മഴക്കാലം ആരംഭിച്ചതോടെ പകര്‍ച്ചവ്യാധികളും കൂടി. മഴക്കാലത്ത് കാണപ്പെടുന്ന രോഗങ്ങളിലൊന്നാണ് ഡെങ്കിപ്പനി. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഓരോ വർഷവും ഏകദേശം 5,00,000 പേരാണ് ഡെങ്കിപ്പനി മൂലം ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നത്. ഇന്ത്യയില്‍ ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണം വർധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
നാഷണൽ വെക്റ്റർ ബോൺ ഡിസീസ് കൺട്രോൾ പ്രോഗ്രാം (എൻവിബിഡിസിപി) പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2019ൽ ഇന്ത്യയിൽ മാത്രം 67,000 ഡെങ്കിപ്പനി കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. മരണത്തിന് വരെ കാരണമായേക്കാവുന്ന ഡെങ്കിപ്പനി, അതിന്‍റെ രോഗക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ച് ഗാസിയാബാദിലെ സീനിയർ ജനറൽ ഫിസിഷ്യൻ ഡോ. രാകേഷ് സിങ് പറയുന്നതിങ്ങനെ...
ഡെങ്കി വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. ഈഡിസ് വിഭാഗത്തില്‍പ്പെടുന്ന ഈഡിസ് ഈജിപ്‌തി, ഈഡിസ് അല്‍ബോപിക്‌റ്റസ് എന്നീ പെൺ കൊതുകുകളാണ് വൈറസ് വാഹകര്‍. സീറോടൈപ്പ് എന്ന് വിളിക്കപ്പെടുന്ന നാല് വൈറസുകളാണ് (DENV-1, DENV-2, DENV-3, DENV-4) ഡെങ്കിപ്പനിക്ക് പ്രധാനമായും കാരണമാകുന്നത്.
വൈറസ് രക്തപ്രവാഹത്തിലൂടെ ശരീരത്തിലുടനീളം വ്യാപിക്കുന്നു. കൊതുക് കടിച്ചതിന് ശേഷം 4-10 ദിവസങ്ങള്‍ക്കുള്ളിലാണ് രോഗലക്ഷണങ്ങള്‍ കാണുന്നത്. മിതമോ കഠിനമോ ആയ രോഗലക്ഷണങ്ങളുള്ള ഡെങ്കിപ്പനിക്ക് കൃത്യമായ സമയത്ത് ചികിത്സ തേടിയില്ലെങ്കില്‍ മരണം വരെ സംഭവിച്ചേക്കാം.
രോഗലക്ഷണങ്ങള്‍ :കടുത്ത പനിയോടൊപ്പം രോഗികള്‍ക്ക് സന്ധികളിലും പേശികളിലും എല്ലുകളിലും കടുത്ത വേദനയും അനുഭവപ്പെട്ടേക്കാമെന്ന് ഡോ. രാകേഷ് സിങ് വിശദീകരിക്കുന്നു. ഡെങ്കിപ്പനി മൂന്ന് തരത്തിലുണ്ട്- പനിയും ശരീരവേദനയുമായി കാണുന്നഡെങ്കിപ്പനി, രക്തസ്രാവത്തില്‍ കലാശിക്കുന്ന ഡെങ്കി ഹെമറേജിക് ഫീവർ, രക്തസമ്മര്‍ദ്ദവും നാഡിമിടിപ്പും തകരാറിലാക്കുന്ന ഡെങ്കി ഷോക്ക് സിൻഡ്രോം. പനിയും ശരീരവേദനയുമായി കാണുന്ന ഡെങ്കിപ്പനിക്ക് സാധാരണ രോഗലക്ഷണങ്ങളായതിനാല്‍ പൊതുവെയുള്ള പനിയാണെന്ന് കരുതാന്‍ സാധ്യത കൂടുതലാണ്.
