കേരളം

kerala

ETV Bharat / sukhibhava

കേരളത്തില്‍ കുതിച്ചുയര്‍ന്ന് കൊവിഡ്; 1912 പുതിയ കേസുകള്‍; ജാഗ്രത നിര്‍ദേശവുമായി ആരോഗ്യ വകുപ്പ് - ഇന്‍ഫ്ലുവന്‍സ

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. കൊവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദേശം. കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടക്കുന്നത് ഇത് രണ്ടാം തവണ.

covid updates in kerala  കേരളത്തില്‍ കുതിച്ചുയര്‍ന്ന് കൊവിഡ്  1912 പുതിയ കേസുകള്‍  ജാഗ്രത നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്  ആരോഗ്യ വകുപ്പ്  കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു  കൊവിഡ് പരിശോധനകള്‍  കേന്ദ്ര ആരോഗ്യ മന്ത്രാലയം  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala  കേരളത്തില്‍ കുതിച്ചുയര്‍ന്ന് കൊവിഡ്
കേരളത്തില്‍ കുതിച്ചുയര്‍ന്ന് കൊവിഡ്

By

Published : Apr 6, 2023, 2:29 PM IST

തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1912 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം ആയിരം കടക്കുന്നത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച 1025 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആക്‌ടീവ് കേസുകളുടെ എണ്ണം 8229 ആയി ഉയര്‍ന്നു. കൊവിഡ് മൂലം എട്ട് പേര്‍ മരിക്കുകയും ചെയ്‌തു. 1404 പേരാണ് സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗ മുക്തരായത്.

കൊവിഡ് കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനത്തിന് നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് ഇപ്പോള്‍ പകരുന്നത് ഒമിക്രോണ്‍ വകഭേദമാണെന്നാണ് നിലവിലെ വിലയിരുത്തല്‍. അതിതീവ്ര വ്യാപന ശേഷിയാണ് ഒമിക്രോണ്‍ വകഭേദത്തിന്‍റെ പ്രത്യേകത. അതിനാല്‍ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ സാമ്പിളുകള്‍ നിലവിലുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ച് എല്ലാ ജില്ലകളില്‍ നിന്നും ഡബ്ല്യുജിഎസ് പരിശോധനയ്ക്ക് അയക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ കൊവിഡ് രോഗികളെ ചികിത്സിക്കാനായി പ്രത്യേകമായി കിടക്കകള്‍ സജ്ജമാക്കണം. ചികിത്സയില്‍ കഴിയുന്ന രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ ചികിത്സ നിഷേധിക്കാതെ അതേ ആശുപത്രിയില്‍ തന്നെ ചികിത്സ ഉറപ്പ് വരുത്തണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ഈസ്റ്റര്‍ ആഘോഷങ്ങള്‍ കൂടി കഴിയുന്നതോടെ രോഗികളുടെ എണ്ണത്തില്‍ ഇനിയും വര്‍ധനവ് ഉണ്ടാകാനാണ് സാധ്യത.

സംസ്ഥാനത്ത് കൊവിഡിനൊപ്പം പകര്‍ച്ച പനിയും:പകര്‍ച്ച പനി ബാധിതരുടെ എണ്ണവും സംസ്ഥാനത്ത് വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ട്. പനി ബാധിച്ച് ആശുപത്രിയിലെത്തുന്നവരില്‍ കൊവിഡ് ലക്ഷണങ്ങള്‍ പ്രകടമായാല്‍ കൊവിഡ് പരിശോധനയ്‌ക്ക് വിധേയമാക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് പനി ബാധിച്ച് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10000ത്തിന് അടുത്താണ്. തിങ്കളാഴ്‌ച 9240 പേരും ചൊവ്വാഴ്‌ച 9396 പേരും വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്.

മറ്റ് സംസ്ഥാനങ്ങളിലും കൊവിഡ് നിരക്ക് ഉയരുന്നു:കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 5335 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ഭൂരിഭാഗവും കേരളത്തിലാണെന്നത് ആശങ്കയ്‌ക്ക് ഇടയാക്കുന്നുണ്ട്. കേരളം കഴിഞ്ഞാല്‍ കൊവിഡ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ള സംസ്ഥാനമാണ് മഹാരാഷ്‌ട്ര.

