ഹൈദരാബാദ് :പൂച്ചകളുടെ ജീവന് ഭീഷണിയാകുന്ന കൊറോണ വൈറസിന്‍റെ പുതിയ വകഭേദത്തെ കണ്ടെത്തി. സൈപ്രസില്‍ ഉത്‌ഭവിച്ച എഫ് കോവ്-23 (F-CoV-23) എന്ന് പേരിട്ടിട്ടുള്ള ഈ വകഭേദം, ബ്രിട്ടനിലെ ഒരു കൂട്ടം ഗവേഷകരാണ് കണ്ടെത്തിയത്. വളർത്തുമൃഗങ്ങൾക്കിടയിൽ, പ്രത്യേകിച്ച് പൂച്ചകൾക്കിടയിൽ മരണത്തിന് കാരണമായേക്കാവുന്ന വകഭേദം, ഇൻഫെക്ഷ്യസ് പെരിടോണിറ്റിസ് എന്ന രോഗത്തിന് കാരണമാകുന്നതായും ഇവര്‍ കണ്ടെത്തി.
ഇതുപ്രകാരം പൂച്ചയുടെ വയറ്റിനുള്ളിലെ ടിഷ്യൂവിന്‍റെ നേര്‍ത്ത പാളിയില്‍ കടുത്ത വീക്കത്തിന് കാരണമായേക്കാം. അതേസമയം നായകളില്‍ മുമ്പ് കണ്ടെത്തിയിരുന്ന കൊറോണ വൈറസിന്‍റെ ജനിതക വിവരങ്ങളില്‍ നിന്നാണ് പൂച്ചകളിലേക്ക് പടരുന്ന രോഗത്തെ കുറിച്ചുള്ള കണ്ടെത്തലുമെത്തുന്നത്. അതേസമയം കേരളത്തില്‍ നിന്നുള്ള ഹെപറ്റോളജിസ്‌റ്റ് ഡോ. സിറിയക് ആബി ഫിലിപ്‌സാണ് പൂച്ചകള്‍ക്ക് ഭീഷണിയായേക്കാവുന്ന രോഗത്തെ കുറിച്ചുള്ള ജാഗ്രതാനിര്‍ദേശവുമായി എക്‌സിലൂടെ ആദ്യമായി രംഗത്തെത്തിയത്.
രോഗവ്യാപനം എങ്ങനെ :രോഗം വ്യാപിച്ച പൂച്ചകളുടെയും നായകളുടെയും വിസര്‍ജ്ജ്യങ്ങളിലൂടെയാണ് പ്രധാനമായും വൈറസ് പകരുന്നത്. ഇത്തരത്തില്‍ സൈപ്രസില്‍ മാത്രം ഏകദേശം 8,000 പൂച്ചകളുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. എന്നാല്‍ ഇത്രയധികം മരണങ്ങള്‍ സംഭവിച്ചത് യുകെയിലെ ശാസ്‌ത്രജ്ഞര്‍ക്കിടയില്‍ ആശങ്കയും സൃഷ്‌ടിച്ചിട്ടുണ്ട്. മാത്രമല്ല രോഗം പിടിപെട്ടതായി സംശയിക്കുന്ന പൂച്ചകളെ കൊവിഡ് പരിശോധനയ്‌ക്ക് ശേഷം ഐസൊലേഷനിലും നിരീക്ഷണത്തിലുമായി സൂക്ഷിച്ചുവരികയാണ്.