ന്യൂഡല്‍ഹി:അമിതവണ്ണം കുറയ്‌ക്കാനുള്ള നല്ലൊരു ഉപാധിയാണ് പഴങ്ങള്‍ കഴിക്കുക എന്നത്. കാരണം പഴങ്ങളില്‍ കലോറി കുറവാണ്. അതേസമയം നാരുകളും ജലാംശവും കൂടുതലുമാണ്. പഴങ്ങളില്‍ നമ്മുടെ ശരീരത്തിന് ആവശ്യമുള്ള ധാരാളം വിറ്റാമിനുകളും മൂലകങ്ങളും അടങ്ങിയിരിക്കുന്നു.
നമ്മുടെ ശരീരത്തിലെ ദഹനത്തിന്‍റെ ഭാഗമായി വരുന്ന വിസര്‍ജ്യങ്ങള്‍ സുഗമമായി പുറംതള്ളുന്നതിന് നാരുകള്‍ സഹായിക്കുന്നു. ഈ നാരുകള്‍ ഏറെ അടങ്ങിയതാണ് പഴങ്ങള്‍. സമീകൃത അഹാരത്തില്‍ പഴങ്ങള്‍ക്ക് പ്രധാന സ്ഥാനമുണ്ട്.
എന്നാല്‍ പഴങ്ങള്‍ തെറ്റായ രീതിയില്‍ കഴിച്ചാല്‍ പലപ്പോഴും ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുന്നതെന്ന് പ്രമേഹരോഗ വിദഗ്ധയും ഡയറ്റീഷനുമായ ഡോ അര്‍ച്ചന ബാത്ര പറയുന്നു.
മറ്റ് ഭക്ഷണപദാര്‍ഥങ്ങളോടൊപ്പം ചേര്‍ത്ത് പഴങ്ങള്‍ കഴിക്കുന്നത്:പഴങ്ങള്‍ ദഹനപ്രക്രിയയില്‍ മറ്റ് പല ഭക്ഷ്യവസ്‌തുക്കളേക്കാളും എളുപ്പം വിഘടിക്കും. മറ്റ് ഭക്ഷണ പദാര്‍ഥങ്ങളുമായി പഴങ്ങള്‍ ചേര്‍ത്ത് കഴിക്കുമ്പോള്‍ പൂര്‍ണമായി ദഹനം നടക്കാത്തതിന്‍റെ ഫലമായി വിഷലിപ്‌തമായ മാലിന്യം ദഹന വ്യവസ്ഥയില്‍ ഉടലെടുക്കുന്നു. ഇതിനെ ആയുര്‍വേദത്തില്‍ അമ(ama) എന്നാണ് പറയുക.
കട്ടിയുള്ള ആഹാര പദാര്‍ഥം ദഹിക്കുന്നത് വരെ വയറില്‍ പഴങ്ങള്‍ നിലനില്‍ക്കുന്ന സ്ഥിതി വിശേഷമാണ് ചേര്‍ത്ത് കഴിക്കുമ്പോള്‍ ഉണ്ടാകുന്നത്. ഇങ്ങനെ വരുമ്പോള്‍ പോഷക പദാര്‍ഥങ്ങള്‍ ശരീരത്തിന് വലിച്ചെടുക്കുന്നതിന് പ്രതിസന്ധി സൃഷ്‌ടിക്കുന്നു. പഴങ്ങള്‍ ദഹന രസത്തില്‍ ഫെര്‍മെന്‍റ് ചെയ്യപ്പെടുന്നതിലേക്കാണ് ഇത് നയിക്കുന്നത്.
ഇത് പലപ്പോഴും വിഷ ലിപ്‌തമാണ്. അതുകൊണ്ട് തന്നെ പല ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിക്കുമെന്നതിനാല്‍ പഴങ്ങള്‍ മറ്റ് ഭക്ഷണ പദാര്‍ഥങ്ങളുമായി ഒരുമിച്ച് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.
ഉറങ്ങുന്നതിന് പഴങ്ങള്‍ കഴിക്കുന്നത്:ഉറങ്ങുന്നതിന് 2-3 മണിക്കൂര്‍ മുമ്പ് മുതല്‍ യാതൊരു ഭക്ഷണവും കഴിക്കാത്തതാണ് നല്ലത്. കാരണം ദഹനസംവിധാനത്തെ ഇത് തകിടം മറിക്കും. പഴങ്ങളുടെ കാര്യത്തിലും ഇത് ബാധകമാണ്. പഴങ്ങള്‍ കഴിക്കുമ്പോള്‍ ശരീരത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നു. ഇത് ശരീരത്തിന്‍റെ ഊര്‍ജ നില ഉയര്‍ത്തുന്നു. അത് കാരണം ഉറക്കം തടസപ്പെടുന്ന സാഹചര്യം സൃഷ്‌ടിക്കപ്പെടുന്നു.
വെള്ളം ഉടനെ കുടിക്കുന്നത്:കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും പഴങ്ങള്‍ കഴിച്ച ഉടനെ വെള്ളം കുടിക്കുന്നത് കണ്ട് വരുന്നുണ്ട്. പഴങ്ങള്‍ പ്രത്യേകിച്ച് ജലാംശം കൂടിയവയായ തണ്ണിമത്തന്‍, ഓറഞ്ച് മുതലായവ കഴിച്ച ഉടന്‍ വെള്ളം കുടിച്ചാല്‍ ദഹന വ്യവസ്ഥയിലെ പിഎച്ച് ലെവല്‍ അസന്തുലിതമാകുന്നതിന് വഴിവെക്കുന്നു. വയറിലെ അസിഡിറ്റി കുറയുന്നതാണ് ഇതിന് കാരണം. അതിസാരം (diarrhoea ), കോളറ തുടങ്ങിയ രോഗങ്ങള്‍ക്ക് ഇത് വഴിവച്ചേക്കാം.
തൊലി കഴിക്കാതിരിക്കുന്നത്:പലപ്പോഴും പഴങ്ങളുടെ തൊലികളിലാണ് വിറ്റാമിനുകളും ആന്‍റിഓക്‌സിഡന്‍റുകളും അടങ്ങിയിരിക്കുന്നത്. ഉദാഹരണത്തിന് ആപ്പിളിന്‍റെ തൊലിയില്‍ ധാരളം നാരുകളും, വിറ്റാമിന്‍ സി, എ എന്നിവ അടങ്ങിയിരിക്കുന്നു. അമിതവണ്ണം, അര്‍ബുദം എന്നിവയുടെ സാധ്യത കുറയ്‌ക്കാന്‍ പഴങ്ങളുടെ കഴിക്കാന്‍ പറ്റുന്ന തോല്‍ കഴിക്കുന്നത് കൊണ്ട് സാധിക്കും.