കേരളം

kerala

ETV Bharat / sukhibhava

ഇന്ത്യയുടെ തിരിച്ചു വരവ്: വെല്ലുവിളികളും മുന്നോട്ടുള്ള വഴികളും - കവിഡിൽ തകർന്ന ഇന്ത്യ

സമ്പദ് വ്യവസ്ഥയിലെ ഉപഭോഗ ആവശ്യകത പുനരുജ്ജീവിപ്പിക്കുക എന്നുള്ളതാണ് നമുക്ക് മുന്നിലുള്ള ആദ്യത്തേയും ഏറ്റവും പ്രധാനപ്പെട്ടതുമായ വെല്ലുവിളി. ആവശ്യം കുറയുന്നത് ഉല്‍പ്പാദനം കുറയുന്നതിനു കാരണമാവുകയും അതുവഴി അത് തൊഴിലില്ലായ്മ സൃഷ്ടിക്കുകയും ചെയ്യും. മിക്കവാറും എല്ലാ സംസ്ഥാനങ്ങളും കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിലാണെന്നതിനാല്‍ ആവശ്യം കുറയുന്ന പ്രവണത വര്‍ദ്ധിക്കുവാനാണ് പോകുന്നത്

 Indian economy during covid Lack of jobs in india Poverty in india കവിഡിൽ തകർന്ന ഇന്ത്യ ഇന്ത്യയുടെ സമ്പത് വ്യവസ്ഥ
ഇന്ത്യയുടെ തിരിച്ചു വരവ്: വെല്ലുവിളികളും

By

Published : May 13, 2021, 10:00 PM IST

ഡോക്ടര്‍ മഹേന്ദ്ര ബാബു കുറുവ എഴുതുന്നു…….

കഴിഞ്ഞ വര്‍ഷം കൊവിഡിന്‍റെ ആദ്യ തരംഗം ഇന്ത്യയെ പിടിമുറുക്കിയപ്പോള്‍ ജീവനും ജീവിതോപാധികളുമൊക്കെയായി വലിയ നഷ്ടമാണ് രാജ്യം ഏറ്റുവാങ്ങേണ്ടി വന്നത്. മാത്രമല്ല, തൊഴിലും ഉല്‍പ്പാദനക്ഷമതയുമെല്ലാം പുതിയ ഏറ്റവും കുറഞ്ഞ തലത്തിലേക്ക് താഴുകയും ചെയ്തു. വൈറസ് ബാധ കുതിച്ചുയര്‍ന്നതോടെ ഏര്‍പ്പെടുത്തിയ ദേശീയ ലോക്ക്ഡൗണായിരുന്നു അതിനു കാരണമായത്. രാജ്യം നേരിടുന്ന സാമ്പത്തിക പ്രയാസങ്ങള്‍ കുറയ്ക്കുക എന്നത് ലക്ഷ്യമിട്ടുകൊണ്ട് 2020 മെയ് 13-ന് ഇന്ത്യയിലെ ഭരണകൂടം ആത്മ നിര്‍ഭര്‍ പാക്കേജുമായി മുന്നോട്ട് വന്നു. 20 ലക്ഷം കോടി രൂപയുടെ പാക്കേജായിരുന്നു അത്. ബാങ്കിങ്ങ് വ്യവസ്ഥയില്‍ ആവശ്യത്തിന് പണം ലഭ്യമാക്കുന്നതിനു വേണ്ടി ലിക്വിഡിറ്റി ഉറപ്പാക്കുന്ന നടപടികളും, എം എസ് എം ഇ മുതല്‍ തെരുവ് കച്ചവടക്കാര്‍ വരെയുള്ള വ്യത്യസ്ത തരത്തിലുള്ള ആവശ്യക്കാര്‍ക്ക് ബാങ്കുകള്‍ നല്‍കുന്ന വായ്പകള്‍ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി ലഭ്യമാക്കുന്നതിനു വേണ്ട നടപടികളുടെയും ഒരു സമന്വയമാണ് കൊണ്ടു വന്നത്. അതേസമയം തന്നെ കൃഷി, വ്യവസായം എന്നിവയുമായി ബന്ധപ്പെട്ട നിർണായക പരിഷ്‌കാരങ്ങളും, ബിസിനസ് അന്തരീക്ഷം എളുപ്പമാക്കലും കൊണ്ടു വന്നു. അതോടൊപ്പം തന്നെ കാര്‍ഷിക അടിസ്ഥാന സൗകര്യ മേഖലകളില്‍ ശ്രദ്ധയൂന്നുന്നതിനുള്ള നടപടികളും ഉണ്ടായി. ഇതിനു പുറമേയാണ് പൊതു മേഖലാ സംരംഭങ്ങളില്‍ സ്വകാര്യ മേഖലക്ക് പ്രവേശനം നല്‍കുന്നത് കൂടുതല്‍ എളുപ്പമുള്ള കാര്യമാക്കി മാറ്റിയതും.

