തിരുവനന്തപുരം: നാല് വർഷം മുൻപ് നടന്ന ഒരു വാഹനാപകടത്തിൽ അരയ്‌ക്ക് താഴേയ്‌ക്ക് തളർന്നുപോയതാണ് തിരുവനന്തപുരം കണ്ണമ്മൂല സ്വദേശി നിഷാൻ നിസാർ എന്ന ഇരുപത്തിയഞ്ചുകാരന്‍റെ ശരീരം. മത്സ്യം കൊണ്ടുപോയ വാഹനം അമിത വേഗത്തിലെത്തിയ ശേഷം നിഷാനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ നട്ടെല്ലിന് ക്ഷതവും കാലുകൾക്ക് ഒന്നിലധികം പൊട്ടലുകളും സംഭവിച്ചതോടെ അരയ്‌ക്ക് താഴേയ്‌ക്ക് തളരുകയായിരുന്നു.
ഇതോടെ പൂർണമായും കിടക്കയിലായി നിഷാന്‍റെ ജീവിതം. ഒരു വർഷത്തോളം മുറിക്കുള്ളിൽ കഴിച്ചുകൂട്ടിയ നിഷാൻ പിന്നീട് ഒരു ഫിനിക്‌സ് പക്ഷിയെ പോലെ ജീവിതത്തിലേയ്‌ക്ക് മടങ്ങിവരവ് നടത്തി. ശാരീരിക പരിമിതികൾ തിരിച്ചറിഞ്ഞു കൊണ്ട് തന്നെ നാല് ചുവരുകൾക്കുള്ളിൽ നിന്നും അയാൾ തന്‍റെ സ്വപ്‌നങ്ങളും സാഹസിക വിനോദങ്ങളും പൂർണമാക്കാൻ തീരുമാനിച്ചു. ഇപ്പോൾ കേരളം മുഴുവൻ ഇലക്‌ട്രിക് വീൽചെയർ ബൈക്കിലൂടെ ഒറ്റയ്‌ക്ക് സഞ്ചരിക്കുകയാണ് നിഷാൻ.
ജീവിതം മാറ്റിമറിച്ച തീരുമാനം:വീൽചെയറിലെ യാത്ര നിഷാന് നല്ല അനുഭവങ്ങളല്ല നൽകിയത്. ഭിന്നശേഷി സൗഹൃദം എന്ന് പറയുമ്പോഴും നമ്മുടെ നാട് അത്രത്തോളമൊന്നും സൗഹൃദമല്ലെന്ന് മനസിലായ ദിവസങ്ങളിലൂടെയാണ് അന്ന് കടന്നുപോയതെന്ന് നിഷാൻ പറയുന്നു. ഇതേ തുടർന്നുള്ള അന്വേഷണമാണ് ചെന്നൈ ഐഐടിയുടെ സ്‌റ്റാർട്ട്പ്പായ നിയോ മോഷൻ നിർമിച്ച ഇലക്‌ട്രിക് വീൽ ചെയർ സ്‌കൂട്ടറിൽ കൊണ്ടെത്തിച്ചത്.
അത്തരമൊരു വാഹനം സ്വന്തമാക്കാൻ ആ ചെറുപ്പക്കാരനെടുത്ത തീരുമാനം അയാളുടെ ജീവിതം തന്നെ മാറ്റി മറിക്കുകയായിരുന്നു. നിലവിൽ ഒരു സ്വകാര്യ കമ്പനിയുടെ ഫീൽഡ് എക്‌സിക്യൂട്ടീവും മോഡവും കൂടിയായ നിഷാൻ അപകടത്തിൽപ്പെട്ടവരെ ചേർത്ത് ഒരു കമ്മ്യൂണിറ്റിയുണ്ടാക്കി പലരേയും ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ പരിശ്രമിക്കുന്നുണ്ട്.
ഇലക്‌ട്രിക് വീൽചെയറിന്‍റെ പ്രവർത്തനം:നിയോ മോഷൻ നിർമിച്ച ഇലക്‌ട്രിക് വീൽചെയർ ബൈക്കിന് രണ്ട് ഭാഗങ്ങളാണുള്ളത്. മോട്ടോറും ബാറ്ററിയും മുന്നിലെ ടയറും ഉൾപ്പെടുന്ന ഒരു ഭാഗം. വീൽ ചെയർ മാത്രമായ മറ്റൊരു ഭാഗം. ഈ രണ്ട് ഭാഗങ്ങളും വേർതിരിക്കാൻ കഴിയും. അതിനാൽ തന്നെ മറ്റൊരു വീൽചെയറിന്‍റെ ആവശ്യമില്ല.