ഫിലാഡല്‍ഫിയ: സമകാലിക സമൂഹത്തില്‍ കമ്പ്യൂട്ടര്‍ ഗെയിമുകളുടെ ലോകത്താണ് കുട്ടികള്‍ അടക്കമുള്ളവര്‍ ജീവിച്ചുക്കൊണ്ടിരിക്കുന്നത്. കൗമാരക്കാരെയും കുട്ടികളെയും വളരെ വേഗത്തില്‍ സ്വാധീനിക്കുന്ന ഒന്നാണ് കമ്പ്യൂട്ടര്‍ ഗെയിമുകള്‍. അതുകൊണ്ട് തന്നെ ഇത്തരം ഗെയിമുകള്‍ക്ക് ഇരയാവുന്നവരില്‍ അധികവും കുട്ടികളും കൗമാര പ്രായക്കാരുമാണ്.
കമ്പ്യൂട്ടര്‍ മോണിറ്ററിന് മുന്നില്‍ ദീര്‍ഘ നേരമിരിക്കുന്നത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നു. പ്രത്യേകിച്ച് ഇത്തരത്തിലുള്ള ഗെയിമുകള്‍ കളിക്കുന്നത് തലച്ചോറിനെയും ഹൃദയത്തെയും ഗുരുതരമായ തകരാറുകള്‍ക്ക് കാരണമാകുന്നു. കമ്പ്യൂട്ടര്‍ ഗെയിം കളി അധികമായാല്‍ അത് ഹൃദയത്തിന്‍റെ മിടിപ്പിനെ വരെ പ്രതികൂലമായി ബാധിക്കുന്നു.
ദീര്‍ഘ നേരം കമ്പ്യൂട്ടര്‍ ഗെയിമുകളില്‍ മുഴുകുന്നവരില്‍ ക്രമരഹിതമായ ഹൃദയമിടിപ്പ് ഉണ്ടാകുന്നുണ്ടെന്ന് പുതിയ പഠനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരം വീഡിയോ ഗെയിമുകളില്‍ മുഴുകുന്ന കുട്ടികള്‍ ചുറ്റുപാടിനെ കുറിച്ച് മറന്ന് പോവുകയും അവരുടെ മനസ് പതിയെ ഗെയിമിന്‍റെ മാത്രം ലോകത്തേക്ക് ചേക്കേറുകയും ചെയ്യും.
മാത്രമല്ല ഗെയിമിന്‍റെ താളത്തിനും വേഗത്തിനുമൊത്ത് അവരുടെ മനസ് സഞ്ചരിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ ഗെയിമിന്‍റെ വേഗതക്ക് അനുസരിച്ച് അവരുടെ ഹൃദയമിടിപ്പ് കൂടുകയും കുറയുകയും ചെയ്യും. ഇതുസംബന്ധിച്ച് നടത്തിയ പഠന റിപ്പോര്‍ട്ടുകള്‍ ഹാർട്ട് റിഥം സൊസൈറ്റി, കാർഡിയാക് ഇലക്ട്രോഫിസിയോളജി സൊസൈറ്റി, പീഡിയാട്രിക് & കൺജെനിറ്റൽ ഇലക്ട്രോഫിസിയോളജി സൊസൈറ്റി എന്ന ജേണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വീഡിയോ ഗെയിമുകൾ ചില കുട്ടികൾക്ക് ഗുരുതരമായ പ്രയാസങ്ങൾ സൃഷടിക്കാൻ സാധ്യതയുണ്ട്. ഇത്തരം ഗെയിമുകൾക്ക് അടിമപ്പെട്ട കുട്ടികളിൽ ഗെയിം കളിക്കിടയിൽ ബോധം നഷ്‌ടപ്പെടുന്നവർ വരെയുണ്ട്. ഇത്തരം ആളുകൾ ഹാർട്ട് സ്പെഷലിസ്റ്റിനെ സമീപിച്ച് പരിശോധന നടത്തണം. കാരണം ഇത്തരം അവസ്ഥകൾ ഗുരുതരമായ ഹൃദയ പ്രശ്‌നത്തിന്‍റെ ആദ്യ ലക്ഷണമാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.
