാൻ സഹായിക്കും : നിങ്ങൾ എത്രമാത്രം ക്ഷീണിതനാണെന്ന് നിങ്ങൾക്ക് മനസിലായില്ലെങ്കിലും നിങ്ങളുടെ തലച്ചോറിന് അത് വളരെ എളുപ്പം മനസിലാകും. കോശങ്ങളിലേക്ക് പ്രവേഗങ്ങൾ അയക്കുന്നതിന് തലച്ചോറിന് വെള്ളം അത്യാവശ്യമാണ്. നിങ്ങളുടെ മസ്‌തിഷ്‌കം തളർച്ചയിലാണെങ്കിൽ പേശികൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിലും പരാജയപ്പെടുകയും കണ്ണുകൾ തളർന്നുപോകുകയും ചെയ്യും.