24 മണിക്കൂറിനിടെ 569 പേര്‍ക്കാണ് മഹാരാഷ്‌ട്രയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. 3874 ആക്‌ടീവ് കേസുകളാണ് മഹാരാഷ്ട്രയിലുള്ളത്. ഡല്‍ഹിയിലും കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. കൊവിഡ് അടക്കമുള്ള പകര്‍ച്ച വ്യാധികളെ പ്രതിരോധിക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുറത്ത് വിട്ടു.

ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച ജാഗ്രത നിര്‍ദേശങ്ങള്‍:

  1. പ്രമേഹം, രക്താതിമര്‍ദം, കാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗം, ശ്വാസകോശ രോഗമുള്ളവര്‍ തുടങ്ങി മറ്റ് അസുഖങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍ എന്നിവര്‍ പൊതു സ്ഥലങ്ങളിലും ആശുപത്രികളിലും നിര്‍ബന്ധമായും മാസ്‌ക് ധരിക്കേണ്ടതാണ്.
  2. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍, പ്രമേഹം, രക്താതിമര്‍ദ്ദം, കാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങി മറ്റു അസുഖമുള്ളവര്‍ എന്നിവര്‍ക്ക് കൊവിഡ് ഇന്‍ഫ്ളുവന്‍സ രോഗലക്ഷണമുണ്ടെങ്കില്‍ നിര്‍ബന്ധമായും ആര്‍ടിപിസിആര്‍ പരിശോധന നടത്തുകയും മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ചികിത്സ ലഭ്യമാക്കുകയും വേണം.
  3. ആശുപത്രിയില്‍ എത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം.
  4. ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ബന്ധമായും ആശുപത്രിയ്ക്കുള്ളില്‍ മാസ്‌ക് ധരിക്കേണ്ടതാണ്. ഇത് മുഴുവന്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍മാരും ഉറപ്പ് വരുത്തേണ്ടതാണ്.
  5. ഇന്‍ഫ്ളുവന്‍സ രോഗലക്ഷണങ്ങളുള്ള ഗര്‍ഭിണികളെ കണ്ടെത്തുവാന്‍ ആശ പ്രവര്‍ത്തകര്‍, ഫീല്‍ഡ് ജീവനക്കാര്‍ മുഖേന പ്രവര്‍ത്തനം ശക്തിപ്പെടുത്തേണ്ടതാണ്. ഗര്‍ഭിണികള്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കൊവിഡ് പരിശോധന നടത്തേണ്ടതാണ്.
  6. കൊവിഡ് വാക്‌സിന്‍ രണ്ട് ഡോസും മുന്‍കരുതല്‍ ഡോസും എടുക്കുന്നതിന്‍റെ ആവശ്യകതയെപ്പറ്റി അവബോധം നടത്തണം.
  7. പ്രമേഹം, രക്തസമ്മര്‍ദം മുതലായ ജീവിതശൈലി രോഗങ്ങളുള്ളവരും മറ്റ് ഗുരുതര രോഗങ്ങളുള്ളവരും 60 വയസിന് മുകളില്‍ പ്രായമുള്ളവരും ഗര്‍ഭിണികളും കുട്ടികളും അമിത വണ്ണമുള്ളവരും കൊവിഡ് രോഗം വരാതിരിക്കുന്നതിനുള്ള പ്രത്യേകമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ഇവര്‍ക്ക് കൊവിഡ് രോഗ ലക്ഷണമുണ്ടെങ്കില്‍ അടിയന്തര ചികിത്സ തേടേണ്ടതാണ്. വീട്ടിലുള്ള കിടപ്പ് രോഗികള്‍ക്കും സാന്ത്വന പരിചരണത്തിലുള്ള രോഗികള്‍ക്കും കൊവിഡ് വരാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
  8. മേല്‍പ്പറഞ്ഞ പ്രകാരമുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍/ സ്വകാര്യ ആശുപത്രികളില്‍ ഒരുക്കുന്നുണ്ടെന്നും രോഗികള്‍ക്ക് ചികിത്സ ലഭ്യമാകുന്നുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ ഉറപ്പ് വരുത്തേണ്ടതാണ്.

ABOUT THE AUTHOR

...view details