നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തെ വിലയിരുത്തേണ്ടത് വൈദ്യ ശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമായ ഒന്നാണ്. ഒരാളുടെ ആരോഗ്യത്തെ നിശ്ചയിക്കുന്നതില്‍ ഭക്ഷണക്രമത്തിന് വളരെയധികം പ്രാധാന്യമുണ്ട്. കഴിക്കുന്ന ഭക്ഷണത്തെ ശരിയായി വിലയിരുത്താനും അവ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്ന് മനസിലാക്കാനും നിലവില്‍ പല പരിമിതികളും നിലനില്‍ക്കുന്നുണ്ട്.
പലപ്പോഴും ഒരു വ്യക്തി പറയുന്ന വിവിരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഭക്ഷണം ശരീരത്തെ എങ്ങനെ ബാധിക്കുന്നു എന്നുള്ള വിലയിരുത്തലുകള്‍ നടത്തുന്നത്. പലപ്പോഴും ആ വ്യക്തിക്ക് എന്തൊക്കെ ഭക്ഷണം കഴിച്ചെന്നും എത്ര അളവില്‍ കഴിച്ചെന്നും ഓര്‍ത്തെടുക്കാന്‍ സാധിക്കണമെന്നില്ല. ഭക്ഷണക്രമവുമായി ബന്ധപ്പെട്ട വിലയിരുത്തലുകളുടെ കൃത്യത വളരെയധികം വര്‍ധിപ്പിക്കാന്‍ സാധിക്കുന്ന തന്ദ്രം ആവിഷ്‌കരിച്ചിരിക്കുകയാണ് അയര്‍ലണ്ടിലെ യൂണിവേഴ്‌സിറ്റി കോളജ് ഡബ്ലിനിലെ ഗവേഷകര്‍.
യൂറോപ്യന്‍ യൂണിയന്‍റെ എ-ഡയറ്റ്(A-DIET) എന്നുള്ള പദ്ധതിയുടെ ഭാഗമായാണ് ഗവേഷണം നടന്നത്. ഭക്ഷണം ദഹനപ്രക്രിയയ്ക്ക് ശേഷം ശരീരത്തില്‍ ഉണ്ടാകുന്ന ജൈവ അടയാളപ്പെടുത്തലുകള്‍(biomarkers) കണ്ടെത്തിയാണ് ഗവേഷകര്‍ ഇത് സാധ്യമാക്കിയത് . കോശങ്ങളില്‍ നടക്കുന്ന മെറ്റാബോളിസത്തിന്‍റെ ഭാഗമായി ഉണ്ടാകുന്ന മെറ്റാബൊളൈറ്റ്സിനെയാണ് കഴിച്ച ഭക്ഷണത്തിന്‍റെ ജൈവ അടയാളപ്പെടുത്തലായി ഗവേഷകര്‍ തെരഞ്ഞെടുത്തത്.