ഗെയിം കളിക്കിടെ ബോധം നഷടപ്പെടുന്ന കുട്ടികളുടെ കേസുകൾ തിരിച്ചറിയാനും കുടുതൽ പഠനം നടത്തുന്നതിനും മൾട്ടിസൈറ്റ് ഇന്‍റർനാഷണൽ ഔട്ട്റീച്ച് എന്ന വിദഗ്ധ സംഘം ശ്രമം ആരംഭിക്കുകയും ചെയ്‌തു. വിദഗ്‌ധരുടെ പഠനത്തില്‍ മൾട്ടിപ്ലെയർ വാർ ഗെയിമിങാണ് ഏറ്റവും കൂടുതല്‍ പേര്‍ തെരഞ്ഞെടുത്തിരിക്കുന്നത് മനസിലാക്കാന്‍ സാധിച്ചു. ഇത്തരം ഗെയിമുകള്‍ക്ക് അടിമപ്പെട്ട് നിരവധി കുട്ടികള്‍ ഹൃദയാഘാതം സംഭവിച്ച് മരിച്ചിട്ടുണ്ടെന്നും സംഘത്തിന് കണ്ടെത്താനായി. ഇത് പ്രധാനമായി രണ്ടായി തിരിക്കാനാവും.
അതില്‍ ആദ്യത്തേതാണ് കാറ്റെകോളമിനേർജിക് പോളിമോർഫിക് വെൻട്രിക്കുലാർ ടാക്കിക്കാർഡിയ (സിപിവിടി). ശാരീരിക പ്രവര്‍ത്തനം കൊണ്ടും മാനസിക സമ്മര്‍ദം കൊണ്ടും ഹൃദയമിടിപ്പ് വര്‍ധിക്കുന്നതാണ് സിപിവിടി. എന്നാല്‍ ഇതില്‍ രണ്ടാമത്തേതാണ് കൺജെനിറ്റൽ ലോംഗ് ക്യുടി സിൻഡ്രോം (എൽക്യുടിഎസ്). മാനസിക സമ്മര്‍ദം കൊണ്ട് പെട്ടെന്ന് ഹൃദയ സ്‌തംഭനം ഉണ്ടാവുന്ന അവസ്ഥയാണിത്. ഇങ്ങനെയുള്ള രണ്ട് അവസ്ഥകളാണ് സാധാരണയായി കണ്ടുവരുന്നത്.
കുട്ടികളിലുണ്ടാകുന്ന ഇത്തരം അവസ്ഥകള്‍ കുടുംബാന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുന്നു. അതുകൊണ്ട് കുട്ടികളില്‍ കമ്പ്യൂട്ടറും മൊബൈല്‍ ഫോണുകളും ഉപയോഗിക്കുന്ന കാര്യത്തില്‍ രക്ഷിതാക്കളും ശ്രദ്ധ ചെലുത്തണമെന്ന് ഓസ്‌ട്രേലിയയിലെ ദി ഹാര്‍ട്ട് സെന്‍റര്‍ ഫോര്‍ ചില്‍ഡ്രനിലെ ഡോക്‌ടര്‍ എം.ലോലി പറയുന്നു.
ഗെയിം കളി വര്‍ധിക്കുന്നതിലൂടെയുണ്ടാകുന്ന ഹൃദയ സംബന്ധമായ രോഗങ്ങള്‍ സമൂഹത്തില്‍ വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. ഗെയിം കളികള്‍ക്ക് അടിമപ്പെട്ട് പോവുന്ന കുട്ടികളെ അതില്‍ നിന്ന് മോചിപ്പിക്കാന്‍ കഴിഞ്ഞാല്‍ ഇത്തരത്തിലുള്ള നിരവധി പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ കഴിയുമെന്ന് വിദഗ്‌ധനായ ജോനാഥൻ സ്‌കിന്നര്‍ പറയുന്നു.