ഫലം കാണാത്ത ആദ്യ പാക്കേജ്

തുടക്ക ഘട്ടങ്ങളില്‍ കണ്ടുവന്ന പുനരുജ്ജീവന സൂചനകള്‍ താമസിയാതെ അപ്രത്യക്ഷമായി. മേല്‍ പറഞ്ഞ പാക്കേജിന്‍റെ ഗുണഫലങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങുന്നതിനു മുന്‍പ് തന്നെ ഇത് സംഭവിച്ചു. അതോടൊപ്പം വളരെയധികം കൂടുതല്‍ ഉയര്‍ന്ന തോതില്‍ കൊവിഡിന്‍റെ രണ്ടാം തരംഗം രാജ്യത്തിനു മേല്‍ ആഞ്ഞടിച്ചു. വന്‍ തോതില്‍ മരണങ്ങളും അസാധാരണമാം വിധം രോഗ വ്യാപനവും രാജ്യം മുഴുവന്‍ ഉണ്ടായി. 1952-നു ശേഷമുള്ള ഏറ്റവും വലിയ ഒരു ഇടിവ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നേരിട്ടു. അതേ സമയം ലോകത്താകമാനമുള്ള വിദഗ്ധര്‍ നിലവിലുള്ള സാമ്പത്തിക വര്‍ഷത്തെ പ്രവചനങ്ങള്‍ പതുക്കെ വെട്ടി കുറയ്ക്കുവാന്‍ തുടങ്ങി. എസ് ആൻഡ് പി ഗ്ലോബര്‍ റേറ്റിങ്ങ്‌സ് തങ്ങളുടെ പ്രവചനം മുമ്പത്തെ 11 ശതമാനത്തില്‍ നിന്നും 9.8 ശതമാനത്തിലേക്ക് കുറച്ചപ്പോള്‍, ഫിച്ച് സൊലൂഷന്‍സ് 9.5 ശതമാനം കണ്ട് സമ്പദ് വ്യവസ്ഥ വിശാലമാകുന്നു എന്നു പ്രവചിച്ചു. വര്‍ദ്ധിച്ചു വരുന്ന തൊഴിലില്ലായ്മ മൂലമാണ് ഈ കുറഞ്ഞ പ്രവചനങ്ങള്‍ ഉണ്ടായത്. അതോടൊപ്പം സമ്പദ് വ്യവസ്ഥയില്‍ സമ്പാദ്യങ്ങള്‍ വല്ലാതെ കുറഞ്ഞു എന്നുള്ളതും പ്രധാനമാണ്. കൊവിഡിന്‍റെ രണ്ടാം തരംഗത്തില്‍ നമ്മൾ ഭയപ്പെട്ടതിനേക്കാള്‍ കൂടുതല്‍ ആണ് ഇപ്പോൾ സംഭവിക്കുന്നത്. അതോടൊപ്പം തന്നെ മഹാമാരിയുടെ ഒരു മൂന്നാം തരംഗവും രാജ്യത്ത് ആഞ്ഞടിക്കുവാനുള്ള സാധ്യതയുണ്ട്. അതിനാല്‍ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കടുത്ത സമയങ്ങളിലൂടെയാണ് നമ്മള്‍ ഇപ്പോള്‍ കടന്നു പോകുന്നത്. കൃത്യം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഒരു വര്‍ഷം മുന്‍പുണ്ടായിരുന്ന അതേ അവസ്ഥയിലേക്ക് നമ്മള്‍ തിരിച്ചെത്തി. രോഗ വ്യാപന തോത് കുറയുന്നതോടു കൂടി സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുവാന്‍ മറ്റൊരു “പാക്കേജ്” കൂടി വേണമെന്ന ആവശ്യം ഉയരാന്‍ പോവുകയാണ്.

