ഗർഭം ധരിക്കാൻ ശ്രമിക്കുന്ന സ്ത്രീകളില്‍ പൊതുവില്‍ കണ്ടുവരുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് 'വിറ്റാമിന്‍ ഡി'യുടെ കുറവ്. സൂര്യപ്രകാശത്തില്‍ നിന്നും ചില ഭക്ഷണ പദാര്‍ഥങ്ങളില്‍ നിന്നുമാണ് മനുഷ്യ ശരീരത്തില്‍ വിറ്റാമിന്‍ ഡി ലഭിക്കുന്നത്. എന്നാല്‍ മിക്കവാറും സ്ത്രീകള്‍ വേണ്ടത്ര സൂര്യപ്രകാശം കൊള്ളുന്നില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. എല്ലാ ഭക്ഷണ പദാര്‍ഥങ്ങളിലും വിറ്റാമിന്‍ ഡിയുടെ സാന്നിധ്യം ആവശ്യത്തിന് ഇല്ലെന്നതും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.
ഇരുണ്ട നിറമുള്ളവര്‍ വെയില്‍ കൊള്ളാന്‍ മടിക്കുന്നതും തടികൂടിയവര്‍ ആവശ്യമായ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കാതിരിക്കുന്നതും വിറ്റാമിന്‍ ഡിയുടെ കുറവിന് കാരണമാകുന്നുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.
വിറ്റാമിൻ ഡി അല്ലെങ്കില്‍ കോളെകാൽസിഫെറോളിന്‍റെ കുറവുള്ളവര്‍ക്ക് ഡോക്ടര്‍മാര്‍ ഡി 2 (എർഗോകാൽസിഫെറോൾ) മരുന്നുകളാണ് നിര്‍ദേശിക്കാറുള്ളത്. എന്നാല്‍ മനുഷ്യ നിര്‍മിത വിറ്റാമിന്‍-ഡി ആയ ഡി- 2 വിനേക്കാള്‍ ഗുണം ചെയ്യുന്നത് ഡി-3 എന്ന പരിഷ്കരിച്ച രൂപമാണെന്നാണ് പുതിയ പഠനം സാക്ഷ്യപ്പെടുത്തുന്നത്.
വിറ്റാമിൻ ഡിയും ഗര്‍ഭ ധാരണവും തമ്മിലുള്ള ബന്ധം
വിറ്റാമിന്‍ ഡിയുടെ അളവ് ശരീരത്തില്‍ കൃത്യമായുള്ള സ്ത്രീകളില്‍ സാധാരണ രീതിയിലുള്ള ഗര്‍ഭ ധാരണം എളുപ്പത്തില്‍ സാധ്യമാകുമെന്ന് വസന്ത് വിഹാറിലെ ശാന്ത ഫെർട്ടിലിറ്റി സെന്‍റര്‍ മെഡിക്കൽ ഡയറക്ടറും ഗൈനക്കോളജിസ്റ്റും ഐവിഎഫ് സ്പെഷ്യലിസ്റ്റുമായ ഡോ. അനുഭ സിംഗ് പറയുന്നു.
അടുത്ത കാലത്ത് നടത്തിയ ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത് പ്രകാരം ഗര്‍ഭധാരണത്തിനായുള്ള തെറാപ്പികള്‍ എളുപ്പത്തില്‍ ഫല പ്രാപ്തിയിലെത്താന്‍ വിറ്റാമിന്‍ ഡി അനിവാര്യമാണ്. ഐ.വി.എഫ് പോലുള്ള മാര്‍ഗങ്ങളിലൂടെ ഗര്‍ഭ ധാരണത്തിന് ശ്രമിക്കുന്നവര്‍ക്കും അണ്ഡം ശീതീകരിച്ച് ഉപയോഗിക്കുന്നവര്‍ക്കും വിറ്റാമിന്‍ ഡിയുടെ കുറവ് പ്രശ്നങ്ങളുണ്ടാക്കുമെന്നും അദ്ദേഹം പറയുന്നു.
ഐവിഎഫ് വിജയിക്കാതിരിക്കുന്നതിന് വിറ്റാമിനുകളുമായി ബന്ധപ്പെട്ട് മറ്റ് കാരണങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 30 മില്ലി ഗ്രാമാണ് സ്ത്രീകളുടെ രക്തത്തില്‍ ആവശ്യമായ വിറ്റാമിന്‍ ഡിയുടെ അളവ്. സാധാരണ അളവില്‍ വിറ്റാമിന്‍ ഡി ഉള്ള സ്ത്രീകളില്‍ മറ്റുള്ളവരേക്കാള്‍ ഐവിഎഫ് വിജയിക്കാനുള്ള സാധ്യത നാല് ഇരട്ടി കൂടുതല്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശരീരത്തില്‍ എത്രമാത്രം വിറ്റാമിന്‍ ഡി ആവശ്യമാണ് :ഓരോ മനുഷ്യന്‍റേയും ശാരീരിക ഘടന വ്യത്യസ്‌തമാണെന്നും അതിനാല്‍ തന്നെ ഓരോരുത്തരിലും ആവശ്യമായ വിറ്റാമിന്‍ ഡിയുടെ അളവ് വ്യത്യസ്‌തമായിരിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. രക്ത പരിശോധന നടത്തിയതിന് ശേഷമാണ് ഓരോരുത്തരിലും എത്രമാത്രമാണ് വിറ്റാമിന്‍ ഡിയുടെ അളവ് വേണ്ടതെന്ന് പറയുന്നതെന്നും ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.
വിറ്റാമിന്‍ ഡിയുടെ അളവ് കൃത്യമായ സ്ത്രീകളില്‍ പ്രത്യുത്പാദന ശേഷിയും സുരക്ഷിത ഗര്‍ഭ ധാരണ ശേഷിയും കൂടുതലായിരിക്കുമെന്ന് ന്യൂഡൽഹിയിലെ പിതാമ്പുരയിലെ മദേഴ്‌സ് ലാപ് ഐവിഎഫ് സെന്‍ററിലെ ഗൈനക്കോളജിസ്റ്റും ഐവിഎഫ് വിദഗ്ധയുമായ ഡോ. ശോഭ ഗുപ്ത പറയുന്നു. അകാല പ്രസവം, ഗർഭകാല പ്രമേഹം, പ്രീക്ലാംസിയ (ഗർഭാവസ്ഥയിലെ ഉയർന്ന രക്തസമ്മർദം), ബാക്ടീരിയൽ വാഗിനോസിസ് എന്നീ ഗര്‍ഭകാല രോഗങ്ങള്‍ക്കും വിറ്റാമിന്‍ ഡിയുടെ കുറവ് കാരണമാകുമെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ക്കുന്നു.