പുറം തോടിന് വിള്ളലേറ്റ ആമയ്‌ക്ക് ശസ്‌ത്രക്രിയ ലഖ്‌നൗ:മനുഷ്യരിലുണ്ടാകുന്ന വിവിധ തരം അസുഖങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും ശസ്‌ത്രക്രിയകള്‍ ചെയ്യുന്നത് പതിവാണ്. എന്നാല്‍ ഒരു ആമയുടെ പുറം തോടില്‍ ശസ്‌ത്രക്രിയയെന്ന് കേട്ടാല്‍ അത്ഭുതം തോന്നുന്നുണ്ടോ? എന്നാല്‍ ഇത് സത്യമാണ്.
ഉത്തര്‍ പ്രദേശിലെ അലിഗഢിലാണ് സംഭവം. അലിഗഢ് സ്വദേശിയായ സുധീര്‍ എന്നയാളുടെ ആമയുടെ പുറം തോടാണ് ശസ്‌ത്രക്രിയയിലൂടെ ശരിയാക്കിയത്. കഴിഞ്ഞ ദിവസമാണ് മൂന്ന് വയസുകാരനായ ടോട്ടോ എന്ന് ഓമന പേരിട്ടിരിക്കുന്ന ആമ ഉയരത്തില്‍ നിന്ന് വീണത്. താഴെ വീണത് കണ്ട വീട്ടിലെ വളര്‍ത്തുനായ അതിനെ അടിച്ചു. വീഴ്‌ചയും ഒപ്പം അടിയും കിട്ടിയതോടെ ടോട്ടോയുടെ പുറം തോടിന് പരിക്കേറ്റു.
പുറം തോടിനേറ്റ വിള്ളല്‍ കാരണം ടോട്ടോയ്‌ക്ക് നടക്കാനാവില്ലെന്ന് മാത്രമല്ല വിള്ളലിലൂടെ രക്ത സ്രാവവും തുടങ്ങി. ഇതോടെ ശാരീരികമായി ടോട്ടോ തളര്‍ന്നു. എന്നാല്‍ പരിക്കേറ്റ ടോട്ടോയെ ചികിത്സിക്കണമെന്ന് സുധീര്‍ തീരുമാനിച്ചു. ടോട്ടോയുമായി സുധീര്‍ അലിഗഢിലെ പ്രശസ്‌ത വെറ്ററിനറി ഡോക്‌ടറായ വിരാം വര്‍ഷ്‌ണിയെ സന്ദര്‍ശിച്ചു.
ടോട്ടോയെ പരിശോധനയ്‌ക്ക് വിധേയനാക്കിയ ഡോക്‌ടര്‍ ഒരു ശസ്‌ത്രക്രിയ നടത്തണമെന്നും അതിലൂടെ മാത്രമാണ് വിള്ളലേറ്റ തോട് ശരിയാക്കാനാകൂവെന്നും പറഞ്ഞു. പുറം തോടിലെ വിള്ളല്‍ ഗുരുതരമാണെന്നും ഡോക്‌ടര്‍ വ്യക്തമാക്കി.
നട്‌സ്, ബോള്‍ട്ട്, വടി എന്നിവ കൊണ്ട് മൃഗങ്ങളില്‍ ശസ്‌ത്രക്രിയ നടത്തുന്ന പ്രശസ്‌തനായ ഡോക്‌ടറാണ് വര്‍ഷ്‌ണി. ആമയ്‌ക്ക് ശസ്‌ത്രക്രിയ നടത്താന്‍ ഡോക്‌ടര്‍ തീരുമാനിച്ചു. ഉന്തിയ പല്ലുകള്‍ കെട്ടാന്‍ ഉപയോഗിക്കുന്നത് പോലെയുള്ള ബ്രേസ് വിദ്യയാണ് ഡോക്‌ടര്‍ ഇവിടെ ഉപയോഗിച്ചത്. ഏകദേശം മൂന്ന് മണിക്കൂര്‍ സമയമെടുത്തു ശസ്‌ത്രക്രിയ പൂര്‍ത്തിയാക്കാനായിട്ട്.
ശസ്‌ത്രക്രിയയിലൂടെ തോടിനേറ്റ വിള്ളല്‍ മൂലമുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഡോക്‌ടര്‍ക്ക് സാധിച്ചു. ഇതാദ്യമായാണ് ആമയില്‍ ഇത്തരമൊരു ശസ്‌ത്രക്രിയ ചെയ്യുന്നതെന്ന് ഡോക്‌ടര്‍ വിരാം വര്‍ഷ്‌ണി പറഞ്ഞു. ആമയുടെ ആന്തരികാവയങ്ങളെ സംരക്ഷിക്കുകയും ശരീരത്തിലെ താപനില നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നത് പുറംതോടാണ്. അതുകൊണ്ടാണ് പുറം തോടിനേറ്റ പരിക്ക് കാരണം ആമ അവശ നിലയിലായതെന്നും ഡോക്‌ടര്‍ വര്‍ഷ്‌ണി പറഞ്ഞു.
നൂതന സാങ്കേതിക വിദ്യയ്‌ക്ക് നന്ദിയെന്നും ഡോക്‌ടര്‍ കൂട്ടിച്ചേര്‍ത്തു. ടോട്ടോ ഇപ്പോള്‍ ആരോഗ്യവാനാണെന്നും സുഖമായി നടക്കാനാവുന്നുണ്ടെന്നും സുധീര്‍ പറഞ്ഞു. ഡോക്‌ടറുടെ വൈദഗ്‌ധ്യത്തെയും നൂതന സാങ്കേതിക വിദ്യയേയും സുധീര്‍ പ്രശംസിച്ചു.
തന്‍റെ ടോട്ടോയെ പൂര്‍ണ ആരോഗ്യത്തോടെ കാണാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും സുധീര്‍ പറഞ്ഞു. വളര്‍ത്ത് മൃഗങ്ങളെ പരിപാലിക്കേണ്ടതിന്‍റെയും അവയ്‌ക്ക് പരിക്കേറ്റാല്‍ ഉടന്‍ വൈദ്യ സഹായം തേടേണ്ടതിന്‍റെയും പ്രാധാന്യമാണ് ഈ സംഭവം എടുത്ത് കാണിക്കുന്നത്.
ആമയുടെ പുറം തോട് നിരവധി ചെറിയ അസ്ഥികള്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. സ്‌ക്യൂട്ടുകള്‍ എന്ന് വിളിക്കുന്ന കെരാറ്റിന്‍ പ്രത്യേക പ്ലേറ്റുകളാല്‍ പൊതിഞ്ഞ രീതിയിലാണ് പുറം തോടുള്ളത്. പരസ്‌പര ബന്ധിതമായി 60 അസ്ഥികള്‍ കൂടി ചേര്‍ന്നതാണ് ഈ പുറം തോട്. വെള്ളത്തിലും കരയിലും ജീവിക്കാന്‍ സാധിക്കുന്ന ഇവയുടെ ശരീര താപ നില നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് പുറം തോട്. മാത്രമല്ല ആക്രമണകാരികളില്‍ നിന്ന് സ്വയം രക്ഷ തേടാനുള്ള മാര്‍ഗം കൂടിയാണ് ആമകള്‍ക്ക് അവയുടെ പുറം തോട്.