ഈ പശ്ചാത്തലത്തിലാണ് “ആത്മ നിര്‍ഭര്‍ ഭാരത്” എന്ന നമ്മുടെ ആശയം ഒരു പുനര്‍വിചിന്തനത്തിന് വിധേയമാക്കേണ്ടി വരുന്നത്. രാജ്യം കൂടുതല്‍ വലിയ വെല്ലുവിളികള്‍ നേരിട്ടു കൊണ്ടിരിക്കവെ ഏറ്റവും വേഗത്തില്‍ ആ പ്രശ്‌നങ്ങളാണ് പരിഹരിക്കേണ്ടതായിട്ടുള്ളത്. ആത്മ നിര്‍ഭര്‍ പാക്കേജിന്‍റെ കാര്യമെടുക്കുമ്പോള്‍ അത് കൂടുതലും ശ്രദ്ധയൂന്നുന്നത് വായ്പകള്‍ വാഗ്ദാനം ചെയ്യുന്നതിലാണ് എന്ന് വരുന്നു. ആവശ്യക്കാരുടെ നിര്‍ദ്ദിഷ്ട ചെലവുകള്‍ക്ക് മേല്‍ സബ്‌സിഡികളുടെ രൂപത്തില്‍ നേരിട്ട് പിന്തുണ നല്‍കുകയല്ല അത് ചെയ്യുന്നത്. ബിസിനസ് നന്നായി വളര്‍ന്ന് വികസിക്കുമെന്നും അല്ലെങ്കിൽ വായ്പകള്‍ക്ക് മേലുള്ള പലിശയോളമോ അല്ലെങ്കില്‍ അതിനേക്കാൾ കൂടുതലോ വരുമാനം അതില്‍ നിന്നും ലഭിക്കുമെന്നുള്ള പ്രതീക്ഷ ഉണ്ടാകുമ്പോഴാണ് സാധാരണഗതിയില്‍ ബിസിനസ്സുകാര്‍ വായ്പയെടുക്കുവാന്‍ തയ്യാറാകുന്നത് എന്ന് ഈ പശ്ചാത്തലത്തില്‍ നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. എന്നാല്‍ സമ്പദ് വ്യവസ്ഥക്ക് മേല്‍ അനിശ്ചിതാവസ്ഥ കരിനിഴല്‍ വീഴ്ത്തി നില്‍ക്കുമ്പോള്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉപഭോഗം ചെയ്യുന്നത് കുറഞ്ഞു കൊണ്ടിരിക്കും. ഇത്തരമൊരു സ്ഥിതി വിശേഷത്തില്‍ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുവാന്‍ മറ്റൊരു പാക്കേജ് കൊണ്ടു വരുവാന്‍ ആലോചിക്കുമ്പോള്‍ നമ്മള്‍ നേരിടുന്ന വെല്ലുവിളികളെ കൃത്യമായി കണ്ടെത്തി അതിനനുസൃതമായി നയങ്ങള്‍ രൂപീകരിക്കേണ്ടത് ആവശ്യമാണ്.

Also read: കൊവിഡിൽ തകർന്ന ലോക സമ്പത്ത് വ്യവസ്ഥ നേരിട്ടത് മഹാമാന്ദ്യത്തിന് സമാനമായ സാഹചര്യം; ഡബ്ല്യുഇഎഫ്

വെല്ലുവിളികള്‍

സമ്പദ് വ്യവസ്ഥയിലെ ഉപഭോഗ ആവശ്യകത പുനരുജ്ജീവിപ്പിക്കുക എന്നുള്ളതാണ് നമുക്ക് മുന്നിലുള്ള ആദ്യത്തേയും ഏറ്റവും പ്രധാനപ്പെട്ടതുമായ വെല്ലുവിളി. ആവശ്യം കുറയുന്നത് ഉല്‍പ്പാദനം കുറയുന്നതിനു കാരണമാവുകയും അതുവഴി അത് തൊഴിലില്ലായ്മ സൃഷ്ടിക്കുകയും ചെയ്യും. മിക്കവാറും എല്ലാ സംസ്ഥാനങ്ങളും കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിലാണെന്നതിനാല്‍ ആവശ്യം കുറയുന്ന പ്രവണത വര്‍ദ്ധിക്കുവാനാണ് പോകുന്നത്. അതിനര്‍ത്ഥം ഉല്‍പ്പാദനം വന്‍ തോതില്‍ കുറയുകയും തൊഴിലില്ലായ്മ വര്‍ദ്ധിക്കലുമാണ്. രണ്ടാമത്തെ വെല്ലുവിളി കൊവിഡ് രണ്ടാം തരംഗത്തോടു കൂടി കൂടുതല്‍ ആഴമുള്ളതും വ്യാപകമായതുമായി മാറുവാന്‍ പോകുന്ന വരുമാന അസമത്വങ്ങള്‍ കൈകാര്യം ചെയ്യുക എന്നുള്ളതാണ്. മഹാമാരിയുമായി താദാത്മ്യം പ്രാപിക്കുവാനുള്ള കഴിവും അത് സൃഷ്ടിക്കുന്ന വരുമാന പ്രത്യാഘാതങ്ങളുമെല്ലാം സമൂഹത്തിലെ വ്യത്യസ്തമായ വിഭാഗങ്ങളില്‍ വ്യത്യസ്തമായ തോതിലായിരിക്കും എന്നതിനാല്‍ അസമത്വം വര്‍ദ്ധിക്കുവാന്‍ തന്നെയാണ് പോകുന്നത്. തൊഴിലാളി വര്‍ഗ്ഗത്തിന്റെ തൊഴിലുകള്‍ നഷ്ടപ്പെടുമ്പോള്‍ അവരുടെ സമ്പാദ്യങ്ങളും കുറഞ്ഞു കൊണ്ടിരിക്കും. അതേസമയം ഏതാനും കോര്‍പ്പറേറ്റുകള്‍ കൂടുതല്‍ സമ്പന്നരായി മാറുകയും ചെയ്യുന്നു. ആദ്യ തരംഗ സമയത്തും അതിനു ശേഷവും നമ്മള്‍ ഇത് കണ്ടു കഴിഞ്ഞു. രണ്ടാം തരംഗം മാഞ്ഞു കഴിയുമ്പോള്‍ ഇക്കാര്യം തന്നെ ആവര്‍ത്തിക്കുന്നത് കാണാന്‍ കഴിയും. മൂന്നാമത്തെ വെല്ലുവിളി ഗ്രാമീണ വേതനങ്ങളില്‍ ഉണ്ടാകുന്ന നിശ്ചലാവസ്ഥയും ഗ്രാമീണ മേഖലയില്‍ ഉണ്ടാകാന്‍ പോകുന്ന ആവശ്യക്കുറവുമാണ്. ഇന്ത്യയുടെ വ്യവസായ വളര്‍ച്ചക്ക്, പ്രത്യേകിച്ച് എം എസ് എം ഇകളുടെ വളര്‍ച്ചക്ക് ഇത് നിര്‍ണ്ണായകമാണ്. കൃഷിയും എം എസ് എം ഇ മേഖലയും ചേര്‍ന്ന് രാജ്യത്തെ ഏതാണ്ട് 80 ശതമാനത്തോളം തൊഴിലും നല്‍കുന്നു എന്നുള്ള വസ്തുത വെച്ചു നോക്കുമ്പോള്‍ സമ്പദ് വ്യവസ്ഥ തിരിച്ചു വരുന്നതിന് ഏറെ നിര്‍ണ്ണായകമാണ് ഈ രണ്ട് മേഖലകളുടേയും പുനരുജ്ജീവനം.

Also read: 2022ൽ ഇന്ത്യയുടെ ജിഡിപിയിൽ 11 ശതമാനം വർധനവുണ്ടാകുമെന്ന് എഡിബി

മുന്നോട്ടുള്ള വഴി

ഉപഭോഗ ആവശ്യം പുനരുജ്ജീവിപ്പിക്കുവാന്‍ ഒരു പടുകൂറ്റന്‍ സാമ്പത്തിക ഉത്തേജകം (വായ്പകളല്ല) എന്ന നയം സ്വീകരിക്കുകയാണ് നമ്മെ സംബന്ധിച്ചിടത്തോളം മെച്ചപ്പെട്ട ഫലങ്ങള്‍ ലഭിക്കുവാന്‍ നല്ലത്. പൊതു ജനങ്ങള്‍ കൂടുതല്‍ പണം ചെലവഴിക്കാന്‍ തുടങ്ങുമ്പോള്‍ അത് തൊഴിലില്ലാത്തവര്‍ക്ക് തൊഴില്‍ ലഭ്യമാക്കും. കര്‍ഷകര്‍ക്ക് കാർഷിക അവശ്യങ്ങൾക്കുള്ള ഇളവുകള്‍ ലഭ്യമാക്കും. അതോടൊപ്പം തന്നെ, ചെറുകിട ചില്ലറ വ്യാപാരങ്ങള്‍ക്കും എം എസ് എം ഇകള്‍ക്കും ആവശ്യമായ നിശ്ചിത ചെലവിന്‍റെ ഒരു ഭാഗം എന്ന രീതിയില്‍ സാമ്പത്തിക ആനുകൂല്യങ്ങളും മറ്റും നല്‍കുന്നതും ഈ ഉത്തേജക പാക്കേജിന്‍റെ ഭാഗമാക്കി മാറ്റാവുന്നതാണ്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലും കാര്‍ഷിക മേഖലയിലും വന്‍ തോതില്‍ വകയിരുത്തലുകള്‍ കൊണ്ടു വരേണ്ട ആവശ്യവുമുണ്ട്. അത് തീര്‍ച്ചയായും ഗ്രാമീണ മേഖലയിലെ ആവശ്യകത വര്‍ദ്ധിപ്പിക്കും. അത് സ്വാഭാവികമായും ആവശ്യകത വളര്‍ച്ചയെ ത്വരിതപ്പെടുത്തും. ഈ സ്ഥിതി വിശേഷത്തില്‍ വളരെയധികം ആവശ്യമായ ഒരു കാര്യമാണത്. വരുമാന അസമത്വങ്ങള്‍ കുറയ്ക്കുന്നതിന്‍റെ ഭാഗമായി ഒരു നിശ്ചിത കാലയളവിലേക്കെങ്കിലും നിലവിലുള്ള തൊഴിലാളികള്‍ക്കും പുതുതായി തെരഞ്ഞെടുക്കാന്‍ പോകുന്ന തൊഴിലാളികള്‍ക്കും ശമ്പളം നല്‍കുന്നതിനു വേണ്ടി തൊഴില്‍ ദായകര്‍ക്ക് ശമ്പള സബ്‌സിഡികള്‍ നല്‍കുന്ന ഒരു നയവും പരിഗണിക്കാവുന്നതാണ്. അത്തരം ഒരു നീക്കം തൊഴിലുകള്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കി മഹാമാരി കാലത്ത് തൊഴില്‍ പടയ്ക്ക് സുസ്ഥിരമായ വരുമാനം ഉറപ്പാക്കും. അത് ഉയര്‍ന്നു കൊണ്ടിരിക്കുന്ന വരുമാന അസമത്വങ്ങളെ തടയുകയും ചെയ്യും.

അതേ സമയം തന്നെ പാവപ്പെട്ടവര്‍ക്കും പ്രയാസങ്ങള്‍ നേരിടുന്നവര്‍ക്കും പണം നേരിട്ട് കൈമാറുന്നത് വര്‍ദ്ധിപ്പിക്കേണ്ട ആവശ്യവുമുണ്ട്. തങ്ങളുടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് വേണ്ടി സ്വന്തം വരുമാനത്തിലെ പരമാവധി പങ്കും അവര്‍ ചെലവിടാന്‍ തുടങ്ങുമ്പോള്‍ അത് ഉപഭോക്തൃ ആവശ്യകത മെച്ചപ്പെടുത്തും. ഇത് കൃഷി, എം എസ് എം ഇ മേഖലകളെ ഒരുപോലെ പുനരുജ്ജീവിപ്പിക്കും. അപ്പോള്‍ വരുമാനം ലഭ്യമാകാന്‍ തുടങ്ങുകയും ഉപഭോഗം അതുവഴി വര്‍ദ്ധിക്കുവാന്‍ ഇടയാകുകയും ചെയ്യും. അതിനാല്‍ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിക്കുവാന്‍ സഹായിക്കുമ്പോള്‍ ഈ മേഖലകളെ സാമ്പത്തിക നടപടികളിലൂടെ സഹായിക്കുക എന്നുള്ള ലക്ഷ്യമാണ് നമുക്ക് മുന്നിലുള്ളത്. ധനക്കമ്മി എന്നുള്ള പ്രശ്‌നം തീര്‍ച്ചയായും ഇവിടെ ഉയര്‍ന്നു വരും. പക്ഷെ അതൊന്നും ഭൂരിഭാഗം ഇന്ത്യക്കാരുടേയും ജീവനും ജീവിതോപാധിക്കും മുകളിലായി നില്‍ക്കുന്ന കാര്യങ്ങളാകുന്നില്ല. രാജ്യത്തിന് ഇപ്പോള്‍ ആവശ്യം പിടിച്ചു കയറാന്‍ ഒരു കച്ചിതുരുമ്പാണ്. അതില്‍ പിടിച്ചു കയറി കഴിഞ്ഞാല്‍ പിന്നീട് അത് സ്വയം പര്യാപ്തമായി മാറി വീണ്ടും കുതിച്ചുയര്‍ന്നു കൊള്ളും.

ഉത്തരാഖണ്ഡിലെ ശ്രീനഗര്‍ ഗഡ്വാളിലുള്ള എച്ച് എന്‍ ബി ഗഡ്വാള്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ ബിസിനസ് മാനേജ്‌മെന്‍റ് വകുപ്പില്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍ ആണ് ലേഖകന്‍.

ABOUT THE AUTHOR

...view details