ലോകാരോഗ്യ സംഘടന പരാമര്‍ശിക്കുന്ന ഡെങ്കിപ്പനിയുടെ രോഗലക്ഷണങ്ങള്‍ ഇവയൊക്കെയാണ്- പനി, തലവേദന, കണ്ണിന്‍റെ ചുറ്റും വേദന, സന്ധികളിലും പേശികളിലുമുള്ള വേദന, മനംപുരട്ടലും ഛര്‍ദിയും, തിണർപ്പ്, ക്ഷീണം. പനി മാറി 24-48 മണിക്കൂർ കഴിഞ്ഞാണ് തീവ്ര ഡെങ്കിപ്പനിയുടെ രോഗലക്ഷണങ്ങൾ സാധാരണയായി പ്രകടമാകുകയെന്ന് സെന്‍റേര്‍സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നു. വയറുവേദന, ഛർദി (24 മണിക്കൂറിനുള്ളിൽ 3 തവണയെങ്കിലും) മൂക്കിൽ നിന്നോ മോണയിൽ നിന്നോ രക്തസ്രാവം, രക്തം ഛർദ്ദിക്കുക അല്ലെങ്കില്‍ മലത്തിൽ രക്തം കാണുക, ക്ഷീണം അല്ലെങ്കില്‍ അസ്വസ്ഥത അനുഭവപ്പെടുക എന്നിവയാണ് തീവ്ര ഡെങ്കിപ്പനിയുടെ രോഗലക്ഷണങ്ങള്‍.
ഡെങ്കിപ്പനിയുടെ രോഗലക്ഷണങ്ങളൊന്നും നിസാരമായി കാണരുതെന്ന് ഡോ. രാകേഷ് സിങ് പറയുന്നു. ചികിത്സ തേടാനുള്ള ചെറിയ കാലതാമസം പോലും സ്ഥിതി കൂടുതൽ വഷളാക്കുകയും ചിലപ്പോൾ ജീവൻ അപകടത്തിലാക്കുകയും ചെയ്യും. രോഗലക്ഷണങ്ങളെ ആശ്രയിച്ച് മരുന്നുകൾ, ഓക്‌സിജൻ തെറാപ്പി, ബ്ലെഡ് അല്ലെങ്കിൽ പ്ലേറ്റ്‌ലെറ്റ് ട്രാൻസ്ഫ്യൂഷൻ, ഇൻട്രാവണസ് ഫ്ലൂയിഡ് തുടങ്ങിയവയാണ് ഡെങ്കിപ്പനിക്കെതിരെയുള്ള ചികിത്സാമാര്‍ഗങ്ങള്‍.
പ്രതിരോധ മാര്‍ഗം :കൊതുകുകടി ഒഴിവാക്കുകയാണ് ഡെങ്കിപ്പനിക്കെതിരെയുള്ള പ്രധാന പ്രതിരോധ മാര്‍ഗം. കൊതുക് വളരുന്ന അന്തരീഷം ഇല്ലാതാക്കുകയും പ്രധാനമാണ്. ഇതിനായി പുറത്ത് വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കാതിരിക്കുക, വീടിന് ചുറ്റുമുള്ള ഓടകൾ വൃത്തിയാക്കി മൂടുക, വെള്ളം സംഭരിച്ച് വയ്ക്കുന്ന പാത്രങ്ങള്‍ ശരിയായി മൂടുക, വാട്ടര്‍ കൂളറുണ്ടെങ്കില്‍ അതിലെ വെള്ളം പതിവായി മാറ്റുക, വീടിന് ചുറ്റും പുല്ലുകള്‍ വളര്‍ന്ന് നില്‍ക്കുന്നുണ്ടെങ്കില്‍ അവ വെട്ടിമാറ്റുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാം.
കൊതുകുകടി ഒഴിവാക്കാന്‍ സ്പ്രേ, കോയിൽ, ക്രീം, കൊതുകുവല തുടങ്ങിയവ ഉപയോഗിക്കാം. കൊതുകുകള്‍ വീടിനകത്ത് കയറുന്നതും കടിക്കുന്നതും കൂടുതലും രാവിലെയും വൈകുന്നേരവുമായതിനാല്‍ ഈ സമയങ്ങളിൽ ജനലുകള്‍ അടച്ചിടാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വൈകിട്ട് ശരീരം പൂർണമായും മറയ്ക്കുന്ന വസ്‌ത്രങ്ങൾ ധരിക്കാനും, രാത്രി കിടക്കുന്നതിന് മുന്‍പ് കൊതുകുകടിയേല്‍ക്കാതിരിക്കാന്‍ വിപണിയിൽ ലഭിക്കുന്ന ക്രീമുകള്‍ ഉപയോഗിക്കാനും ശ്രദ്ധിക്കണം.
ഇതിനൊപ്പം പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നത് പ്രധാനമാണ്. ശരീരത്തിൽ ജലാംശം നിലനിർത്തുകയും പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും വേണം. ഒരിയ്ക്കല്‍ ഡെങ്കിപ്പനി വന്നവരില്‍ വീണ്ടും വരാനുള്ള സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണം.